ചക്കക്കൊമ്പനെ മയക്കുവെടി വച്ച് മാറ്റാനുള്ള ഇന്നത്തെ ദൗത്യം അത്യന്തം അപകടകരമായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് ഹൈറേഞ്ച് സിസിഎഫ് ഡി.കെ. വിനോദ് കുമാര്‍ വൈകീട്ട് മാധ്യമങ്ങളോട് പറഞ്ഞത്. കുപിതനായ ആന ആക്രമണത്തിന് തുനിഞ്ഞെന്നും ഒരു സംഘം രക്ഷപ്പെട്ടത് കഷ്ടിച്ചാണെന്നും വിനോദ് കുമാര്‍ വ്യക്തമാക്കി.
ഒരാള്‍ പൊക്കമുള്ള പുല്ലില്‍ ആയിരുന്നു ചക്കക്കൊമ്പന് ദൗത്യസമയത്ത് നിലയുറപ്പിച്ചിരുന്നത്. മൂന്ന് സംഘമാണ് മയക്കുവെടി വയ്ക്കാനായി കുങ്കിയാനകളുടെ പുറത്തായി ചക്കക്കൊമ്പനെ സമീപിച്ചത്. ആനകളെ കാലിലോ പിന്‍ഭാഗത്തോ ആണ് സാധാരണയായി മയക്കുവെടി വയ്ക്കാറ്. ഇതിനായി ആനയുടെ പിന്‍വശത്തുകൂടിയാണ് ദൗത്യസംഘം സമീപിച്ചത്.
ആദ്യ മയക്കുവെടി ലക്ഷ്യം കൊണ്ടെങ്കിലും പുല്ലില്‍ തട്ടിയ ഡാര്‍ട്ട് വേഗത കുറഞ്ഞ് കാലില്‍ തറയ്ക്കുകയായിരുന്നു. ഇത് ഉടന്‍ തന്നെ നിലത്തുവീഴുകയും ചെയ്തു. ഇത് ആനയെ മയക്കാനുള്ള അളവില്‍ മരുന്ന് എത്തിച്ചില്ല. ചെവിയാട്ടലും വാലാട്ടലും നിര്‍ത്തി ആന അനങ്ങാതെ നിന്നെങ്കിലും തുമ്പിക്കൈ ചലിക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്നും ആന മയങ്ങിയില്ല എന്ന് വ്യക്തമായി.
ഇതോടെ സംഘം ആനയെ രണ്ടാം ഡോസ് വയ്ക്കാനായി സമീപിക്കുകയായിരുന്നു. എന്നാല്‍ ഉടന്‍ തന്നെ ചക്കക്കൊമ്പന് ആക്രമണകാരിയാകുകയും സംഘത്തിന് നേരെ പാഞ്ഞടുക്കുകയുമായിരുന്നു. ഇതില്‍ നിന്നും സംഘം കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് വിനോദ് കുമാര്‍ പറഞ്ഞു.
കൂടാതെ സമയം കടന്നുപോയതോടെ കാലവസ്ഥ പ്രതികൂലമാകുകയും കോടമഞ്ഞ് നിറയുകയുമായിരുന്നു. സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ എങ്ങനെയായിരിക്കും ദൗത്യം എന്നത് നാളെയായിരിക്കും തീരുമാനിക്കുക. ഇന്നത്തെ സംഘം നാളെ വിശ്രമത്തിലായിരിക്കും. പുതിയ സംഘത്തെയാണ് നാളെ അയക്കുക. കോടമഞ്ഞ് കുറഞ്ഞ് വ്യക്തമായി കാഴ്ച ലഭിക്കുകയാണെങ്കില്‍ നാളെ രാവിലെ ഏഴോടെ ദൗത്യം തുടരാനാണ് തീരുമാനം.