Image: Facebook, Muhammed Niyas Jouhary Oachira

  • സ്ത്രീകള്‍ മൂക്കുത്തി ധരിക്കുന്നതിനെക്കുറിച്ചും പല്ലില്‍ ക്ലിപ് ഇടുന്നതിനെപ്പറ്റിയും നിയാസ് ജൗഹരിയുടെ വിഡിയോ. വിഡിയോക്ക് താഴെ കമന്റുകളുടെ പൂരം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ മതപണ്ഡിതൻ മുഹമ്മദ്‌ നിയാസ് ജൗഹരി നടി നസ്രിയയെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയയില്‍. സിനിമാ പ്രൊമോഷന്‍ ചടങ്ങില്‍ നസ്രിയ ധരിച്ച വസ്ത്രത്തെക്കുറിച്ചുള്ള വിവാദത്തിന്‍റെ ചുവടുപിടിച്ചാണ് ജൗഹരിയുടെ പരാമര്‍ശങ്ങള്‍. എന്നാല്‍ റീലിന്‍റെ കമന്‍റ് ബോക്സില്‍ ജൗഹറിക്കെതിരായ പോക്സോ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളാണ് കൂടുതല്‍. ഉപദേശിക്കാന്‍ പോകുമ്പോള്‍ സ്വയം അതിനു യോഗ്യരാണോ എന്ന് നോക്കണമെന്നാണ് കമന്‍റുകളുടെ ആകെത്തുക.

Also Read: നിയാസ് ജൗഹറി കൂടുതൽ പെൺകുട്ടികളെ പീഡിപ്പിച്ചതായി സംശയം; സാമ്പത്തിക ഇടപാടുകളിലും അന്വേഷണം

‘ഏതോ ഒരു മുസ്ലിം സിനിമാനടി മോശം വസ്ത്രം ധരിച്ച് ഏതോ ഒരു പരിപാടിയില്‍ പങ്കെടുത്തു, കുറേ ആളുകള്‍ അതിനെ വിമര്‍ശിച്ച് വിഡിയോ ചെയ്യുന്നു, കമന്റിടുന്നു, വിവാദമാക്കുന്നു, എന്തിനുവേണ്ടി? അവരൊരു സിനിമാനടിയല്ലേ...അവരുടെ ഭര്‍ത്താവ് സിനിമാ നടനാണ്, സിനിമാ കുടുംബത്തിന്റെ മരുമകള്‍ കൂടിയാണ്. ഇതൊക്കെ അവര്‍ക്ക് നിസാരമാണ്, അവര്‍ക്കെന്ത് ഇസ്‍ലാം, ചാത്തപ്പനെന്ത് മഹ്ശറ? ഒരാള്‍ കള്ളുകുടിച്ച് മതിമറന്ന് ബോധമില്ലാതെ കിടക്കുകയാണെന്ന് വിചാരിക്കുക, അയാളുടെ അടുത്തുപോയി, കള്ളുകുടിക്കുമ്പോള്‍ ബിസ്മി ചെല്ലാത്തത് മോശമായിപ്പോയി എന്ന് പറയുന്നതില്‍ കാര്യമുണ്ടോ? അവരൊരു സിനിമാനടിയാണ്, അവരുടെ ജീവിതശൈലി ഇങ്ങനെയാണ്, ഇവരൊന്നും നന്നാവൂല എന്ന നിലപാടൊന്നും എനിക്കില്ല,എങ്കിലും ആ സഹോദരി ചെയ്തത് തെറ്റാണ്. മുസ്ലിം നാമധാരികളായ സിനിമാനടികളെ വിമര്‍ശിക്കുമ്പോള്‍ പുരുഷന്‍മാരെ ആരും വിമര്‍ശിക്കാറില്ല. പുരുഷന്‍മാര്‍ക്കും മതത്തിന്റെ നിയമമുണ്ട്’ – ഇതാണ് നിയാസ് ജൗഹരി പങ്കുവച്ച വിഡിയോയില്‍ പറയുന്നത്.

Also Read: കാമുകിക്കൊപ്പം ഹോം സ്റ്റേയില്‍, ലഹരി ഉപയോഗിച്ചു കിറുങ്ങി; വാതില്‍ തുറന്നപ്പോള്‍ ട്വിസ്റ്റ്

കൊല്ലത്ത് 16 കാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഇന്നലെയാണ് വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹരി അറസ്റ്റിലായത്. ഓച്ചിറയിലെ ഹബീബിയ ഇസ്ലാമിക് അക്കാദമി കേന്ദ്രീകരിച്ച് വൻ സാമ്പത്തിക ഇടപാട് നടന്നതായും കണ്ടെത്തി. സ്ഥാപനം കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണത്തിന് പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.

പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പ്രാർഥനയിലൂടെ രോഗം ഭേദമാക്കാം എന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഹബീബിയ്യ ഇസ്ലാമിക്‌ അക്കാദമിയുടെ ഡയറക്ടറാണ് പ്രതി. 16 കാരിയുടെ അടുത്ത ബന്ധുവിന്റെ അസുഖം പ്രാർഥനയിലൂടെ ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് കുട്ടിയെയും ബന്ധുവിനെയും സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നു.

ഇവിടെ വെച്ചാണ് പെൺകുട്ടിയെ ആദ്യമായി ഉപദ്രവിക്കുന്നത്. പിന്നീട് ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പൊലീസ് പറയുന്നു. 2025 ഒക്ടോബർ, നവംബർ മാസങ്ങളിൽ നടന്ന സംഭവം, പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് പൊലീസിൽ പരാതിപ്പെടുന്നത്. സ്ഥാപനത്തിൽ നിന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

ചോദ്യം ചെയ്യലിൽ ജൗഹരി കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതി സമാനമായ രീതിയിൽ കൂടുതൽ പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് വിവരം.

Niyas Jauhari Faces Backlash Over Nazriya Video After Arrest in Minor Assault Case:

Religious preacher and vlogger Muhammad Niyas Jauhari has come under fresh criticism on social media after a video in which he criticised actress Nazriya's choice of clothing went viral, with users questioning his own conduct following his arrest in a sexual assault case involving a 16-year-old girl in Kollam. Police suspect that he may have sexually exploited more girls and plan to subject his mobile phone to forensic examination. The accused allegedly lured the minor and her relative to the Habibiya Islamic Academy in Ochira by claiming that prayers could cure a family member's illness, before sexually assaulting the girl and later threatening her. Police have also found evidence of major financial transactions linked to the academy and are expanding their investigation into the institution