Image: instagram.com/mehza_bouttique

Image: instagram.com/mehza_bouttique

മലപ്പുറത്ത് ഫെയർനെസ് ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവം വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. വാർത്ത പുറത്തുവന്നതോടെ ഫെയർനെസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ‌ തനിക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായി വെളിപ്പെടുത്തി ഗായകൻ സലീം കോടത്തൂരും രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ താനും ഈ ക്രീം ഉപയോഗിച്ചിരുന്നെന്നും എന്നാല്‍ അത് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചത് ഈ സമൂഹമാണെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍ സജീവമായ മെഹ്സ ബുട്ടീക് എന്ന പേജിന്‍റെ ഉടമ മുബീന. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വിഡിയോയിലൂടെയാണ് നിറത്തിന്‍റെ പേരില്‍ നേരിട്ട അവഗണനകളടക്കം മുബീന പങ്കുവച്ചത്.

മലപ്പുറത്തെ വൃക്കരോഗം ബാധിച്ച കുട്ടി ഉപയോഗിച്ച ക്രീം താനും ഉപയോഗിച്ചിരുന്നുവെന്നും എന്നാല്‍ നാലു മാസത്തോളമായി നിര്‍ത്തിയിട്ടെന്നും പറഞ്ഞാണ് മുബീന വിഡിയോ ആരംഭിക്കുന്നത്. നിറത്തിന്റെ പേരിൽ ചെറുപ്പം മുതലേ നേരിടേണ്ടി വന്ന അവഗണനകളും പരിഹാസങ്ങളുമാണ് വെളുക്കാൻ വേണ്ടിയുള്ള ക്രീമുകൾ തേക്കാൻ പ്രേരിപ്പിച്ചതെന്ന് മുബീന പറയുന്നു. ‘ഈ ക്രീം ഉപയോഗിക്കാൻ കാരണക്കാർ ആരാണെന്നറിയോ, നിങ്ങളാണ്. നിങ്ങളാണ് എന്നെ കുഞ്ഞിലെ മുതലേ കറുപ്പ് കാണാൻ കൊള്ളില്ലെന്നും വെളുപ്പാണ് കാണാൻ ഭംഗി എന്നും പറഞ്ഞ് പഠിപ്പിച്ചത്’– മുബീനയുടെ ഈ വാക്കുകളില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ണവിവേചനം എത്രത്തോളമാണെന്ന് വ്യക്തമാണ്.

അഞ്ചാം ക്ലാസ് മുതൽ 'കറുത്ത് പോയി' എന്ന വാക്കുകൾ കേട്ടാണ് വളർന്നതെന്ന് മുബീന പറയുന്നു. സ്കൂൾ കലോത്സവത്തിന് മണവാട്ടിയായി വേഷമിടാൻ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടും, കറുത്തതായതുകൊണ്ട് തലേദിവസം 'ഇവളെ മാറ്റി പിന്നിൽ നിൽക്കുന്ന കുട്ടിയെ മുന്നിൽ നിർത്താം' എന്ന് അധ്യാപകൻ പറഞ്ഞ സംഭവം മുബീന ഓര്‍ക്കുന്നു. വീട്ടിൽ അതിഥികൾ വരുമ്പോൾ മൂത്ത മകൾക്ക് വാപ്പയുടെ നിറമാണെന്നും ഇളയ മകൾക്ക് ഉമ്മയുടെ നിറമാണെന്നും പറഞ്ഞ് തമാശ പറയും. ആ വാക്കുകൾ തന്നിലുണ്ടാക്കിയ മുറിവ് ഇന്നും മാഞ്ഞിട്ടില്ലെന്ന് മുബീന പറഞ്ഞു.

നിറം വെളുക്കാൻ വേണ്ടി പല വസ്തുക്കളും മുഖത്ത് പരീക്ഷിച്ചിട്ടുണ്ട്. പ്രസവസമയത്ത് പോലും കുഞ്ഞിന്റെ ചെവി നോക്കി ഭാവിയിൽ നിറം കുറയുമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ അന്ന് നിറത്തേക്കാൾ പ്രധാനം കുഞ്ഞിന്റെ ആരോഗ്യമാണെന്ന് ഓർമ്മിപ്പിച്ച ഉമ്മയുടെ വാക്കുകളാണ് യഥാർഥ പിന്തുണയായതെന്നും മുബീന വ്യക്തമാക്കി. നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സിൽ വെളുപ്പും കറുപ്പും എന്ന വേർതിരിവിന്റെ വിഷം കുത്തിവയ്ക്കരുതെന്ന ശക്തമായ സന്ദേശത്തോടെയാണ് മുബീന വിഡിയോ അവസാനിപ്പിക്കുന്നത്. ഇന്നലെ പങ്കിട്ട വിഡിയോ ഇതിനകം മൂന്ന് മില്യണിലധികം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ മാത്രം കണ്ടത്. നടിമാരായ ശ്വേത മേനോന്‍, അശ്വതി ശ്രീകാന്ത് തുടങ്ങിയവരും കമന്‍റില്‍ മുബീനയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

