തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം. പൊലീസിനെ വെള്ളപൂശുന്ന അന്വേഷണ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് തിരുവമ്പാടി ദേവസം വ്യക്തമാക്കി. ആരെയും രക്ഷിക്കാൻ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളിധരൻ പറഞ്ഞു. 2024ലെ തൃശൂർ പൂരം ആണ് കലക്കിയെന്ന ആക്ഷേപം ഉയർന്നത്. സിപിഐയുടെ തൃശൂർ ലോക്സഭാ സീറ്റിലെ സ്ഥാനാർഥിയായിരുന്ന വിഎസ് സുനിൽകുമാർ ആണ് പൂരം കലക്കൽ ആക്ഷേപം ഉന്നയിച്ചത്.
പിന്നീട് എൽഡിഎഫ് സർക്കാർ പൂരം കലക്കലിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതുവഴി തിരുവമ്പാടി ദേവസ്വത്തിനു മേൽ ചുമത്തി പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. ദേവസ്വം ഭാരവാഹികളായ എട്ടു പേരെ പ്രതിയാക്കാനാണ്അന്വേഷണസംഘം ചെയ്തത് . പൂരം സംഘാടനത്തിൽ അടിമുടി പിഴച്ച പൊലീസിന് ക്ലീൻചിട്ട് നൽകുകയും ചെയ്തു . ഇതിനെതിരെയാണ് തിരുവമ്പാടി ദേവസ്വം രൂക്ഷമായി പ്രതികരിച്ചത് .
2024ലെ തൃശൂർ പൂരം അലങ്കോലമാക്കിയതിൽ പൊലീസിന് വലിയ പങ്കുണ്ടായിരുന്നു. ദേശക്കാരെ വിശ്വാസത്തിൽ എടുക്കാതെ ശത്രു പക്ഷത്ത് നിർത്തിയായിരുന്നു പൊലീസിന്റെ നീക്കങ്ങൾ. പൊലീസിനെ അന്ന് രൂക്ഷമായി വിമർശിച്ച കോൺഗ്രസ് ഇപ്പോൾ ഭരണത്തിൽ വന്ന ശേഷം ഈ റിപ്പോർട്ടിൽ എന്ത് നടപടി എടുക്കുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്.