തിങ്കളാഴ്ച, നവംബര്‍ 30 മുതല്‍ നിയമസഭ വീണ്ടും സമ്മേളിക്കുകയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി നിയമസഭാ സമുച്ചയം സന്ദര്‍ശിക്കുന്നവര്‍ക്കിനി വിവിധ നിറങ്ങളിലുള്ള പാസുകളാവും നല്‍കുക. സ്പീക്കറെ കാണാനെത്തുന്നവര്‍ക്ക് പച്ചനിറമുള്ള പാസ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനെത്തുന്നവര്‍ക്ക് വേറെ നിറത്തിലുള്ള എന്‍ട്രി പാസാകും കിട്ടുക. എംഎല്‍എമാര്‍ മുതല്‍ ഉദ്യോഗസ്ഥര്‍വരെ ആരെ കാണണമെങ്കിലും മൂന്നു ഗേറ്റുകളിലായി പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളില്‍ എഴുതി നല്‍കണം. അവിടെ നിന്ന് പാസ് കിട്ടും. നിയമസഭയുടെ ആദ്യ രണ്ടു നിലകളില്‍ മാത്രമാണ് പ്രവേശനം ഉണ്ടാകുക. സന്ദര്‍ശകര്‍ക്കുള്ള സമയത്തിനും നിയന്ത്രണമുണ്ട്. സഭയുടെ പ്രവര്‍ത്തനം കാണാനെത്തുന്നവര്‍ക്ക് ഗാലറികളില്‍ ഇരിക്കാന്‍ നിലവില്‍ പാസുനല്‍കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥിരം പാസും താല്‍ക്കാലിക പാസും ഉണ്ട്. 

മന്ത്രിയെയും കാണാം, സെല്‍ഫിയുമെടുക്കാം

ഇതെന്താണ് ഇപ്പോള്‍ പാസുകളെയും സന്ദര്‍ശക നിയന്ത്രണത്തെയും കുറിച്ച് പറയുന്നതെന്നല്ലേ? പുതിയ നിയമസഭയും സര്‍ക്കാരും വന്നതോടെ സന്ദര്‍ശകരുടെ തിരക്കാണ് നിയമസഭാ സമുച്ചയത്തിലാകെ. നില്‍ക്കാനും ഇരിക്കാനും പറ്റാത്തത്ര തിരക്ക്. ഇടനാഴികളിലാകെ മന്ത്രിമാരെയും എംഎല്‍എമാരെയും കാണാനെത്തുവരാണ്. പലരും ഗൗരവും പ്രാധാന്യവുമുള്ള ആവശ്യങ്ങളുമായി എത്തുന്നവരാണ്. എന്നാല്‍ അങ്ങനെയല്ലാത്ത അനേകം പേരും കടന്നുവരും. എംഎല്‍എയോ മന്ത്രിയേയോ കണ്ട് പരിചയപ്പെടാം, അല്ലെങ്കില്‍  മുന്‍പരിചയം പുതുക്കാം എന്ന് കരുതി എത്തുന്നവര്‍. പുതിയ സര്‍ക്കാരിന്‍റെ വരവിലെ സന്തോഷവും ആവേശവും നേരിട്ടുകണ്ട് അറിയിച്ചേക്കാം എന്ന വിചാരിക്കുന്നവര്‍ വേറെ. സെല്‍ഫിയും റീലും കൂടിയെടുത്തേ ഇവരെല്ലാം മടങ്ങൂ. കൂട്ടം കൂട്ടമായി സ്കൂള്‍–കോളജ് വിദ്യാര്‍ഥികളുമായി എത്തുവരുമുണ്ട്. തിരുവനന്തപുരവും കണ്ട് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും സന്ദര്‍ശിച്ച് സെല്‍ഫിയും എടുത്ത് പോകുക എന്നതാണ് ഇപ്പോഴത്തെ ഒരു രീതി.

ഹോ, എന്തൊരു തിരക്ക്!

