2025ലെ എഴുത്തച്ഛന്‍ പുരസ്കാരം കവി കെ.ജി.ശങ്കരപിള്ളയ്ക്ക്. മലയാള സാഹിത്യത്തിനുള്ള സമഗ്രസംഭാവന പരിഗണിച്ചാണ് അംഗീകാരം. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമാണ് സമ്മാനം. ആധുനിക മലയാള കവിതയുടെ മുഖമാണ് ശങ്കരപിള്ളയെന്ന് പുരസ്കാരം പ്രഖ്യാപിച്ച് സംസ്കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
മലയാളത്തിലെ ആധുനിക കവികളിൽ പ്രമുഖൻ. 1948 ഫെബ്രുവരി 19-ന് കടമ്പനാട്ട് ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാളായിരുന്നു. ‘കെ.ജി.ശങ്കരപ്പിള്ളയുടെ കവിതകൾ’ എന്ന സമാഹാരത്തിന് കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചു. കെ.ജി. ശങ്കരപ്പിള്ളയുടെ ‘ബംഗാൾ’ ആധുനിക മലയാള കവിതയിലെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കവിതയാണ്.
തീവ്രവിപ്ലവാഭിമുഖ്യം പ്രകടിപ്പിക്കുന്ന കെ .ജി. ശങ്കരപ്പിള്ളയുടെ കവിതകൾ പദ്യഭാഷ ഒഴിവാക്കി മൂർച്ചയേറിയ ഗദ്യം സ്വീകരിച്ചു. ‘ഗൗളിവാൽ, ആനന്ദൻ, കഷണ്ടി, വരുംവരും എന്ന പ്രതീക്ഷ, കൊച്ചിയിലെ വൃക്ഷങ്ങൾ’ എന്നിവ പ്രസിദ്ധ കവിതകളാണ്. ‘കവിത, കൊച്ചിയിലെ വൃക്ഷങ്ങൾ, കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ’ എന്നിവയാണ് സമാഹാരങ്ങൾ.