മരുന്നുകൾക്കും ചികിത്സയ്ക്കുമൊപ്പം രോഗികൾക്ക് മാനസിക ആശ്വാസം പകരാൻ പുസ്തകങ്ങളുമായി ഒരു ലൈബ്രറി. കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിലെ ഈ വായനശാല രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമായി മാറുകയാണ്. ആശുപത്രിയിലെത്തുന്നവരുടെ വിരസത മാറ്റുകയെന്ന ലക്ഷ്യത്തോടെ പുനലൂർ മുനിസിപ്പാലിറ്റിയാണ് ലൈബ്രറി ഒരുക്കിയത്.

ചില ദിവസങ്ങളിലെങ്കിലും ആശുപത്രിയുടെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതാണ് രോഗികളുടെ ജീവിതം. ചികിത്സയുടെ ആശങ്കകളും മരുന്നുകളോടുള്ള പോരാട്ടവും സൃഷ്ടിക്കുന്ന മാനസിക സമ്മർദങ്ങൾക്കിടയിൽ വായന അവർക്ക് തുറന്നുനൽകുന്നത് മറ്റൊരു ലോകമാണ്. പ്രണയവും സൗഹൃദവും നിരാശയും ചരിത്രവുമെല്ലാം ഇഴചേരുന്ന പുസ്തകങ്ങളിലൂടെ രോഗിയെന്ന ചിന്തയിൽനിന്ന് താൽക്കാലികമായെങ്കിലും മനസ്സിനെ മോചിപ്പിക്കാം. പ്രായഭേദമന്യേ ആളുകൾ ഒത്തുചേരുന്ന ഇടമായും ഈ ലൈബ്രറി മാറുന്നു.

ആശുപത്രി സൂപ്രണ്ട് കെ.ആർ. സുനിൽകുമാറിന്റെ ആശയമാണ് പുനലൂർ മുനിസിപ്പാലിറ്റിയുടെ പിന്തുണയോടെ യാഥാർഥ്യമായത്. നിലവിൽ 1,600 പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. പുസ്തകങ്ങൾ വായിക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്ററിൽ പേര് രേഖപ്പെടുത്തി അവ എടുക്കാം. വായനക്കാരെ സഹായിക്കാൻ ജീവനക്കാരുടെ സേവനവും ലഭ്യമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ഈ ലൈബ്രറി പ്രയോജനപ്പെടുന്നുണ്ട്. പരിമിതമായ സൗകര്യങ്ങളിൽനിന്ന് വായനാ സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കാനും പുനലൂർ മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നു.

ചികിത്സ ശരീരത്തിനാണെങ്കിൽ വായന മനസ്സിനും ആശ്വാസമാകുമെന്ന സന്ദേശമാണ് പുനലൂർ താലൂക്ക് ആശുപത്രിയിലെ ഈ ലൈബ്രറി നൽകുന്നത്. ആശുപത്രി ജീവിതത്തിലെ ഏകാന്തതയ്ക്കിടയിൽ പ്രതീക്ഷയുടെ പുതിയ വാതിലുകൾ തുറക്കുകയാണ് ഇവിടെയുള്ള ഓരോ പുസ്തകവും.

Punalur Taluk Hospital library brings mental relief and comfort to patients and bystanders through the healing power of books: