രാമായണം സിനിമയിലൂടെ ലോകശ്രദ്ധ നേടിയ ജഡായുപാറയിലുണ്ടായ ചരിത്ര സമരങ്ങളെ കുറിച്ചാണ് ഇപ്പോൾ ഉയരുന്ന ചർച്ച. പാറയുടെ സംരക്ഷണത്തിനും, പിന്നീടതൊരു ടൂറിസം കേന്ദ്രമാക്കാനും നടത്തിയ പ്രയത്നങ്ങൾ ചെറുതല്ല. പാറ പൊളിച്ച് റോഡ് പണിയണമെന്ന ആശയത്തിനെതിരെ പോരാടിയാണ് ജഡായു പാറ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.
രാമായണത്തിലെ ജടായുവിന്റെ പോരാട്ടത്തിനോട് ഓർമ്മിപ്പിക്കും വിധമാണ് ജഡായു പാറയുടെ ചെറുത്തുനിൽപ്പ്. 1970 ൽ ഈ പാറ പൊട്ടിച്ച് എംസി റോഡിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കണമെന്നായിരുന്നു തീരുമാനം. അന്ന് ഇതിനായി സർക്കാർ ടെൻഡർ പുറപ്പെടുവിക്കുകയും ചെയ്തു. പ്രാഥമിക ജോലികൾ ആരംഭിച്ചതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സ്വാമി സത്യാനന്ദ സരസ്വതി സമരത്തിന് നേതൃത്വം നൽകി. ഇതിന് പിന്നാലെ അച്യുതമേനോൻ സർക്കാർ തീരുമാനം പുനപരിശോധിച്ചു. ക്വാറി പ്രവർത്തനങ്ങളും, പാറ പൊളിക്കാൻ ഉള്ള നീക്കങ്ങളും ഉപേക്ഷിച്ചു. സത്യാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ചടയമംഗലത്തെ പാറയിൽ ശ്രീരാമ വിഗ്രഹം സ്ഥാപിച്ചു. പിന്നീട് വർഷങ്ങളോളം ആളനക്കമില്ലാത്ത സ്ഥലമായി ജഡായു പാറ മാറി.
പ്രയാർ ഗോപാലകൃഷ്ണൻ ചടയമംഗലം എംഎൽഎ ആയതോടെ ജഡായു പാറയെ ടൂറിസം കേന്ദ്രമാക്കാനുള്ള നീക്കം ആരംഭിച്ചു. 2004 ൽ റവന്യൂ വകുപ്പിന്റെ കൈവശമുണ്ടായിരുന്ന ഭൂമി വിനോദസഞ്ചാര വകുപ്പിന് കൈമാറി. 2005ൽ അന്നത്തെ ടൂറിസം മന്ത്രി കെ സി വേണുഗോപാൽ ജഡായുപ്പാറ ടൂറിസം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടത്തി. 2006 ലാണ് മികച്ച ജഡായു ശില്പം നിർമിക്കാനുള്ള മത്സരം സർക്കാർ നടത്തിയത്. ശില്പി രാജീവ് അഞ്ചലിനെ നിർമ്മാണത്തിനായി തെരഞ്ഞെടുക്കുകയും ചെയ്തു.
ജഡായു ടൂറിസം പദ്ധതിയുടെ ആരംഭഘട്ടത്തിൽ തന്നെ പാറയിലെ ശ്രീരാമ ക്ഷേത്രവും നവീകരിച്ചു. കോദണ്ഡരാമ ട്രസ്റ്റിന്റെ കീഴിലാണ് ക്ഷേത്രത്തിന്റെ പ്രവർത്തനം. ശ്രീരാമന്റെ പാദവും ദാഹിച്ചു വലഞ്ഞ ജഡായു പാറയിൽ കൊത്തിയുണ്ടാക്കിയ കൊക്കരണിയുമാണ് ഇവിടെയുള്ളത് എന്നാണ് ഐതിഹ്യം. ദിവസവും ആയിരക്കണക്കിന് സഞ്ചാരികൾ എത്തിയിരുന്ന ജഡായു പാറ രാമായണം സിനിമയ്ക്ക് പിന്നാലെ ലോകപ്രസിദ്ധി നേടി. ഇതോടെ ഉത്തരേന്ത്യയിൽ നിന്നടക്കം എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചു.
പതിനഞ്ചായിരം ചതുരശ്ര അടി വിസ്തൃതിയിൽ മ്യൂസിയം, തീയറ്റർ എന്നിവയും ജഡായുപ്പാറയിൽ ഒരുക്കുന്നുണ്ട്. കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്നതോടെ ജഡായു പാറ കൊല്ലത്തിന്റെ ടൂറിസം മാപ്പിൽ പ്രധാന ആകർഷണ കേന്ദ്രമായി മാറി.