ഗുരുവായൂര്‍ അമ്പല നടയില്‍ കണ്ണടച്ച് കൈകൂപ്പി ശ്രുതി നിന്നു. കഴുത്തില്‍ സന്ദീപ് വരമാല്യം ചാര്‍ത്തി. ഒരായിരം വേദനകളുടെയും നഷ്ടങ്ങളുടെയും കഥയില്‍ നിന്ന് ഇനി സന്തോഷത്തിന്‍റെ പുതിയൊരു തുടക്കം.
വയനാട് ചൂരല്‍മല ദുരന്തത്തിലെ ഏറെ വേദനയായ വാര്‍ത്തകളിലൊന്നായിരുന്നു ശ്രുതിയുടേത്. ദുരന്തത്തില്‍ ശ്രുതിയ്ക്ക് അച്ഛനും അമ്മയും അനിയത്തിയുമടക്കം കുടുംബത്തിലെ ഒന്‍പതോളം പേരെയാണ് നഷ്ടമായത്. കുടുംബത്തെ നഷ്ടപ്പെട്ട ശ്രുതിക്ക് ആ സമയത്ത് വലിയ താങ്ങായി നിന്നിരുന്നത് പ്രതിശ്രുത വരനായ ജെൻസൻ ആയിരുന്നു. എന്നാൽ ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞ് ഒരു മാസം തികയും മുൻപേ (സെപ്റ്റംബറിൽ) ഉണ്ടായ ഒരു വാഹനാപകടത്തിൽ ജെൻസനും മരണപ്പെട്ടു. ഇതോടെ ശ്രുതി ജീവിതത്തിൽ തീർത്തും ഒറ്റപ്പെട്ടുപോയി.
ഇപ്പോഴിതാ ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് പുതിയൊരു പാതയിലേക്ക് കടന്നിരിക്കുകയാണ് ശ്രുതി.
മാനന്തവാടി സ്വദേശി സന്ദീപ് ആണ് ശ്രുതിയുടെ ജീവിതപങ്കാളിയായത്. 2026 ജൂലൈയിൽ ലളിതമായ ചടങ്ങുകളോടെ ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു. ഇതിന് പിന്നാലെ നവംബര്‍ ഏഴ് ശനിയാഴ്ച രാവിലെ ആറേകാലോടെ ശ്രുതിയുടെ കഴുത്തില്‍ സന്ദീപ് താലിചാര്‍ത്തിയത്. മുന്‍ റവന്യൂ മന്ത്രി കെ.രാജനടക്കം സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
സന്തോഷമുള്ള നിമിഷമാണെന്നും ശ്രുതിയെ എല്ലാ ഘട്ടത്തിലും മലയാളികള്‍ ചേര്‍ത്തുപിടിച്ചിരുന്നെന്നും മുന്‍ മന്ത്രി കെ.രാജന്‍ പറഞ്ഞു. കേരളം മുഴുവന്‍ ശ്രുതിയുടെ രക്ഷകര്‍ത്താവായിരുന്നെന്നും ദുഃഖങ്ങളില്‍ പങ്കെടുത്ത എല്ലാ സാധാരണക്കാരന്‍റെയും സന്തോഷമാണ് ശ്രുതിയുടെ വിവാഹമെന്ന് കെ.രാജന്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാമറിഞ്ഞ് തന്‍റെ കൈപിടിച്ച ആളാണ് സന്ദീപെന്നും ഏറെ സന്തോഷമുണ്ടെന്നും മുന്നോട്ട് നല്ല സന്തോഷമുണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നെന്നും ശ്രുതി വിവാഹശേഷം പ്രതികരിച്ചു.