thrissur-murder-case

TOPICS COVERED

മകന്‍ വിളിച്ചിട്ടും ദമ്പതികള്‍ വാതില്‍ തുറന്നില്ല. സംശയം തോന്നി വാതില്‍ ബലംപ്രയോഗിച്ച് തുറന്നു. മകന്‍ കണ്ടതാകട്ടെ അച്ഛന്‍റേയും അമ്മയുടേയും മൃതദേഹങ്ങള്‍. തൃശൂര്‍ കിഴുപ്പിള്ളിക്കരയില്‍ സന്തോഷ്, ഷിനി ദമ്പതികളുടെ മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് നാട്. ഭാര്യ ഷിനിയെ വിളക്കുകൊണ്ട് തലയ്ക്കടിച്ചു കൊന്നശേഷമാണ് ഭര്‍ത്താവ് സന്തോഷ് കഴുത്ത് മുറിച്ച് ജീവനൊടുക്കിയത്. ദാരുണസംഭവം കണ്ട ഇവരുടെ മകന്‍  ഇതുവരേയും ഷോക്കില്‍ നിന്നും മോചിതനായിട്ടില്ല. അടുക്കളയിലായിരുന്നു മൃതദേഹങ്ങള്‍. 

Also Read: ഭാര്യയെ വിളക്കുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പിന്നെ കഴുത്തുമുറിച്ച് ജീവനൊടുക്കി

തൃശൂര്‍ ചെട്ടിയങ്ങാടിയില്‍ ദീര്‍ഘകാലമായി ലക്ഷ്മി ഇലക്ട്രോണിക്സ് കട നടത്തുന്ന സന്തോഷിന് സുഹൃത് ബന്ധങ്ങള്‍ വിപുലമാണ്. നല്ല രീതിയില്‍ നടക്കുന്ന ഇലക്ട്രോണിക്സ് കടയാണിത്. സ്പീക്കറും മ്യൂസിക് സിസ്റ്റവും ലഭിക്കുന്ന കട. സന്തോഷ് പരോപകാരിയാണ്. സുഹൃത്തുക്കളെ നന്നായി സഹായിക്കും. ബിസിനസ് വിപുലപ്പെടുത്താനുള്ള മോഹമുണ്ടായിരുന്നു. തൃപ്രയാറില്‍ ഇതിനായി ഒരു കട വാടകയ്ക്കെടുത്ത് ഇന്‍റീരിയര്‍ ചെയ്തിരുന്നു. പക്ഷേ, സാമ്പത്തികമായ കണക്കുകൂട്ടല്‍ പലപ്പോഴും പാളി. സാമ്പത്തിക ബാധ്യത വന്നു. 

ഭാര്യ ഷിനി നല്ല രീതിയില്‍ ബിസിനസില്‍ ഒപ്പംനിന്നു. വിശ്വസ്തരായ ജീവനക്കാരും ഇവര്‍ക്കുണ്ടായിരുന്നു. ഇതിനിടെ, സന്തോഷിന് മാനസികാരോഗ്യ ചികില്‍സ വേണ്ടിവന്നു. മരുന്ന് സ്ഥിരമായി കഴിച്ചിരുന്നു. സാമ്പത്തികഭദ്രത ഉറപ്പാക്കാന്‍ ഭാര്യ ഷിനി ആവുന്നത്ര ശ്രമിച്ചിരുന്നു. ബാധ്യതയെ ചൊല്ലി പലപ്പോഴും ഇരുവരും വഴക്കിട്ടിരുന്നു. മകള്‍ വിവാഹിതയായി കുടുംബസമേതം കഴിയുന്നു. മകന്‍ ഇന്നലെ അമ്മാവന്‍റെ വീട്ടില്‍ രാത്രി പോയി. ഇന്നു രാവിലെ തിരിച്ചെത്തിയപ്പോഴാണ് ദാരുണാന്ത്യം കാണുന്നത്. അടുക്കളയിലാണ് മൃതദേഹങ്ങള്‍. 

ഷിനിയുടെ തലയ്ക്കു പുറകില്‍ നിലവിളക്കുകൊണ്ട് അടിച്ചതായി പൊലീസ് പറയുന്നു. തലയുടെ പുറകില്‍ വലിയ മുറിവുണ്ട്. ഈ നിലവിളക്ക് അടുത്ത് കിടക്കുന്നുണ്ട്. പെട്ടെന്നുള്ള ദേഷ്യത്തിന് അടിച്ചതാകാം. മരിച്ചെന്ന് കരുതിയപ്പോള്‍ ആ കുറ്റബോധത്തില്‍ സന്തോഷ് ജീവനൊടുക്കിയതാകാനാണ് സാധ്യത. വാതില്‍ അകത്തു നിന്ന് കുറ്റിയിട്ടിരുന്നതിനാല്‍ മൂന്നാമതൊരാളുടെ സാന്നിധ്യം വീട്ടില്‍ ഇല്ല. മകന്‍ വന്ന സമയത്തും വാതിലുകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. 

Also Read: ബെംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടനിലയില്‍; സുഹൃത്ത് പിടിയില്‍

വീടുകളില്‍ സാധാരണയായി ഉണ്ടാകാറുള്ള വഴക്കിനിടെ സന്തോഷിനുണ്ടായ കയ്യബദ്ധമാകാം ഭാര്യയുടെ മരണം. ദമ്പതികളെക്കുറിച്ച് നാട്ടില്‍ നല്ല അഭിപ്രായമാണ്. എല്ലാവരോടും സ്നേഹത്തില്‍ ഇടപെടുന്ന സന്തോഷ് ജനപ്രിയനുമാണ്. നഗരത്തില്‍ കടനടത്തുന്നതിനാല്‍ പരിചയക്കാരുടെ എണ്ണം വിപുലമാണ്. അന്തിക്കാട് പൊലീസാണ് കേസന്വേഷിക്കുന്നത്. 

ENGLISH SUMMARY:

A tragic incident occurred in Kizhuppillikkara, Thrissur, where trader Santhosh allegedly died by suicide after his wife Shini was fatally struck on the back of the head with a traditional lamp (nilavilakku) during what police suspect may have been a sudden dispute. Returning home this morning after spending the night at his uncle's house, their son forced open the locked door and found both bodies in the kitchen.