തിരുവനന്തപുരം മൃഗശാലയില്‍ അമ്മ മരിച്ച കുട്ടി കുരങ്ങ് പോറ്റമ്മമാരുടെ തണലിൽ ജീവിതത്തിലേയ്ക്ക് പിച്ച വയ്ക്കുന്നു. മൃഗശാല വെറ്ററിനറി സംഘത്തിന്‍റെ കയ്യില്‍ കിടന്ന് പാലുകുടിക്കുന്ന കുട്ടിക്കുരങ്ങിന്‍റെ ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനു മുൻപ് തള്ള ഉപേക്ഷിച്ച സിംഹക്കുഞ്ഞുങ്ങളെ പരിപാലിച്ച അതേ ദൗത്യ സംഘം തന്നെയാണ് ഈ കുഞ്ഞിന്റെയും സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ 23ന് രാത്രിയാണ് മൃഗശാലയില്‍ ഹനുമാൻ കുരങ്ങ് ആൺകുഞ്ഞിന് ജന്മം നല്‍കിയത്. മണിക്കൂറുകൾക്കുള്ളിൽ തളളക്കുരങ്ങ് ചത്തു. പ്രസവ സംബന്ധമായ സങ്കീർണ്ണതകളെ തുടർന്നാണ് മരണം സംഭവിച്ചത്. കുഞ്ഞ് അവശനിലയിലും ആയി. കുഞ്ഞിനെ ഉടൻ മൃഗശാല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി. പ്രത്യേകം തയാറാക്കിയ ഇൻക്യൂബേറ്റർ സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്തു.

ഇപ്പോൾ കുഞ്ഞിന് ഹാൻഡ് ഫീഡിങ് ആരംഭിച്ചിട്ടുണ്ട്. 850 ഗ്രാം ശരീര ഭാരം ഉണ്ട്. കുഞ്ഞ് ആരോഗ്യവാനാണെങ്കിലും ആദ്യ ആഴ്ച വളരെ നിർണായകമാണെന്നും, അതിന് ശേഷം മാത്രമേ കൂടുതൽ ആരോഗ്യനിലയെ കുറിച്ച് പറയാൻ കഴിയൂവെന്നും മൃഗശാല അധികൃതർ അറിയിച്ചു. മുന്‍പ് തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഒരു ഹനുമാന്‍ കുരങ്ങ് ചാടിപ്പോയതും വാര്‍ത്തയായിരുന്നു.

ഹനുമാന്‍ കുരങ്ങുകള്‍

ചെവികൾക്കും മുഖത്തിനും കറുപ്പുനിറം, നീളത്തിലുള്ള താടിയും മുടിയും, രോമാവൃത ശരീരം എന്നിവയാണ് ഹനുമാന്‍ കുരങ്ങുകളുടെ (ഗ്രേ ലംഗൂർ) പ്രത്യേകത. ‘പ്രസ്‌ബൈറ്റിസ് എന്റെല്ലസ്’ എന്നാണ് ശാസ്‌ത്രീയ നാമം. 10 മുതൽ 18 കിലോ ഭാരവും ആൺ കുരങ്ങുകൾക്ക് ഏകദേശം 75 സെന്റി മീറ്ററും പെൺ കുരങ്ങുകൾക്ക് 65 സെന്റി മീറ്റർ നീളവും ഉണ്ടാകും. 27 മുതൽ 40 ഇഞ്ച് വരെയാണ് വാലിന്റെ നീളം. നേപ്പാൾ ഗ്രേ, കശ്മീർ ഗ്രേ, തറായ് ഗ്രേ, നോർത്തേൺ പ്ലെയ്ൻസ് ഗ്രേ, ബ്ലാക്ക് ഫൂട്ടഡ് ഗ്രേ, സൗത്തേൺ പ്ലെയ്ൻസ് ഗ്രേ, ടഫഡ് ഗ്രേ എന്നിങ്ങനെ ഏഴ് തരത്തിലുള്ള ഹനുമാൻ കുരങ്ങുകൾ ഉണ്ട്.

ഇന്ത്യ, ബംഗ്ലദേശ്, ശ്രീലങ്ക. പാക്കിസ്ഥാൻ എന്നിവിടങ്ങളിലാണ് ഹനുമാൻ കുരങ്ങുകളെ കാണാന്‍ സാധിക്കുക. ഇലകളും പഴങ്ങളും ചില പൂക്കളുമാണ് ഭക്ഷണം. എങ്കിലും ഓരോ സീസണനുസരിച്ച് ഇവയുടെ ഭക്ഷണരീതികൾ മാറുന്നതായും കണ്ടെത്തിയിട്ടുണ്ട്. 15 അടിവരെ ഉയരത്തിലും 40 അടി താഴേക്കും ഹനുമാൻ കുരങ്ങുകൾക്ക് ചാടാനാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. വന്യജീവി നിയമം ഷെഡ്യൂൾ രണ്ട് പാർട്ട് ഒന്നിൽ പെട്ടവയാണ് ഹനുമാൻകുരങ്ങുകൾ. ഇവയെ വേട്ടയാടിയാൽ കുറഞ്ഞതു മൂന്നു വർഷം തടവുശിക്ഷ ലഭിക്കും. വളരെ അക്രമസ്വഭാവമുള്ളവയായതുകൊണ്ടു തന്നെ മെരുക്കിയെടുക്കാനും കൂട്ടിലടയ്ക്കാനും പ്രയാസമാണ്. പലപ്പോഴും കൂട്ടത്തോടെയാണ് ഹനുമാൻ കുരങ്ങുകൾ താമസിക്കുന്നത്.

ENGLISH SUMMARY:

A newborn Hanuman langur baby at the Thiruvananthapuram Zoo is being hand-reared by a dedicated veterinary team after its mother died due to post-birth complications shortly after delivery. The 850-gram baby monkey was immediately shifted to a specially prepared incubator facility at the zoo hospital under the care of Veterinary Surgeon Dr. Nikesh Kiran. The same caretaking team that previously raised abandoned lion cubs at the zoo has now taken charge of protecting and feeding the infant. Although the newborn is currently healthy, zoo authorities emphasized that the first week remains extremely critical to its long-term survival.