face-cream

മൂന്ന് വർഷം മുൻപ് ഡോക്ടർമാരുടെ സംഘം നടത്തിയ പഠനത്തിൽ അപകടകരമായ അളവിൽ മെർക്കുറി സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയ ഫെയ്സ് ക്രീമുകൾ ഇപ്പോഴും വിപണിയിൽ സുലഭം. യൂത്ത് ഫെയ്സ്, ഫൈസ, അയ്ന, ലൂക്ക തുടങ്ങിയ ക്രീമുകളിലാണു അനുവദനീയമായതിൽ പല മടങ്ങ് കൂടുതൽ മെർക്കുറിയുണ്ടെന്ന് അന്ന് സ്ഥിരികരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഡോക്ടർമാർ നടത്തിയ പഠന റിപ്പോർട്ടിന്‍റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. 

മെർക്കുറിക്ക് പുറമെ ചില ക്രീമുകളിൽ കൂടിയ അളവിൽ കാഡ്മിയം സാന്നിധ്യവും കണ്ടെത്തിയിരുന്നു. പുരുഷന്മാരും സ്ത്രീകളുമുൾപ്പെടെ 13 പേർക്ക് വൃക്കരോഗം വരാനുള്ള കാരണം ഫെയ്സ് ക്രീമിന്‍റെ ഉപയോഗമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് യൂത്ത് ഫെയ്സ്, ഫൈസ, അയ്ന, ലൂക്ക തുടങ്ങിയ ക്രീമുകൾ പരിശോധനയ്ക്ക് അയച്ചത്.

കോട്ടയ്ക്കൽ ആസ്റ്റർ മിംസും ചെന്നൈ റെനൽ ആൻഡ് യൂറോളജിക്കൽ പതോളജിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ക്രീമുകളിൽ അപകടകരമായ അളവിൽ ലോഹാംശം കണ്ടെത്തിയത്. 2021 മുതൽ ജൂലായ് മുതൽ 2023 സെപ്തംബർവരെയുള്ള കാലയളവിൽ കോട്ടയ്ക്കലിലെ ആശുപത്രിയിൽ വൃക്കരോഗത്തെത്തുടർന്ന് ചികിത്സയ്ക്കെതിയ 13 പേർ ഫെയ്സ് ക്രീം ഉപയോഗിക്കുന്നവരായിരുന്നു. ഇതിൽ ഏഴ് സ്ത്രീകളും ആറ് പുരുഷന്മാരുമുണ്ടായിരുന്നു. 14 മുതൽ 44 വയസുവരെയായിരുന്നു പ്രായപരിധി. 

രണ്ട് മാസം മുതൽ രണ്ട് വർഷംവരെ ഫെയ്സ് ക്രീം ഉപയോഗിച്ചവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു. വൃക്ക രോഗത്തിന് മറ്റു കാരണങ്ങൾ കണ്ടെത്താത്തതിനാലാണ് ഫെയ്സ് ക്രീം ഉപയോഗവുമായി ബന്ധപ്പെട്ട പരിശോധന നടത്തിയത്. ഫെയ്സ് ക്രീമുകളിൽ മെർക്കുറിയുടെ അനുവദനീയ അളവ് 1 പിപിഎം ആണ്. എന്നാൽ, അന്നു പരിശോധന നടത്തിയപ്പോൾ  യൂത്ത് ഫെയ്സിൽ 13200 പിപിഎം, ഫെയ്സയിൽ 21900 പിപിഎം, അയ്നയിൽ 10500 പിപിഎം, ലൂക്കയിൽ 13000 പിപിഎം, പേരില്ലാത്ത മറ്റൊരു ക്രീമിൽ 10800 പിപിഎം എന്നിങ്ങനെയായിരുന്നു മെർക്കുറിയുടെ അളവ്.  ശക്തമായ നടപടികളും ബോധവത്കരണവും വേണമെന്ന് പഠനം നടത്തിയ ഡോക്ടർമാരുടെ സംഘം ശുപാർശ ചെയ്തിരുന്നു. എന്നാൽ, ഈ ക്രീമുകളിൽ പലതും ഓൺലൈൻ വഴി ഇപ്പോഴും എളുപ്പത്തിൽ വാങ്ങാനാവും.

ENGLISH SUMMARY:

Face cream mercury risk highlights the dangerous levels of toxic heavy metals found in popular skin whitening products linked to kidney damage. Malayala Manorama Online News provides the exclusive details of this alarming medical study.