ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂർ കൊരട്ടിയിൽ ലഹരിവസ്തുക്കൾക്കൊപ്പം പിടികൂടിയ സവാള പൊലീസിന് പുലിവാലായി. പിടിച്ചത് ഒന്നും രണ്ടുമല്ല, 6,000 കിലോ. എങ്ങനെയെങ്കിലും സവാള ഒഴിവാക്കണമെന്നു കോടതി പറഞ്ഞതോടെ നെട്ടോട്ടമോടുകയാണ് പൊലീസ്.
പിടികൂടപ്പെട്ടതിൻ്റെ വാശിയിൽ പോലീസിനെ കരയിപ്പിച്ചു കൊണ്ടിരിക്കുകയാണ് സവാളകുട്ടന്മാർ. ഇതൊക്കെ അടുക്കി വച്ചിരിക്കുന്നത് ചന്തയിലോ, പച്ചക്കറി കടയിലോ അല്ല. വേറെ സ്ഥലം കിട്ടാത്തതുകൊണ്ട് കൊരട്ടി പഞ്ചായത്തിന്റെ വിശ്രമ കേന്ദ്രത്തിൽ യാത്രക്കാർക്ക് കൂട്ടായി സൂക്ഷിച്ചുവിച്ചിരിക്കുകയാണ്. ഈ പോക്കാണെങ്കിൽ പൊലീസും നാട്ടുകാരുമെല്ലാം കൂട്ടക്കരച്ചിലിലാകും. 118 ചാക്ക് സവാളയ്ക്ക് മൂന്നര ലക്ഷം രൂപ വിലവരുമെന്നാണ് കണക്ക്. തൊണ്ടിമുതലായതുകൊണ്ട് കാവലുമേർപ്പെടുത്തി. നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയപ്പോൾ പൊലീസിൻ്റെ തലയിൽ കയറിയതാണ് സവാള. ഏറ്റെടുക്കാനായി ചാലക്കുടി താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസിൽ അപേക്ഷ നൽകിയെങ്കിലും തീരുമാനമായില്ല. സവാള വിറ്റു പരിചയമില്ലാത്തതുകൊണ്ട് പൊലീസിനും കഴിയുന്നില്ല.
ഒക്ടോബർ 23നാണ് നിരോധിത പുകയില ഉൽപന്നങ്ങൾക്കൊപ്പം സവാളയും കസ്റ്റഡിയിലായത്. 11 ട്ന്നോളം തൂക്കം വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. കേസിൽ മൂന്നുപേർ അറസ്റ്റിൽ ആയിരുന്നു. ലോറി പോലീസ് കസ്റ്റഡിയിലാണ് ഒപ്പം മോചനം ലഭിക്കാതെ സവാളകളും.