മുബീനയുടെ വാക്കുകള്‍: ‘ഇതാണ് കിഡ്നി ഡാമേജ് ആക്കിയ ക്രീം. ഇത് നാലു മാസത്തോളമായി ഞാൻ നിർത്തിയിട്ട് പക്ഷേ ഇത്രയും ഭാഗം ഞാൻ ഉപയോഗിച്ച് തീർത്തതാണ്. ഈ ക്രീം ഉപയോഗിക്കാൻ കാരണക്കാർ ആരാണെന്നറിയോ, നിങ്ങളാണ്. നിങ്ങളാണ് എന്നെ കുഞ്ഞിലെ മുതലേ കറുപ്പ് കാണാൻ കൊള്ളില്ലെന്നും വെളുപ്പാണ് കാണാൻ ഭംഗി എന്നും പറഞ്ഞ് പഠിപ്പിച്ചത്.

നീ കറുത്തിട്ടാണ് എന്ന് ഞാൻ എന്റെ അഞ്ചാം ക്ലാസു മുതൽ ഞാൻ കേൾക്കാൻ തുടങ്ങിയതാണ്. സ്കൂള്‍ കലോത്സവത്തിന് ഞാനായിരുന്നു മണവാട്ടി. അന്ന് സാധനങ്ങളെല്ലാം വാങ്ങി സെറ്റാക്കി തലേ ദിവസം സാർ വന്നിട്ട് പറയുകയാ ഈ കൊച്ചിനെ മാറ്റിയിട്ട് ബാക്കിൽ നിൽക്കുന്ന കൊച്ചിനെ ഫ്രണ്ടിൽ നിർത്താം. എന്താ കാര്യം? ഞാൻ കറുപ്പല്ലേ, കറുത്തിട്ടല്ലേ ഇരിക്കുന്നേ പിന്നെ എങ്ങനെ എന്നെ ഫ്രണ്ടിൽ നിർത്തും.

ഇനി വീട്ടിൽ ആരെങ്കിലും വന്നാൽ എന്നെ കണ്ട് ആദ്യം പറയുന്നത് എന്താണെന്നറിയുമോ, അയ്യോ മൂത്ത മോൾക്ക് വാപ്പാന്റെ നിറമല്ലേ കിട്ടിയേക്കുന്നെ, പക്ഷേ ഇളയ മോൾക്ക് ഉമ്മാന്റെ നിറമാ കേട്ടോ കിട്ടിയേക്കുന്നേ എന്ന്. ഈ വരുന്നവർ ഇത്രയും വലിയ തമാശ പറഞ്ഞിട്ട് പോകും. പക്ഷേ ഈ പറയുന്ന കാര്യം എന്റെ ഉള്ളിൽ അന്നും ഇന്നും എപ്പോഴും ഉണ്ട്.

പിന്നെ ഇവർ പറയുന്ന വാക്ക് കേട്ടിട്ട് വെളുക്കാൻ വേണ്ടി കണ്ണിൽ കണ്ടതെല്ലാം ഞാൻ എന്റെ മുഖത്ത് തേയ്ക്കും. ഇനി പരീക്ഷിക്കാൻ കുരുമുളക് കൂടിയേ ഉള്ളൂ, ബാക്കിയെല്ലാം തേച്ച് കഴിഞ്ഞു. ഇതൊക്കെ കഴിഞ്ഞ് ഞാൻ എന്റെ കൊച്ചിനെ പ്രസവിച്ച സമയത്ത് പോലും കുഞ്ഞിനെ കണ്ടിട്ട് ചെവി നോക്കിയിട്ട് പറയുകയാ, ഭാവിയിൽ എന്റെ കൊച്ച് കറുത്ത് പോകും. എന്താല്ലേ! 

ഇക്കാന്‍റെ ഉമ്മ എന്റെ അടുത്ത് പറഞ്ഞ ഒരു കാര്യമുണ്ട്, മക്കളുടെ കറുപ്പിലോ വെളുപ്പിലോ അല്ല കാര്യം, കുഞ്ഞിനെ ആരോഗ്യത്തോടെ കിട്ടി, അതിലാണ് കാര്യം. എത്രപേർ ഇങ്ങനെ ചിന്തിക്കും? സൗന്ദര്യത്തിന്റെ പേര് പറഞ്ഞിട്ട് എത്ര മക്കളാ ഭർത്താവിന്റെ വീട്ടിൽ ജീവനൊടുക്കിയിട്ടുള്ളേ? നമുക്ക് ഒരു കാര്യമേ ചെയ്യാൻ പറ്റുള്ളൂ, നമ്മുടെ മക്കളിൽ വെളുപ്പ് കറുപ്പ് എന്നുള്ള ഒരു വിഷം കുത്തി വയ്ക്കാതിരിക്കുക.

ENGLISH SUMMARY:

Mubeena, owner of the Instagram page Mehsa Boutique, has shared a social media video revealing that she also used the fairness cream linked to a girl's severe kidney disease in Malappuram, though she stopped using it four months ago. Mubeena also stated that societal colourism and prejudice pushed her to seek fairer skin from childhood.