തൃശൂര്‍ കിഴുപ്പിള്ളിക്കരയില്‍ ഭാര്യയെ വിളക്കുകൊണ്ട് തലയ്ക്കടിച്ചു കൊന്നശേഷം ഭര്‍ത്താവ് കഴുത്ത് മുറിച്ച് ജീവനൊടുക്കി. കാട്ടുതിണ്ടിയില് സന്തോഷ്, ഭാര്യ ഷിനി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ അടുക്കള ഭാഗത്തായിരുന്നു മൃതദേഹങ്ങള്‍. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.
തൃശൂർ ചെട്ട്യങ്ങാടിയിൽ ലക്ഷ്മി ഇലക്ട്രോണിക്സ് എന്ന സ്ഥാപനം നടത്തുന്ന സന്തോഷും ഭാര്യ ഷീനിയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. മകൻ നേരത്തെ ജോലിയുമായി ബന്ധപ്പെട്ട് എറണാകുളത്തായിരുന്നു. ദമ്പതികൾക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നുവെന്നും ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ഉൾപ്പെടെ വന്നിരുന്നതായുമാണ് വിവരം.
ബിസിനസ്സുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളെ ചൊല്ലി വീട്ടിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നും പ്രകോപനത്തിനിടെ സന്തോഷ് നിലവിളക്ക് കൊണ്ട് ഭാര്യയെ തലയ്ക്കടിച്ചതാകാമെന്നും, പിന്നീട് ഷിനി മരിച്ചെന്നെന്നറിഞ്ഞപ്പോള് ഇയാള്‍ സ്വയം കഴുത്ത് മുറിച്ചതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം. സന്തോഷിന്റെയും കുടുംബത്തിന്റെയും ദാരുണാന്ത്യം പ്രദേശവാസികളെ ഞെട്ടിച്ചു.
മുട്ടിയിട്ടും വാതില്‍ തുറക്കാത്തതിനെ തുടർന്ന് മകന് അടുക്കള വശത്തെ വാതിൽ തുറന്നു നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് സമീപത്തുനിന്ന് നിലവിളക്കും വാളും കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ഷിനിയുടെ തലയുടെ പിൻഭാഗത്ത് അടിയേറ്റ പാടുണ്ടെന്നും പൊലീസ്-ഫോറൻസിക് പരിശോധനകളിൽ സൂചനയുണ്ട്. ഫോറൻസിക് പരിശോധനയും ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയയ്ക്കും. കേസിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.