റോഡിലെ പൊടിയും പുകയും ബൈക്ക് യാത്രികർക്ക് ഇനിയൊരു വെല്ലുവിളിയാകില്ല. കാരണം ഇതിന് സഹായിക്കുന്ന സ്മാർട്ട് ഹെൽമെറ്റ് കണ്ടുപിടിച്ചിരിക്കുകയാണ് തൃശൂർ ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ ഹൃദ് ജ്യോതും ആര്യ ആദർശും. വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത ഈ ഡസ്റ്റ് റിപ്പലിംഗ് സ്മാർട്ട് ഹെൽമെറ്റ്, നൂതന ആശയങ്ങൾ വികസിപ്പിക്കുന്ന സർക്കാർ സ്ഥാപനമായ കെഡിസ്ക്ക് സംഘടിപ്പിക്കുന്ന സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സാധാരണ ഹെൽമെറ്റിലെ വൈസർ പൊടിപടലങ്ങളെ പൂർണ്ണമായി തടയാത്ത സാഹചര്യത്തിലാണ് വിദ്യാർഥികൾ പുതിയ സംവിധാനം ഒരുക്കിയത്. ഹെൽമെറ്റിന്റെ വശത്ത് ഘടിപ്പിച്ചിരിക്കുന്ന ബട്ടൺ അമർത്തുമ്പോൾ ഉള്ളിലെ ചെറിയ യന്ത്രം പ്രവർത്തിക്കുകയും മുൻവശത്തെ ഗ്ലാസിന് സമീപത്തുകൂടി വായു സഞ്ചരിച്ച് പൊടിപടലങ്ങളെ തടയുകയും ചെയ്യുന്ന രീതിയിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. സോളാറിലാണ് ഇതിന്റെ പ്രവർത്തനം.
ഹെൽമെറ്റിന്റെ അകത്ത് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്ന ഘർഷണം കുറഞ്ഞ പ്രത്യേക തുണികൾ ഉപയോഗിക്കാനും വിദ്യാർഥികൾ ആലോചിക്കുന്നുണ്ട്. നിലവിൽ ഇത് ഉപയോഗിക്കാവുന്ന രീതിയിലേക്ക് പൂർണ്ണമായി എത്തിയിട്ടില്ലെന്നും പ്രവർത്തനക്ഷമതയും സുരക്ഷയും ഉറപ്പാക്കി കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.