vayal

TOPICS COVERED

പുലർച്ചെ മഞ്ഞുമാറും മുൻപേ പാടത്തിറങ്ങി ഞാറുനട്ടിരുന്ന മലയാളി കാർഷികത്തൊഴിലാളികൾ ഇന്ന് വയലേലകളിൽ അപൂർവ്വ കാഴ്ചയാണ്. എന്നാൽ തമിഴ് നാട്ടിപ്പാട്ടിന്റെ താളത്തിനൊപ്പം ഞാറുനട്ട് കാസർകോട്ടെ വയലുകൾക്ക് പുതുജീവൻ പകരുകയാണ് തമിഴ് കർഷകത്തൊഴിലാളികൾ.

നാട്ടിപ്പാട്ടിന്റെ ഈരടികൾക്കൊപ്പം കൈകൾ വേഗത്തിൽ ചലിക്കുന്നു. താളത്തിനൊത്ത് ചുവടുകൾ. വരമ്പുകൾക്കിടയിൽ നിരനിരയായി ഞാറുകൾ. ഇത് തമിഴ്നാട്ടിലെ ഏതെങ്കിലും ഗ്രാമമല്ല. നമ്മുടെ കാസർകോട്ടെ കടിഞ്ഞിമൂല പാടശേഖരമാണ്. നെൽകൃഷിയിൽ തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ, കൃഷിയിടങ്ങളിൽ സജീവമാകുകയാണ് തമിഴ് കർഷകത്തൊഴിലാളികൾ. കാസർകോട്, കണ്ണൂർ ജില്ലകളിലെ പ്രധാന പാടശേഖരങ്ങളിലെല്ലാം ഇവരുടെ കൈപ്പുണ്യം പതിയുന്നുണ്ട്. കടിഞ്ഞിമൂലയും പാലായിയും ഉൾപ്പെടെ നിരവധി പാടശേഖരങ്ങളിൽ ഞാറുനടാൻ ഇവർ എത്തുന്നു.

തമിഴ്നാട്ടിലെ കല്ലക്കുറുശ്ശി ജില്ലയിൽ നിന്നുള്ള മൂർത്തിയുടെ നേതൃത്വത്തിലുള്ള 7 അംഗ സംഘം കേരളത്തിൽ കൃഷിപ്പണിക്കെത്താൻ തുടങ്ങിയിട്ട് ഏകദേശം 15 വർഷമായി. നെൽകൃഷിയുടെ സീസണിൽ കേരളത്തിലെത്തും. പണികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങും. കേരളത്തിലെ നെൽകൃഷിക്ക് കരുത്തുപകരുന്ന ഈ തമിഴ് തൊഴിലാളികൾ, വയലേലകളിൽ പുതിയൊരു കാർഷിക കാഴ്ചയാകുകയാണ്. നാട്ടിപ്പാട്ടിന്റെ താളത്തിനൊപ്പം ഞാറുനടുമ്പോൾ, തൊഴിലാളികളുടെ കൈകൾക്കൊപ്പം പാടവും ഉണരുകയാണ്.

ENGLISH SUMMARY:

Malayala Manorama Online News highlights how Tamil agricultural workers are reviving paddy cultivation in Kasaragod by bringing rhythmic traditional planting methods to local fields amidst a severe labor shortage. These dedicated farmers from Tamil Nadu have become an essential part of Kerala's agricultural landscape over the past fifteen years.