thrissur-pooram-low-fireworks-updates

നിറപകിട്ടിന്‍റെ ഒരു തൃശൂര്‍ പൂരം കൂടി ജനമനസുകളില്‍ പെയ്തിറങ്ങി. വെടിക്കെട്ട്  ഒഴിവാക്കിയതും വെട്ടിച്ചുരുക്കിയ കുടമാറ്റവുമായിരുന്നു ഈ പൂരത്തിന്‍റെ പ്രത്യേകത. തൃശൂരിന്‍റെ ഇടവഴികളെ പൂരത്തില്‍ അലിയിച്ച് ആദ്യം പുറപ്പെട്ടത് കണിമംഗലം ശാസ്താവ്. കാരമുക്കും ചൂരക്കോട്ടുക്കാവും ലാലൂരും അയ്യന്തോളും ചെമ്പൂക്കാവും ദേശങ്ങള്‍ പൂരപ്പുറപ്പാടുമായി വടക്കുന്നാഥന്‍റെ സന്നിധിയില്‍ എത്തി.

പനമുക്കുംമ്പിള്ളി ശാസ്താവിന്‍റെ വരവും പൂരക്കാഴ്ചകള്‍ക്കു പകിട്ടേകി. ഘടകക്ഷേത്രങ്ങളുടെ വരവുണ്ടാക്കിയ പൂരവിസ്മയം ജനം ആദ്യം ഹൃദയത്തിലേറ്റി. പൂരപ്രേമികള്‍ കാത്തിരുന്ന പിന്നെയുള്ള ഏറ്റവും വലിയ ഇവന്‍റ് മഠത്തില്‍വരവ് പഞ്ചവാദ്യമായിരുന്നു. ബ്രഹ്മസ്വംമഠത്തിലെ ആല്‍മരചുവട്ടില്‍ മേളപ്രമാണി കോങ്ങാട് മധുവും കൂട്ടരും സൃഷ്ടിച്ചത് വാദ്യഘോഷം.

പാറമേക്കാവിലമ്മയുടെ പ്രൗഡഗംഭീരമായ എഴുന്നള്ളിപ്പായിരുന്നു പിന്നെയുള്ള ദൃശ്യവിരുന്ന. പാറമേക്കാവ് ക്ഷേത്രത്തിനു മുമ്പില്‍ പതിനഞ്ചാനകള്‍ അണിനിരന്ന എഴുന്നള്ളിപ്പ്. തെക്കിന്‍റെ തേവര്‍ തൃക്കടവൂര്‍ ശിവരാജുവിന്‍റെ പുറമേറി പാറമേക്കാവിലമ്മ പുറത്തേയ്ക്കു എഴുന്നള്ളി.

ഇത്തവണ കൂടുതല്‍ കുടകള്‍ ഉയര്‍ത്തി ദേശക്കാരെ പാറമേക്കാവ് ദേവസ്വം രസിപ്പിച്ചു.  ഇലഞ്ഞിമരചുവട്ടിലെ പാണ്ടിമേളമായിരുന്നു പൂരം ആസ്വദിച്ച മറ്റൊരു വാദ്യവിരുന്ന്. മേളപ്രമാണി കിഴക്കൂട്ട് അനിയന്‍മാരാരും വാദ്യകലാകാരന്‍മാരും ലോകനിലവാരത്തില്‍ മറ്റൊരു ഓര്‍ക്കസ്ട്രതന്നെ സൃഷ്ടിച്ചു.

ഇലഞ്ഞിചുവട്ടിലെ മേളം കഴിഞ്ഞതോടെ തെക്കോട്ടിറക്കത്തിന്‍റെ ഊഴമായി. പാറമേക്കാവ് വിഭാഗം ആദ്യം പുറത്തിറങ്ങി. പതിനഞ്ചാനപ്പുറത്ത് പാറമേക്കാവിലമ്മയുടെ തെക്കോട്ടിറക്കം മറ്റൊരു ദൃശ്യാനുഭൂതിയായി. തിരുവമ്പാടി വിഭാഗം തൊട്ടുപിന്നാലെ തെക്കോട്ടിറങ്ങി. പ്രതീകാത്മകമായി കുടകള്‍ മാറി.

വെടിക്കെട്ടു ദുരന്തം കണക്കിലെടുത്തായിരുന്നു കുടകളുടെ എണ്ണം കുറച്ചത്. രാത്രിയിലെ എഴുന്നള്ളിപ്പാണ് ഇനി പൂരനഗരം കാത്തിരിക്കുന്നത്. പുലര്‍ച്ചെ വെടിക്കെട്ടില്ല. നാളെ പകല്‍പൂരവും ഉപചാരം ചൊല്ലി പിരിയലും കഴിയുന്നതോടെ അടുത്ത പൂരത്തിനുള്ള കാത്തിരിപ്പായി.

ENGLISH SUMMARY:

Thrissur Pooram 2023 brought a spectacle of colors to the hearts of people, with its highlights including the omission and reduction of fireworks and the shortened umbrella exchange. The Thrissur Pooram news showcased unique aspects this year, such as the processions of various deities and the grand Panchavadyam, all contributing to the festive spirit.