ശരീരത്തിന്‍റെ ഭാരം കുറയ്ക്കാന്‍ രാത്രിയിലെ അത്താഴം ഉപേക്ഷിക്കുക എന്ന എളുപ്പവഴി പലരും സ്വീകരിക്കുന്നു. എന്നാൽ ഇത്തരത്തിൽ അത്താഴം മുടക്കുന്നത് ശരീരത്തിന് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അത്താഴം ഉപേക്ഷിക്കുക വഴി ചിലർക്ക് പെട്ടെന്ന് ശരീരഭാരം കുറയുമെങ്കിലും ആ വഴി അത്ര സുസ്ഥിരമല്ലെന്നും പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.
ശരീരഭാരം കുറയ്ക്കാൻ വേണ്ടി നാം കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് നിയന്ത്രിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രാത്രിയിൽ ഭക്ഷണം കഴിക്കാതിരിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവിൽ വ്യതിയാനങ്ങൾ ഉണ്ടാക്കുമെന്ന് ബംഗളൂരു ബിജിഎസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ് മേധാവി ഡോ. കാർത്തികൈ സെൽവി ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. മാത്രമല്ല, വിശക്കുമ്പോൾ ശരീരത്തിലെ കോർട്ടിസോള്‍ ഉത്പാദനം വർധിക്കുകയും ഇത് ശരീരത്തിന്‍റെ ചയാപചയം മെല്ലെയാക്കുകയും ചെയ്യുന്നു.
ഭാരം കുറയ്ക്കാനായി ചെയ്യുന്ന കാര്യങ്ങള്‍ ഭാരവർധനവിലേക്കും ശരീരത്തിലെ കൊഴുപ്പ് ശേഖരണത്തിലേക്കുമാണ് നയിക്കുന്നതെന്ന് ഡോ. സെൽവി ചൂണ്ടിക്കാട്ടുന്നു. രാത്രിയിൽ ഭക്ഷണം ഉപേക്ഷിക്കുന്നത് പിന്നീട് ഭക്ഷണം വാരിവലിച്ച് കഴിക്കാന്‍ ഇടയാക്കുന്നു. അത്താഴം കഴിക്കാത്തത് മൂലം ഊർജ്ജത്തിന്‍റെ തോതിൽ ഉണ്ടാകുന്ന കുറവ് മൂഡിനെയും ബാധിക്കാം. കുട്ടികൾ, കൗമാരപ്രായക്കാർ, കായികതാരങ്ങൾ, ഗർഭിണികൾ, ടൈപ്പ് 1 പ്രമേഹ ബാധിതർ, ഭക്ഷണം കഴിക്കുന്നതിൽ തകരാറുകൾ ഉള്ളവർ, വിഷാദരോഗികൾ തുടങ്ങിയവർ ഒരു കാരണവശാലും അത്താഴം മുടക്കരുതെന്നും ഡോ. സെൽവി പറയുന്നു.
രാത്രിയിലെ അത്താഴം പൂർണ്ണമായും ഒഴിവാക്കുന്നതിന് പകരം ലഘുവായ തോതിൽ നേരത്തെ തന്നെ കഴിക്കാവുന്നതാണ്. കിടക്കുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് അത്താഴം കഴിക്കുന്നതാണ് ഉത്തമം. അത്താഴവും പ്രഭാതഭക്ഷണവും തമ്മിൽ 10 മണിക്കൂറിന്‍റെ ഇടവേള ഉണ്ടാകണം. ഉറക്കവും അത്താഴവും തമ്മിൽ മൂന്നു മണിക്കൂറിന്‍റെ ഇടവേള സൂക്ഷിക്കുന്നത് ദഹനത്തിനും ഭാരനിയന്ത്രണത്തിനും നല്ലതാണ്. വൈകി അത്താഴം കഴിക്കുന്നത് അസിഡിറ്റി, ദഹനക്കേട്, ആസിഡ് റീഫ്ലക്സ്, ഓക്കാനം തുടങ്ങിയ പലവിധ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം എന്നും ഡോ. സെൽവി ചൂണ്ടിക്കാട്ടുന്നു.