മക്കേക്കടവ് പാലം ഉദ്ഘാടനച്ചടങ്ങിനിടെ മുൻ എംപി എ.എം. ആരിഫിന് നേരെ കൂവൽ. ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്കിടെയാണ് സദസിൽ നിന്ന് കൂവലുയർന്നത്. സംഭവത്തിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച ആരിഫ്, വേദിയിൽ മര്യാദ പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
മന്ത്രി മുഹമ്മദ് റിയാസിനോട് പാലം ഉദ്ഘാടനം ചെയ്യാൻ താൻ നേരത്തേ പറഞ്ഞിരുന്നതാണെന്നും അന്ന് അദ്ദേഹത്തിന് സമയം ലഭിക്കാത്തതിനാലാണ് ഉദ്ഘാടനം നടക്കാതിരുന്നതെന്നും ആരിഫ് പറഞ്ഞു. അന്ന് പാലത്തിന്റെ നിർമാണം പൂർത്തിയാകാൻ ചെറിയ ജോലികൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഇപ്പോൾ ഉദ്ഘാടനം നടത്താൻ കഴിഞ്ഞുവെന്ന് പറഞ്ഞപ്പോഴാണ് സദസിൽ നിന്ന് കൂവലുണ്ടായത്.
പി.കെ. ബഷീറിന്റെ പരാമർശത്തോടും ആരിഫ് പ്രതികരിച്ചു. അദ്ദേഹത്തിന്റെ ശൈലി അങ്ങനെ തുടരട്ടെയെന്നും എന്നാൽ കിഫ്ബിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ തന്നെ വേദനിപ്പിച്ചെന്നും ആരിഫ് വ്യക്തമാക്കി. മക്കെക്കടവ് പാലത്തിന് അപ്പുറത്തുള്ള പെരുമ്പളം പാലം കിഫ്ബി വഴിയാണ് പൂർത്തിയാക്കിയതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കിഫ്ബിയെക്കുറിച്ചുള്ള പരാമർശങ്ങളിലെ അതൃപ്തിയും സംസാരിക്കാൻ അവസരം ലഭിക്കാത്തതിലുള്ള നീരസവും ആരിഫ് വേദിയിൽ തുറന്നുപറഞ്ഞു.
മുൻ എംഎൽഎ സി.കെ. ആശയും വേദിയിൽ സംസാരിക്കാൻ അവസരം ലഭിക്കാത്തതിലുള്ള അതൃപ്തി പ്രകടിപ്പിച്ചു. വേദിയിലുള്ളവരെ അഭിസംബോധന ചെയ്ത മന്ത്രി ബഷീര് സ്ഥലം എംപിയുടെ പേര് പറയാത്തതിനെ ആളുകള് തിരുത്തിച്ചു. കെ.സി, കെസി എന്നായിരുന്നു ആളുകള് ആര്പ്പുവിളിച്ചു. കെസി വേദിയിലില്ലാത്തതിനാലാണ് അഭിസംബോധന ചെയ്യാതിരുന്നതെന്ന് ബഷീര് പ്രതികരിച്ചു.
മാക്കേക്കടവ്–നേരേകടവ് പാലം മുഖ്യമന്ത്രിയാണ് ഗതാഗതത്തിന് തുറന്നു കൊടുത്തത്. മന്ത്രി പി.കെ. ബഷീർ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലയിലെ അരൂർ നിയോജകമണ്ഡലത്തിലെ തെക്കൻ തീരപ്രദേശത്തെയും കോട്ടയം ജില്ലയിലെ വൈക്കം നിയോജകമണ്ഡലത്തിലെ ഉദയനാപുരം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് പാലം. 850മീറ്റർ നീളമാണ് പാലത്തിനുള്ളത്. 2017ൽ എൽഡിഎഫ് സർക്കാർ ആണ് പദ്ധതിയ്ക്ക് തറക്കല്ലിട്ടത്.