തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് വി.വി.രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. രാവിലെ വി.വി.രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കുന്നതിനായി പഴ്സനല്‍ അസിസ്റ്റന്‍റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്തില്ലാത്തതിനാല്‍ പിന്നീട് കണക്ട് ചെയ്യാമെന്ന് പിഎ അറിയിക്കുകയായിരുന്നുവെന്നും ഇതിന് ശേഷം പിഎ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്തുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. താന്‍ മേയറായി തിരഞ്ഞെടുക്കപ്പെടാന്‍ പോവുകയാണെന്നും അതിന് ശേഷം നേരിട്ട് കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞുവെന്നും അപ്പോള്‍ , ' ആവട്ടെ, അഭിനന്ദനങ്ങള്‍' എന്ന് മുഖ്യമന്ത്രി പ്രതികരിച്ചുവെന്നുമാണ് കുറിപ്പില്‍ പറയുന്നത്. എന്നാല്‍ പിന്നീട്, 'വി.വി.രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസ അറിയിച്ചു'വെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചുവെന്നും ഇത് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു.
സംസ്ഥാനത്ത് ബിജെപി ആദ്യമായാണ് കോര്‍പറേഷന്‍ ഭരണം പിടിക്കുന്നത്. 51 പേരുടെ പിന്തുണ നേടായാണ് വി.വി.രാജേഷ് മേയറായി ചുമതലയേറ്റത്. സംസ്ഥാന അധ്യക്ഷനുള്‍പ്പെടെയെത്തിയ സത്യപ്രതിജ്ഞാ ചടങ്ങ് ബിജെപി ആഘോഷമാക്കി. സുരേഷ് ഗോപിക്കും രാജീവ് ചന്ദ്രശേഖറിനും പുറമേ സംസ്ഥാന അധ്യക്ഷന്മാരായ സി കെ പത്മനാഭൻ, കുമ്മനം രാജശേഖരൻ, വി മുരളീധരൻ, കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ എത്തി.വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ വിയോജിപ്പുകളില്ലാതെ മുന്നോട്ട് പോകുമെന്ന് അധികാരമേറ്റ ശേഷം വി.വി.രാജേഷ് പറഞ്ഞു.