മലയാള സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ മേതിൽ രാധാകൃഷ്ണന്റെ കൈത്തണ്ടയിലെ കറുത്ത ഹെയർബാൻഡ് വേദിയിലും സദസ്സിലും ഒരുപോലെ നൊമ്പരക്കാഴ്ചയായി. തന്നെ വിട്ടുപോയ പ്രിയപ്പെട്ട മകൾ ജൂണിന്റെ മായാത്ത ഓർമ്മയ്ക്കായാണ് അദ്ദേഹം ആ ഹെയർബാൻഡ് കൈയ്യിലണിഞ്ഞിരുന്നത്.
തന്റെ പൊന്നോമനപ്പുത്രിയായ ജൂണിന്റെ അപ്രതീക്ഷിത വിയോഗം മേതിലിനെ ഏറെ തളർത്തിയിരുന്നു. അതിനുശേഷം മകൾ തലയിലണിയാറുള്ള ആ കറുത്ത ഹെയർബാൻഡ് കൈയ്യിലിട്ടാണ് അദ്ദേഹം പൊതുചടങ്ങുകളിലെല്ലാം പങ്കെടുക്കാറുള്ളത്. പുരസ്‌കാര നിറവിലും മകളുടെ സാന്നിധ്യം തന്റെ കൂടെയുണ്ടെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു ആ സ്നേഹസ്പർശം.
ഇന്നലെ പുരസ്‌കാര ചടങ്ങ് സമാപിക്കുമ്പോൾ ദേശീയഗാനം ആലപിച്ച ശേഷം 'ജയ്‌ഹിന്ദ്' എന്ന മുദ്രാവാക്യം ഉയർന്നപ്പോൾ മേതിൽ തന്റെ വലതുകൈ ഉയർത്തി. തൊട്ടടുത്തുനിന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കമുള്ളവർ അപ്പോഴാണ് അദ്ദേഹത്തിന്റെ കൈത്തണ്ടയിലെ ആ കറുത്ത ഹെയർബാൻഡ് ശ്രദ്ധിച്ചത്. സാഹിത്യത്തിലെ വലിയ അംഗീകാരം ഏറ്റുവാങ്ങുമ്പോഴും മകളുടെ ഓർമ്മകളെ നെഞ്ചോട് ചേർത്തുപിടിച്ച ഒരു പിതാവിന്റെ സ്നേഹം സദസ്സിനും ഹൃദയസ്പർശിയായ അനുഭവമായി മാറി.