മിസ് യൂണിവേഴ്‌സ് വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളി പെൺകുട്ടി കെസിയ ലിസ് മെജോയ്ക്ക് പിന്തുണ അഭ്യർത്ഥിച്ച് വിഡിയോ. മിസ് യൂണിവേഴ്‌സ് കേരളയുടെ സംസ്ഥാന ഡയറക്ടറായ അർച്ചന രവിയാണ് മാധ്യമങ്ങളുടെയും മലയാളികളുടെയും പിന്തുണ തേടി വിഡിയോ പങ്കുവെച്ചത്.
വളരെ വിഷമത്തോടെയാണ് വിഡിയോ ചെയ്യുന്നതെന്ന് അർച്ചന പറയുന്നു. മലയാളികൾ എല്ലാത്തിനെയും ആഘോഷിക്കുന്നവരാണ്. സിനിമയെയും ഫുട്ബോളിനെയും റിയാലിറ്റി ഷോകളെ വരെ ആഘോഷിക്കുന്നവരാണ്. എന്നാൽ ലോക വേദിയിൽ എത്തിനിൽക്കുന്ന മലയാളിക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നാണ് അർച്ചന വിഡിയോയിൽ പറയുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കെസിയക്ക് പിന്തുണ ലഭിക്കുന്നുണ്ട്. മിസ് യൂണിവേഴ്‌സ് ഫൈനൽ മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. കെസിയക്കായി എല്ലാവരും വോട്ട് ചെയ്യണമെന്നും വിഡിയോയിൽ അഭ്യർത്ഥിക്കുന്നു.
മിസ് യുണിവേഴ്സിന്റെ 75-ാമത് ഡയമണ്ട് ജൂബിലി പതിപ്പിനായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള 116 രാജ്യങ്ങളിൽ നിന്നായി 116 സുന്ദരികളാണ് വിശ്വ സുന്ദരി കിരീടത്തിനായി വേദിയിൽ മാറ്റുരയ്ക്കുന്നത്. കേരളത്തനിമയും ഇന്ത്യൻ പാരമ്പര്യവും ആ വേദിയിൽ ഇതിനോടകം തന്റെ വസ്ത്രത്തിലൂടെയും മറ്റും കെസിയ എത്തിച്ചുകഴിഞ്ഞു. പേഴ്സണൽ ഇന്റർവ്യൂ റൗണ്ടിൽ കേരളത്തിന്റെ കസവുസാരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഗൗൺ, മുടിയിൽ മുല്ലപ്പൂ. നാഷണൽ കോസ്റ്റ്യൂം ഡേയിൽ ജിമിക്കി, പച്ചപ്പ്, തെങ്ങ്, കായൽ, ഹൗസ്ബോട്ട് തുടങ്ങി കേരളത്തിന്റെ കാഴ്ചകളും ഇന്ത്യൻ പാരമ്പര്യവും പ്യൂർട്ടോ റിക്കൻ സംസ്കാരത്തിന്റെ നിറങ്ങളും ചേർന്ന വേഷത്തിലൂടെ കെസിയ വീണ്ടും ശ്രദ്ധ നേടി.
ഇന്ത്യൻ സമയം നാളെ പുലർച്ചെ 4.30ന് ലാറ്റിൻ അമേരിക്കൻ രാജ്യമായ പ്യൂർട്ടോ റിക്കോയിലാണ് ഫൈനൽ. സാൻ ജുവാനിലെ പ്രശസ്തമായ ‘ഹോസെ മിഗ്വൽ അഗ്രെലോട്ട് കൊളീസിയം’ ആണ് ഈ വിശ്വസുന്ദരിപ്പട്ടത്തിനായുള്ള പോരാട്ടത്തിന് വേദിയാകുന്നത്. സുസ്മിത സെൻ, ലാറ ദത്ത, ഹർനാസ് സന്ധു എന്നിവറിലൂടെയാണ് ഇതിന് മുൻപ് മിസ് യൂണിവേഴ്സ് കിരീടങ്ങൾ ഇന്ത്യയിലെത്തിച്ചത്. മിസ് യൂണിവേഴ്സ് വേദിയിലെത്തുന്ന ആദ്യ മലയാളി കൂടിയായ കെസിയ ഹരിപ്പാട് മുട്ടം കിണറ്റുകരയിൽ മെജോ ഏബ്രഹാമിന്‍റെയും പത്തനംതിട്ട കടമ്മനിട്ട സ്വദേശി സുജ മെജോയുടെയും മകളാണ്.