shajir-talks
  • 2-3 മണിക്കൂർ ജോലിയും ബാക്കി സമയം വായനയ്ക്കും ഫിറ്റ്നസിനും കുടുംബത്തിനും നൽകുന്ന ലളിതജീവിതവുമാണ് ഷാജിർ ടോക്സിന്റെ റീലുകളെ ശ്രദ്ധേയമാക്കുന്നത്.

റീലുകൾ ചെയ്യുന്നവരെല്ലാം ഇൻഫ്ലുവൻസർമാരാകുന്ന കാലത്ത്, ആ പേരിന് ശരിക്കും അർഹനായ ആളാണ് ഷാജിർ ടോക്സ് (shajir_talks). ഷാജിറിനെ അക്ഷരം തെറ്റാതെ ഇൻഫ്ലുവൻസർ എന്ന് വിളിക്കാമെന്ന് സോഷ്യൽമീഡിയ സാക്ഷ്യപ്പെടുത്തുന്നത്. ഇൻസ്റ്റഗ്രാമിൽ 4 ലക്ഷത്തിലധികം പേർ പിന്തുടരുന്ന ഷാജിറിന്റെ ആരാധകരിൽ സിനിമ താരം പൃഥ്വിരാജുമുണ്ട്. വെറും 58 പേരെ പിന്തുടരുന്ന പൃഥിരാജിന്റെ ഫോളോവേഴ്സ് ലിസ്റ്റിലുള്ള സിനിമ താരങ്ങളല്ലാതെ പൃഥ്വിരാജ് പിന്തുടരുന്ന ചുരുക്കം ചില അക്കൗണ്ടുകളിലൊന്നാണ് ഷാജിറിന്റേത്. 

Also Read: സ്വര്‍ണ വിലയില്‍ കനത്ത വീഴ്ച; മാസത്തെ ഏറ്റവും താഴ്ന്ന വില; സ്വര്‍ണത്തിന്‍റെ ഭാവി ഇന്നറിയാം

തെങ്ങുകയറ്റ തൊഴിലാളിയായ ഷാജിർ തൻറെ സമ്പാദ്യശീലവും പുസ്തക വായനയും അടക്കമുള്ള ലളിതമായ ജീവിതമാണ് ഇൻസ്റ്റ​ഗ്രാം റീലിലൂടെ കാണിക്കുന്നത്. ജീവിതത്തിൽ തിരക്കുപിടിച്ചു പായുമ്പോൾ എങ്ങനെ ആസ്വദിച്ച് ജീവിക്കാമെന്ന പാഠം ഓരോ വിഡിയോയിലും കാണാം. അമ്മയെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതും പുസ്തകം വായിക്കുന്നതും പടം വരയ്ക്കുന്നതും വീട്ടിലെ കോഴിയെ തീറ്റിക്കുന്നതും ഉൾപ്പെട് ഷാജിർ പങ്കുവെക്കുന്ന ഒരോ വിഡിയോകളിലും മനസ് നിറയ്ക്കുന്നവയാണ്. 

2-3 മണിക്കൂർ ജോലി ചെയ്താൽ ലഭിക്കുന്ന വരുമാനം പറഞ്ഞാണ് ഷാജിറിന്റെ മിക്ക വിഡിയോകളും. പിന്നീട് ബാക്കി സമയം എങ്ങനെ ചെലവാക്കി എന്നുള്ള അനുഭവം. ആരും കൊതിച്ചു പോകുന്ന ഈ ജീവിതം എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നതിന് ഷാജിറിന് ഉത്തരമുണ്ട്. 8-9 മണിക്കൂർ ഓഫീസിൽ അടച്ചിരുന്ന് ജോലി ചെയ്യാൻ തനിക്ക് കഴിയില്ല. അതുകൊണ്ടാണ് ഈ വഴി തിരഞ്ഞെടുത്തത്. ബാക്കി കിട്ടുന്ന സമയം കൊണ്ട് എനിക്ക് പുസ്തകങ്ങൾ വായിക്കാം, ഫിറ്റ്നസ് ചലഞ്ചുകൾ ചെയ്യാം. പണത്തേക്കാൾ ഉപരി ഈ തൊഴിൽ എനിക്ക് തരുന്ന വലിയൊരു ശമ്പളമുണ്ട്, സമയവും മനഃസമാധാനവും എന്നും ഷാജിർ പറയുന്നു. 

Also Read: 'കീബോര്‍ഡില്‍ ശക്തമായി ഇടിച്ചു, പേടിച്ചു പോയി'; മതം നോക്കിയല്ല പാട്ട് പാടുന്നതെന്ന് റഷീദ്

ഷാജിറിന്റെ വിഡിയോ പൃഥ്വിരാജ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കി പങ്കുവച്ചിരുന്നു. പിന്നാലെ അക്കൗണ്ട് പിന്തുടരുകയും ചെയ്തു. ഈ നേട്ടം രണ്ട് ജാംബ തൈ നട്ടാണ് ഷാജിർ ആഘോഷിച്ചത്. രാജുവേട്ടൻ ഫോളോ ചെയ്തത് പലരും കേക്ക് മുറിച്ച് ആഘോഷിക്കാൻ പറഞ്ഞു, പക്ഷേ, കേക്കിന് പകരം രണ്ട് ജാംബ തൈകൾ നട്ട് ഞാൻ ആഘോഷിച്ചു എന്നാണ് ഷാജിർ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. 

എന്നത്തെയും പോലെ രാവിലെ ജോലിക്ക് പോയി. വഴിയിൽ മനോഹരമായ മഞ്ഞുപുതച്ചു നിൽക്കുന്ന ഒരു വയൽ കണ്ടു—അതിന്റെ തീരത്തിരുന്ന് കുറച്ചു നേരം ധ്യാനം ചെയ്തു. പണിയെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ആ വലിയ സന്തോഷങ്ങൾ കൂടെയുണ്ടായിരുന്നു. നമ്മുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് 300K ആയിരിക്കുന്നു, അതോടൊപ്പം രാജുവേട്ടനും (പൃഥ്വിരാജ്) നമ്മളെ ഫോളോ ചെയ്യുന്നുണ്ട്. പക്ഷേ കേക്ക് മുറിക്കുന്നതിന് പകരം, രണ്ട് ജാംബ തൈകൾ വാങ്ങി നട്ടാണ് ഞാൻ ആ സന്തോഷം ആഘോഷിച്ചത് എന്നാണ് ഷാജിർ കുറിച്ചത്. 

അതേസമയം, ഷാജിറിൻറെ വാക്കുകൾ കേൾക്കാൻ ആൾക്കാർ കൂടുകയാണ്. 3 ലക്ഷം ഫോളോവേഴ്സിനെ ആഘോഷിക്കുന്ന സമയത്തു തന്നെ ഷാജിറിന്റെ ഇൻസ്റ്റ​ഗ്രാം ഫോളോവേഴ്സിന്റെ എണ്ണം 4.35 ലക്ഷത്തിലേക്ക് എത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

Coconut climber Shajir, known popularly on Instagram as Shajir Talks (shajir_talks), has drawn massive social media attention for his simple, mindful lifestyle and rapid follower growth, crossing 4.35 lakh followers. His reels highlight earnings from two to three hours of work and how he spends his free time reading books, painting, doing fitness challenges, teaching his mother English, and meditating by misty fields. Preferring time and peace of mind over long office hours, Shajir gained further visibility after actor Prithviraj Sukumaran shared his video and followed his account. Celebrating 300K followers and Prithviraj's follow, Shajir planted two rose apple (jamba) saplings instead of cutting a cake.