wayanad-kabani-news

വയനാട്ടിൽനിന്ന് ഒരു കടവ് കടന്നാൽ അക്കരെ കർണാടകയാണ്. കബനി അതിരുപങ്കിടുന്ന അതിർത്തി ഗ്രാമമായ കർണാടകയിലെ ബൈരക്കുപ്പയിൽ ഇന്നലെ ആഘോഷങ്ങളുടെ നിറപകലായിരുന്നു. രണ്ടു നൂറ്റാണ്ടു മുൻപ് പലായനം ചെയ്തെത്തിയ ഒരു ജനതയുടെ അതിജീവനത്തിന്റെയും കാർഷിക സമൃദ്ധിയുടെയും ഓർമ്മപുതുക്കലായ 'മുരിഅബ്ബ' ഉത്സവത്തിന്റെ നേർക്കാഴ്ചകളിലേക്ക്.

കബനിയുടെ ഓളങ്ങൾ വകഞ്ഞുമാറ്റി ഈ തോണി തുഴഞ്ഞെത്തുന്നത് ഒരതിർത്തിയിലേക്കല്ല, ഒത്തൊരുമയുടെ ഒരു വലിയ ഉത്സവപ്പറമ്പിലേക്കാണ്. അവിടം വേറൊരു വൈബാണ്.

കർണ്ണാടകയിലെ ചിത്രദുർഗ്ഗയിൽനിന്ന് ഇരുനൂറു കൊല്ലം മുൻപ് കബനിക്കരയിലെ മണ്ണിലേക്ക് കുടിയേറിയ വേടെഗൗഡ സമുദായത്തിന് ഇത് വെറുമൊരു ആഘോഷമല്ല; വേരുകളിലേക്കുള്ള തിരിച്ചുവരവിന്റെയും അതിജീവനത്തിന്റെ ഓർമകളുടെയും ഉത്സവമാണ് മൂരി അബ്ബ.

മേളപ്പെരുക്കത്തിനൊപ്പം അതിർത്തിയിലെ ഗ്രാമങ്ങൾ ഒന്നടങ്കം ഇളകിമറിയുകയാണ്. കബനിഗിരിയും ചേകാടിയും കടന്ന് കേരളത്തിൽ നിന്നും, കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിൽ നിന്നും ഒഴുകിയെത്തിയ മനുഷ്യർ. തലമുറകൾ കൈമാറിവന്ന നാടൻ താളത്തിനൊപ്പം കാലടികൾ പൊരുത്തപ്പെടുമ്പോൾ, വഴിയോരങ്ങളിൽ വിരിയുന്ന മുല്ലപ്പൂവിൻ്റെ സുഗന്ധം ഈ മണ്ണിലെ സ്നേഹത്തിന് കൂട്ടാവുന്നു.

മണ്ണിൽ പൊന്നുവിളയിക്കാൻ കൂടെനിന്ന കന്നുകാലികളോടുള്ള ആദരവാണ് ഈ തിരുനാളിന്റെ കാതൽ. കുളിപ്പിച്ച് ചന്ദനവും മാലയും മണികളുമണിയിച്ച് കാളകളെ ക്ഷേത്ര സന്നിധികളിലേക്ക് ആനയിക്കുന്നു. വിതച്ച വിത്തിന് സമൃദ്ധിയും, ഗ്രാമത്തിന് നല്ല മഴയും കാറ്റും നൽകണേ എന്ന പ്രാർത്ഥനയോടെ നടയിരുത്തൽ. പ്രാർത്ഥനകൾക്കൊടുവിൽ കാത്തിരുന്ന നിമിഷം മണ്ണിൽ കാൽകുളമ്പടി നാദമുയർത്തി മൂരിയോട്ടം. ഭക്തിയും കാർഷിക സംസ്കാരവും അതിരുകളില്ലാത്ത മനുഷ്യസ്നേഹവും ഒത്തുചേർന്നപ്പോൾ, ബൈരക്കുപ്പയുടെ മണ്ണിൽ ഇതൊരു പുണ്യോത്സവമായി മാറി.

ENGLISH SUMMARY:

The border village of Bairakuppa in Karnataka, situated across the Kabani river from Wayanad, celebrated the vibrant 'Muri Abba' festival with immense joy. This annual event marks two centuries of survival, heritage, and agricultural prosperity for the Vedegowda community, who migrated from Chitradurga 200 years ago. People from nearby villages in both Kerala and Karnataka gathered in large numbers to participate in the cultural festivities and honor cattle decked with garlands and bells. The festival concluded with prayers for rich harvests and the traditional bull race, highlighting a deep harmony between culture and nature.