സര്‍ക്കാര്‍ വന്ന് ആറുമാസം പിന്നിട്ടിട്ടും തിരക്കിന് കുറവില്ല എന്നു മാത്രമല്ല, തിരക്ക് നാള്‍ക്കുനാള്‍കൂടി വരികയുമാണ്. ഇതോടെയാണ് നിയമസഭയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ നിയന്ത്രണങ്ങള്‍വന്നേ പറ്റൂ എന്ന ആലോചനയിലേക്ക് എത്തുന്നത്. സുരക്ഷാ മാനദണ്ഡങ്ങളും പ്രധാനമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്പീക്കറെയും സര്‍ക്കാരിനെയും അറിയിച്ചു. സന്ദര്‍ശകരെ വിലക്കുകയല്ല, നിയന്ത്രണം മാത്രമാണെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നിയമസഭാ മന്ദിരത്തില്‍ ഇടികിട്ടാതെ നടക്കാനാവാത്ത അവസ്ഥ മാറണം. കാന്‍റീനുകളില്‍ ഒരു മണിക്കൂര്‍ കൊണ്ട് ഭക്ഷണവും ചായയും എല്ലാം തീരുന്ന സ്ഥിതിയാണ്. വളരെ ചിട്ടയായും ക്രമമായും പ്രവര്‍ത്തിക്കുന്ന നിയമസഭാ കോംപ്ളെക്സ് അപ്പാടെ താളം തെറ്റുന്നതിന്‍റെ വക്കിലെത്തി. ഇതാണ് നിയന്ത്രണങ്ങളുടെ ആവശ്യകത അടിവരയിട്ടത്.  

തിരക്ക് കുറയുമോ? 

പതിനാറാം കേരള നിയമസഭ നിലവില്‍ വന്നതിന് ശേഷം നവംബര്‍ മുപ്പതിന് ചേരുന്നത് മൂന്നാം സമ്മേളനമാണ്. ആദ്യ സമ്മേളനത്തില്‍ നയപ്രഖ്യാപനവും ബജറ്റും അവതരിപ്പിച്ചു. അതിന് ശേഷം ചേര്‍ന്ന രണ്ടം സമ്മേളനത്തില്‍ നിയമനിര്‍മാണത്തിനായിരുന്നു മുന്‍ഗണന. ഇത്തവണ ഒന്‍പതും ദിവസമാണ് സഭാ സമ്മേളനം, നിയമ നിര്‍മാണമാണ് മുഖ്യ അജന്‍ഡ. പുത്തന്‍ സമ്മേളനം തുടങ്ങുന്നതോടെ പലനിറം പാസുകളും കടന്നു വരികയാണ്. പാസെല്ലാം  കളറായി വന്നാലും തിരക്കു കുറയാനിടയില്ലെന്ന് അടക്കം പറയുന്നവരുമുണ്ട്. 

നിയമസഭയിലെ പാസുകള്‍, സന്ദര്‍ശന സമയം 

ഗാലറിപാസ്– രാവിലെ 8.30 ന് ലഭിക്കും. ഗാലറിയില്‍ പ്രവേശിക്കാനും സഭാ നടപടികള്‍വീക്ഷിക്കാനുമാകും. 

സ്പീക്കര്‍– മൂന്നാം നമ്പര്‍ ഗേറ്റില്‍ നിന്ന് പച്ചനിറത്തിലുള്ള പാസ്, ഒന്നാം നിലയിലെ സ്പീക്കറുടെ ഒാഫീസിലെത്താം 

മുഖ്യമന്ത്രി– സന്ദര്‍ശക റിസ്പ്ഷനില്‍ നിന്ന് നീല പാസ്, ഒന്നാം നിലയിലെ മുഖ്യമന്ത്രിയുടെ ഒാഫീസിലെത്താം 

മന്ത്രിമാര്‍ – സന്ദര്‍ശക റിസപ്ഷനില്‍ നിന്ന് വെള്ള പാസ്, ഒന്നും രണ്ടും നിലകളിലെ മന്ത്രിമാരുടെ ഒാഫീസിലെത്താം 

പ്രതിപക്ഷ നേതാവ് – സന്ദര്‍ശക റിസ്പ്ഷനില്‍ നിന്ന് നീല പാസ്, ഒന്നാം നിലയിലെ ഒാഫീസിലെത്താം

എംഎല്‍എമാര്‍– സന്ദര്‍ശക റിസ്പ്ഷനില്‍ നിന്ന് മഞ്ഞ പാസ്, ഗ്രൗണ്ട് ഫ്ളോറിലെ പ്രത്യേക സന്ദര്‍ശക സ്ഥലത്ത് എത്താം

എല്ലാ പാസിനും രണ്ടു മണിക്കൂര്‍ സമയ പരിധിയായിരിക്കും. ശൂന്യവേളയില്‍ ( 10 മുതല്‍ 12 മണിവരെ) പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

ENGLISH SUMMARY:

Kerala Legislative Assembly session introduces new color-coded visitor passes and strict regulations to manage heavy crowds and security. The assembly complex has witnessed overwhelming visitors taking selfies and meeting ministers, prompting the implementation of time limits and entry controls.