വി.വി.രാജേഷിനെ തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് നയിച്ചത് പരിചയ സമ്പന്നരായ രാഷ്ട്രീയക്കാര്‍ നേതൃത്വം നല്‍കിയാല്‍ മതിയെന്ന കേന്ദ്രനേതൃത്വത്തിന്‍റെയും ആര്‍.എസ്.എസിന്‍റെയും നിലപാട്. ശ്രീലേഖയ്ക്കെതിരെ വി.മുരളീധര പക്ഷം കടുത്ത നിലപാടെടുത്തതും രാജീവ് ചന്ദ്രശേഖര്‍ വിട്ടുവീഴ്ചയ്ക്ക് തയാറായതും അവസാനനിമിഷത്തെ ട്വിസ്റ്റിന് കാരണമായി. ശ്രീലേഖയെ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.
Also Read: അവസാനം ട്വിസ്റ്റ്; ബിജെപിയുടെ ഓഫർ നിരസിച്ച് ആർ ശ്രീലേഖ, വി.വി രാജേഷ് നഗര പിതാവാകും
ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഇന്നലെ ഡല്‍ഹിക്ക് പറക്കുമ്പോള്‍ രാജീവ് ചന്ദ്രശേഖറുടെ മനസില്‍ രണ്ട് പേരുകളായിരുന്നു. ആര്‍.ശ്രീലേഖയും വി.വി.രാജേഷും. സംസ്ഥാന നേതൃത്വത്തിലുള്ള ചിലര്‍ രാജേഷിനെ വെട്ടാന്‍ ശ്രീലേഖയ്ക്ക് വേണ്ടി വാദിച്ചതോടെ ഒന്നാം പേര് ശ്രീലേഖയുടേതായി. ദേശീയ നേതൃത്വത്തിന്‍റെ അനുമതിയോടെ ശ്രീലേഖയുടെ പേര് പ്രഖ്യാപിക്കാമെന്നായിരുന്നു രാവിലെ 11 മണിവരെയുള്ള പ്രതീക്ഷ. എന്നാല്‍ പിന്നീടുണ്ടായത് അപ്രതീക്ഷിത ട്വിസ്റ്റ് . ശ്രീലേഖയുടെ പേര് അവതരിപ്പിച്ചതോടെ 2020ല്‍ പാലക്കാടും പന്തളത്തും പരിചയ സമ്പന്നരല്ലാത്തവരെ ഭരണചുമതലയേല്‍പ്പിച്ചതുമൂലമുണ്ടായ തിരിച്ചടി കേന്ദ്രനേതൃത്വം ചൂണ്ടിക്കാട്ടി. അതിനാല്‍ ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത തിരുവനന്തപുരത്ത് ശ്രീലേഖയേക്കാള്‍ മികച്ചത് രാഷ്ട്രീയ പരിചയമുള്ള രാജേഷാണെന്ന് നിര്‍ദേശിച്ചു.
ഇതിനിടെ രാജേഷിനെ വെട്ടി ശ്രീലേഖയെ മേയറാക്കുമെന്ന വാര്‍ത്തകള്‍ പരന്നതോടെ വി.മുരളീധരന്‍റെയും കെ.സുരേന്ദ്രന്‍റെയും നേതൃത്വത്തിലെ സംഘം കേന്ദ്രനേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് തുടങ്ങിയിരുന്നു. ആര്‍.എസ്.എസും രാജേഷിനെ പിന്തുണച്ചു. രാജേഷിനോടും ശ്രീലേഖയോടും തുടക്കം മുതല്‍ ഒരേ സമീപനം പുലര്‍ത്തിയിരുന്ന രാജീവ് ചന്ദ്രശേഖറും എതിര്‍ക്കാന്‍ നിന്നില്ല. അതോടെ മേയര്‍ ചര്‍ച്ചയില്‍ നിന്ന് ശ്രീലേഖ ഔട്ട്.
