സ്വർണ്ണത്തിന്റെ വില കൂടുന്നതിന്‍റെ ഫലമായി ആഗോള സമ്പദ്ഘടനയിൽ ഗൗരവമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് കരുതേണ്ടെന്ന് മുന്‍ മന്ത്രി തോമസ് ഐസക്. സ്വർണ്ണത്തിന്റെ വില പവന് ഒരുലക്ഷം രൂപ കടന്നു. സ്വർണ്ണത്തിന്റെ വിലയിൽ ഏതാണ്ട് 70 ശതമാനം വില വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പത്ത് വർഷംകൊണ്ട് വില വർദ്ധന അഞ്ചിരട്ടിയാണ്. എന്നാൽ ആഗോള സമ്പദ്ഘടനയിൽ ഗൗരവമായ പ്രത്യാഘാതങ്ങൾ ഉണ്ടാകില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'സ്വർണ്ണം സ്വത്ത് സൂക്ഷിക്കാനുള്ള ആസ്തികളിൽ ഒന്നുമാത്രമാണ്. ലോകസമ്പത്തിൽ 50-60 ശതമാനം ഭൂസ്വത്തും റിയൽ എസ്റ്റേറ്റുമാണ്. 35-40 ശതമാനം ഷെയറുകൾ, ബോണ്ടുകൾ, ബാങ്ക് ഡെപ്പോസിറ്റ്, ഇൻഷ്വറൻസ് തുടങ്ങിയ ധനകാര്യ ആസ്തികളിലാണ്. സ്വർണ്ണമാകട്ടെ മൊത്തം ആസ്തികളിൽ 2-6 ശതമാനമേ വരൂ. അതുകൊണ്ട് സ്വർണ്ണത്തിന്റെ വില ഉയർന്നതുകൊണ്ട് ആഗോള സമ്പദ്ഘടനയിൽ ഭൂമികുലുക്കമൊന്നും ഉണ്ടാവുകയില്ല. എങ്കിലും പറയുകയാണെങ്കിൽ പലിശ നിരക്ക് കുറയ്ക്കാൻ അമേരിക്കയുടെമേൽ സമ്മർദ്ദംമേറും. അതുപോലെ ഡോളറിന്റെ പ്രിയം കുറയും.
എന്നാൽ അതല്ല, ഇന്ത്യയിലെ സ്ഥിതി. സമ്പത്തിന്റെ 60-70 ശതമാനം ഭൂമിയും റിയൽ എസ്റ്റേറ്റുമാണ്. അതു കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയയിനം 15-20 ശതമാനം വരുന്ന സ്വർണ്ണമാണ്. ബാങ്ക് ഡെപ്പോസിറ്റുകൾപോലും 10-15 ശതമാനമേ വരൂ. ഓഹരികൾ 5-8 ശതമാനം. പെൻഷൻ ഫണ്ടുകൾ 5-6 ശതമാനം. ഇൻഷ്വറൻസ് 5-10 ശതമാനം. കാശായി 3-5 ശതമാനം.
ലോകത്തെ ഏറ്റവും കൂടുതൽ സ്വർണ്ണശേഖരമുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. പക്ഷേ, വീടുകളിലാണെന്നു മാത്രം. 25000 - 34600 ടൺ സ്വർണ്ണം ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്ക്. അതിൽ 880 ടണ്ണേ റിസർവ്വ് ബാങ്കിന്റെ കരുതൽ ശേഖരം വരൂ. ബാക്കിയെല്ലാം ആഭരണവും മറ്റുമായി നാട്ടുകാരുടെ കൈകളിലാണ്. ഏതാണ്ട് 700 ടണ്ണാണ് ഓരോ വർഷവും വിദേശത്തുനിന്നും വാങ്ങുന്നത്. സ്വർണ്ണത്തിനു വലിയ പ്രിയമുള്ള സംസ്കാരമാണ് നമ്മുടേത്.
സ്വർണ്ണത്തിന് വില കൂടുമ്പോൾ ഇറക്കുമതിച്ചെലവ് കൂടും. ഇതിന്റെ ഭാഗമായി വ്യാപാരക്കമ്മി വർദ്ധിക്കും. 2025 ഒക്ടോബറിൽ മുൻവർഷത്തെ അപേക്ഷിച്ച് സ്വർണ്ണത്തിന്റെ ഇറക്കുമതിച്ചെലവ് 200 ശതമാനമാണ് വർദ്ധിച്ചത്. ഇതിന്റെ ഫലമായി വ്യാപാരക്കമ്മി ദേശീയ വരുമാനത്തിന്റെ 2.5 ശതമാനമായി ഉയർന്നു. ഇത്തരത്തിൽ വ്യാപാരക്കമ്മി ഉയരുന്നത് രൂപയുടെ മൂല്യയിടിവിന് ഒരു കാരണമായി. ഇങ്ങനെ ഉണ്ടാകാമെങ്കിലും സ്വർണ്ണം സ്വത്തായി ഉള്ളവരുടെയെല്ലാം സമ്പത്തിന്റെ മൂല്യം ഉയരും. സ്വർണ്ണം പണയംവച്ചുള്ള ഇടപാടുകളും വർദ്ധിക്കും. കൂടുതൽ സ്വത്തുണ്ടെന്ന് തോന്നുമ്പോൾ ചിലർ കൂടുതൽ ചെലവഴിച്ചെന്നും വരും.
