വിഡി സതീശന്‍, മാവിലായി മാപ്പ്.

വിഡി സതീശന്‍, മാവിലായി മാപ്പ്.

  • വിവാദങ്ങളിൽ തടിതപ്പാനുള്ള 'മാവിലായിക്കാരൻ' പ്രയോഗം. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വിവാദങ്ങളെ പറ്റി ചോദിച്ചപ്പോള്‍ 'ഞാൻ മാവിലായിക്കാരനാണ്' എന്ന് മുഖ്യമന്ത്രിയുടെ മറുപടി.

ഷാഫി പറമ്പിലിൽ എംപിക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപി നടത്തിയ അധിക്ഷേപം, വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാണിച്ചപ്പോൾ 'ഞാൻ മാവിലായിക്കാരനാണ്' എന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടി. സമാന ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ, 'ഞാൻ പറഞ്ഞില്ലേ..  ഞാൻ മാവിലായിക്കാരനാണെന്ന്' എന്നു പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ഒരുവിഷയത്തിൽ അനുകൂലമായും പ്രതികൂലമായും പറയാൻ കഴിയാതെ വരുമ്പോൾ രാഷ്ട്രീയ നേതാക്കൾ രക്ഷപെടാൻ  ഉപയോഗിക്കുന്ന പ്രയോഗമാണത്രേ മാവിലായിക്കാരൻ. ലീ‍ഡർ കരുണാകരന്റെ പ്രിയപ്പെട്ട പ്രയോഗം. വിവാദഘട്ടങ്ങളിൽ ഒരു പക്ഷം പിടിക്കാൻ കഴിയാതെ വരുമ്പോൾ കരുണാകരൻ പറയുമായിരുന്നു- 'ഞാനീ നാട്ടുകാരനല്ല, മാവിലായിക്കാരനാണ്' എന്ന്. മാവിലായിക്കാരൻ കൂടിയായ എ.കെ.ജിയാണ് പാർലമെന്റിൽ ഈ പ്രയോഗം ആദ്യം നടത്തിയതെന്നും പറയപ്പെടുന്നുണ്ട്.

Also Read: 'വി.ഡി. സതീശന്‍ മാവേലിത്തമ്പുരാനാണെന്ന്!' ഫേക്ക് കാര്‍ഡുകള്‍ വ്യാപകം; പിന്നില്‍ പ്രമുഖനെന്ന് മുഖ്യമന്ത്രി

കരുണാകരനെ അനുകരിച്ച്  മാവിലായി പ്രയോഗിച്ച തിരുവഞ്ചൂരിന് പക്ഷെ  കൈപൊള്ളി. 2015 ൽ മന്ത്രിയായിരിക്കെ ദേശീയ ഗെയിംസ് ക്രമക്കേട് ആരോപണങ്ങളെപ്പറ്റി ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ പരാമർശം മന്ത്രിക്ക് പിടിച്ചില്ല. മാവിലായിക്കാരനെ പോലെ സംസാരിക്കരുതെന്ന് തിരുവഞ്ചൂരിന്റെ മറുപടി. പക്ഷെ മാവിലായിക്കാർക്കും അതത്ര പിടിച്ചില്ല. അവർ തെരുവിലിറങ്ങി മന്ത്രിയുടെ കോലം കത്തിച്ചു. വസ്‌തുതകളിൽ നിന്ന് ഒളിച്ചോടുന്നവരെയല്ല 'മാവിലായിക്കാരൻ' പ്രയോഗം കൊണ്ട്  അർഥമാക്കുന്നത്, മറിച്ച് വിഡ്‌ഢികളുടെ തർക്കത്തിൽ ഇടപെടാത്ത വിവേകിയെന്നാണ്  ഈ പ്രയോഗത്തിൻറെ അർഥമെന്നു ചില സാക്ഷ്യപ്പെടുത്തലുകൾ. 

ഹാസ്യ സാമ്രാട്ടായിരുന്ന സഞ്‌ജയനാണു തന്റെ  കൃതികളിലൂടെ  മാവിലായിക്കാരനെന്ന പ്രയോഗത്തിനു പ്രചാരമുണ്ടാക്കിയത്. സഞ്‌ജയൻ പറഞ്ഞ കഥ ഇങ്ങനെ, 

'രണ്ടു മദ്യപർ ഒരിക്കൽ ആകാശത്തേക്കു നോക്കി തർക്കിച്ചു. ഒരാൾ ആകാശത്തുള്ളത് ചന്ദ്രനാണെന്നും മറ്റയാൾ സൂര്യനെന്നുമാണു വാദിക്കുന്നത്. ഇവർക്കിടയിലേക്ക് അബദ്ധത്തിൽ വന്നൊരാൾക്കു മധ്യസ്‌ഥം പറയേണ്ടിവന്നപ്പോൾ അയാൾ ഞാൻ മാവിലായിക്കാരനാണെന്നു മാത്രം പറഞ്ഞു തടിതപ്പിയത്രേ.