മേയറെന്ന വാഗ്ദാനത്തോടെ മല്‍സരത്തിനിറക്കിയ ശ്രീലേഖയെ കൗണ്‍സിലറാക്കി ഒതുക്കേണ്ടിവന്നത് സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയാണ്. രാജേഷിന് വേണ്ടി വാദിച്ച വി.മുരളീധരപക്ഷത്തിന്‍റെ വിജയവും. എന്നാല്‍ ശ്രീലേഖയ്ക്ക് മുന്നില്‍ രണ്ട് ഓഫറുകളാണുള്ളത്. ഒന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനം. അത് നടന്നില്ലങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സീറ്റ്.
നഗരപിതാവാകാനുള്ള നിയോഗം വി.വി.രാജേഷിന്
വി.വി. രാജേഷ് തിരുവനന്തപുരം കോർപ്പറേഷൻ മേയറാകും. ബിജെപിയുടെ മേയർ സ്ഥാനാർഥിയായി രാജേഷിനെയും ഡെപ്യൂട്ട മേയർ സ്ഥാനാർഥിയായി ജി.എസ്. ആശാനാഥിനെയും സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു. അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ട ആർ ശ്രീലേഖയെ അനുനയിപ്പിച്ചാണ് പ്രഖ്യാപനം. ഡെപ്യൂട്ടി മേയർ സ്ഥാനം ഓഫർ ചെയ്തെങ്കിലും ഏറ്റെടുക്കാൻ ശ്രീലേഖ തയാറായില്ല.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ പുതുചരിത്രം എഴുതാനുള്ള നിയോഗമാണ് വി.വി. രാജേഷിന്. 101 അംഗ കോർപ്പറേഷനിൽ 50 കൗൺസിലർ മാരുള്ള ബിജെപി സ്വതന്ത്ര പിന്തുണ കൂടി ഉറപ്പിച്ചതോടെ തെരഞ്ഞെടുപ്പ് അനായാസമായി. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ, ബിജെപി തിരുവനന്തപുരം മുൻ ജില്ലാ അധ്യക്ഷൻ, നിലവിൽ സംസ്ഥാന സെക്രട്ടറി, കഴിഞ്ഞ കൗൺസിലിൽ അംഗമായി പ്രതിപക്ഷത്തെ നയിച്ച വ്യക്തി തുടങ്ങിയവയാണ് ആർ ശ്രീലേഖ എന്ന ബിജെപി സൂപ്പർതാരത്തെ മറികടക്കാൻ രാജേഷിന് തുണയായത്. തിരുവനന്തപുരത്ത് രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളിൽ ഒന്നാക്കുകയാണ് ലക്ഷ്യം എന്ന് രാജേഷ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വരവ് വെറുതെയായിരിക്കില്ലെന്ന് സൂചിപ്പിച്ചു.
കൗൺസിലിലേക്ക് ഹാട്രിക് വിജയം ഉറപ്പിച്ച ജി എസ് ആശാനാഥ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. രസതന്ത്രം പഠിച്ച് വിവിധ പി എസ് സി ലിസ്റ്റുകളിൽ ഇടം പിടിച്ചിരിക്കെ രാഷ്ട്രീയത്തിലേക്ക് ചുവട് മാറിയ ആശാനാഥും മനസ്സിലുള്ള പദ്ധതികളെക്കുറിച്ച് മനസ്സ് തുറന്നു.
പാലക്കാട്ടും പന്തളത്തും സംഭവിച്ച പാകപ്പിഴ തിരുവനന്തപുരത്ത് ആവർത്തിക്കാതിരിക്കാൻ ദേശീയ നേതൃത്വത്തിന്റെ കണ്ണുകൾ തലസ്ഥാനത്തിന് മുകളിൽ ഉണ്ടാകും. ആ നിരീക്ഷണത്തിൽ ആയിരിക്കും ടീം വി.വി രാജേഷിന്റെ യാത്ര.