എന്തുകൊണ്ടാണ് ആഗോളമായി സ്വർണ്ണത്തിന്റെ വില കൂടുന്നത്? ഇതിനു പ്രധാന കാരണം ട്രംപാണ്. ഉക്രെയിൻ പ്രതിസന്ധി നേരത്തെ തുടങ്ങിയതാണ്. പക്ഷേ, വെനിസ്വല പ്രതിസന്ധി ട്രംപ് സൃഷ്ടിച്ചതാണ്. രണ്ടും ആഗോള സമ്പദ്ഘടനയിൽ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനു പുറമേയാണ് ട്രംപിന്റെ താരിഫ് സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥ. അനിശ്ചിതാവസ്ഥ ഉയരുമ്പോൾ നിക്ഷേപകരെല്ലാം കൂടുതൽ സുരക്ഷിതമായ ഏതെങ്കിലും നിക്ഷേപ ഉപാധിയെ ആശ്രയിക്കും. നിക്ഷേപത്തിനുവേണ്ടി സ്വർണ്ണം വാങ്ങിക്കൂട്ടുന്നു. ഇതാണ് വിലക്കയറ്റത്തിന്റെ അടിസ്ഥാനകാരണം. ഡോളറിന്റെ മൂല്യം ഇടിയുന്നതും ഡോളറിനു പകരം പുതിയ കറൻസികൾ ഉയരാനുള്ള സാധ്യതമൂലവും സ്വർണ്ണത്തിനു പ്രിയമേറുന്നു. പല റിസർവ്വ് ബാങ്കുകളും അവരുടെ കരുതൽ ശേഖരം സ്വർണ്ണത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇതെല്ലാം സ്വർണ്ണത്തിന്റെ വിലവർദ്ധനവിനു കാരണമാകുന്നു. ഈ പ്രവണത ഇനിയും തുടരാനാണു സാധ്യത.
ഇതിന്റെ നേട്ടം ആർക്കൊക്കെയാണ്? സ്വർണ്ണാഭരണങ്ങളും മറ്റും നേരത്തെ വാങ്ങിസൂക്ഷിച്ചവർക്ക് നേട്ടമാണ്. സ്വർണ്ണം പണയം വച്ചാൽ നല്ല തുക ഇപ്പോൾ ലഭിക്കും. പക്ഷേ, ഏറ്റവും വലിയ നേട്ടം സ്വർണ്ണക്കച്ചവടക്കാർക്കാണ്. അവർ വാങ്ങുന്ന സ്വർണ്ണം പണി തീർത്ത് വില്പന നടത്തുമ്പോഴേക്കും വില കുത്തനെ ഉയർന്നുകാണും. പക്ഷേ, ആഭരണക്കടക്കാരോട് ചോദിച്ചാൽ അവരെല്ലാം പറയുക മറ്റൊരു ചിത്രമായിരിക്കും. സ്വർണ്ണത്തിന്റെ വില ഇങ്ങനെ കുതിച്ചുയരുന്നതുകൊണ്ട് ആളുകൾ ആഭരണം വാങ്ങാൻ മടിക്കുന്നു, കച്ചവടം കുറയുന്നു എന്നായിരിക്കും.
ശരിയാണ്, 2025-ലെ രണ്ടാംപാദത്തിൽ ആഭരണവില്പനയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പക്ഷേ, കച്ചവടത്തിന്റെ ടേണോവർ തൂക്കത്തിൽ അല്ലല്ലോ, രൂപയിലല്ലേ കണക്കാക്കേണ്ടത്. തൂക്കത്തിൽ ഇന്ത്യയിലേക്കുള്ള സ്വർണ്ണത്തിന്റെ ഇറക്കുമതി 2025-ൽ ഏതാണ്ട് 600 ടണ്ണേ വരൂ. അഞ്ച് വർഷത്തിനിടയിലുള്ള ഏറ്റവും താഴ്ന്ന ഇറക്കുമതി തൂക്കമാണിത്. പക്ഷേ, ഏതാണ്ട് 75 ബില്യൺ ഡോളർ വരും ഇതിന്റെ ഇറക്കുമതി വില. ഇതാകട്ടെ സർവ്വകാല റെക്കോർഡാണ്.
അതുകൊണ്ട് ഞാൻ പറയുക - സ്വർണ്ണവിലക്കയറ്റത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ സ്വർണ്ണക്കടക്കാരാണ്. അപ്പോൾ സ്വർണ്ണാഭരണങ്ങളും മറ്റും കൈയിലുള്ള സാധാരണക്കാരോ? അവരുടെ സ്വത്ത് വർദ്ധിക്കുമെന്നതു ശരി. പക്ഷേ, സ്വർണ്ണത്തിന്റെ വില ഉയർന്നൂവെന്നു പറഞ്ഞ് അവർ സ്വർണ്ണം വിറ്റ് കാശാക്കില്ലല്ലോ'. അദ്ദേഹം വ്യക്തമാക്കുന്നു. ആഭരണഭ്രമം അത്രയേറെ കലശലാണെന്ന പരാമര്‍ശത്തോടെയാണ് തോമസ് ഐസക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.