ഈ പ്രയോഗത്തെ കേരള രാഷ്‌ട്രീയത്തിലേക്കു വലിച്ചിട്ടതു കെ. കരുണാകരനാണ്. പിന്നീട്  തിരുവഞ്ചൂർ രാധാകൃഷ്‌ണനും ഇപ്പോൾ വി.ഡി. സതീശനും പൊടി തട്ടിയെടുത്തുവെന്ന് മാത്രം. 

Also Read: മറുപടി പറയാന്‍ നില്‍ക്കരുതെന്ന് ഷാഫിയോട് കെപിസിസി; രാജ്മോഹന്‍ ഉണ്ണിത്താനെ ഫോണില്‍ ബന്ധപ്പെട്ടു

എവിടെയാണ് മാവിലായി 

കണ്ണൂരിൽ നിന്ന് -കൂത്തുപറമ്പ് റൂട്ടിൽ 15 കിലോമീറ്റർ സഞ്ചരിച്ചാൽ  പെരളശേരി പഞ്ചായത്തിലെ മാവിലായിയെന്ന ചെറിയ പ്രദേശത്തെത്താം. മാവിലായിക്കാരനാണെന്ന പ്രയോഗത്തിലൂടെയാണ് ഈ നാടും പ്രശസ്തമായത്. ഒട്ടേറെ പ്രമുഖ വ്യക്‌തികളുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് മാവിലായി. കവി വി.വി.കെ. നമ്പ്യാരുടെ ജന്മസ്‌ഥലം. കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിന്റ അമരക്കാരനായിരുന്ന എകെജി ജനിച്ചതും ഇവിടെയാണ്. വിമോചനസമരകാലത്ത് എകെജിക്കെതിരെ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളിൽപോലും മാവിലായിക്കാരനെന്ന പ്രയോഗമുണ്ടിയിരുന്നു. 

കീഴറ, മൂന്നാംപാലം, മൂന്നുപെരിയ (ചെറുമാവിലായി) പ്രദേശങ്ങൾ കൂടിയതാണ് ഇന്നത്തെ മാവിലായി. അതിൽ ചെറുമാവിലായിയിലാണു ദീർഘകാലം ഇഎംഎസ് ഒളിവിൽ കഴിഞ്ഞിരുന്നത്. ഇന്നും ഇടതുപക്ഷത്തിന്റ ശക്‌തികേന്ദ്രങ്ങളിലൊന്നാണു ഇവിടം. 

മാവിലായി എന്ന സ്‌ഥലനാമം രൂപപ്പെട്ടതിനു പിന്നിലും ഒരു മധ്യസ്‌ഥതയുടെ കഥയുണ്ടെത്രേ,

മാവിലായി കാവിലെ ദൈവത്താറും കടലായി ക്ഷേത്രത്തിലെ ശ്രീകൃഷ്‌ണനും തമ്മിലുള്ള അതിർത്തിത്തർക്കമാണു മാവിലായി എന്ന പേരിനു പിന്നിലത്രേ! ദൈവങ്ങൾ തമ്മിൽ തങ്ങളുടെ ഭൂമിയെ (ദേവസ്വം ഭൂമിയെ) ചൊല്ലി തർക്കമുണ്ടായി. മധ്യസ്‌ഥനായി എത്തിയതു നാരദമഹർഷിയും. അതിർത്തികളെ തമ്മിൽ വേർതിരിക്കുന്നൊരു മാവായിരുന്നു അടയാളം. എന്നാൽ ശ്രീകൃഷ്‌ണന്റെ  മായാശക്‌തിയാൽ മാവ് നിന്നിടത്തു പ്ലാവുണ്ടായെന്നും മാവ് പ്ലാവായ ഇടം മാവിലായിയായെന്നും ഐതിഹ്യം. മാവിലായിക്കാവിലെ അടിയുൽസവം പ്രസിദ്ധമാണ്.

ENGLISH SUMMARY:

The phrase "Mavilaikkaran" (a person from Mavilayi) regained political spotlight after comments surrounding Shafi Parambil MP and Rajmohan Unnithan MP, with the response evoking a classic political escape route used when leaders avoid taking sides. Popularized in literature by satirist Sanjayan through a humorous anecdote about two drunkards arguing over the sun and moon, the expression was brought into Kerala politics by K. Karunakaran and later used by leaders including Thiruvanchoor Radhakrishnan—which triggered protests by locals in 2015.