രണ്ടുദേശങ്ങളെ കൈകോര്ത്ത് വേമ്പനാട്ടുകായലിന് കുറുകെ പുതിയൊരു പാലം കൂടി യാഥാര്ഥ്യമാകുന്നു. ആലപ്പുഴ - കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് – നേരേകടവ് പാലം ഞായറാഴ്ച രാവിലെ ഒന്പതിന് മുഖ്യമന്ത്രി വി.ഡി. സതീശന് നാടിന് സമര്പ്പിക്കും. ശബരിമല തീര്ഥാടകര്ക്ക് ഏറെ പ്രയോജനപ്പെടുന്ന പാലത്തിന്റെ നിര്മാണം 10 വര്ഷം മുന്പാണ് തുടങ്ങിയത്.
കടത്തുവളളത്തിലും ചങ്ങാടത്തിലും ജങ്കാറിലുമൊക്കെ വേമ്പനാട്ടു കായല് മുറിച്ചുകടന്നതിന്റെ കഥ പറയാനുളള നാടിന് മാക്കേക്കടവ് നേരേകടവ് പാലം ഇനി ആശ്വാസമാണ്. ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി പഞ്ചായത്തിന്റെ ഭാഗമായ മാക്കേക്കടവിനെയും കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തിന്റെ ഭാഗമായ നേരേകടവിനെയും ബന്ധിപ്പിക്കുന്ന പാലം ഏറെ പ്രതിസന്ധികള് പിന്നിട്ടാണ് നിര്മാണം പൂര്ത്തിയായത്.
2016 ജൂണില് നിര്മാണം തുടങ്ങി 24 മാസം കൊണ്ട് നിര്മാണം പൂര്ക്കിയാകേണ്ട പാലത്തിന്റെ പണിയില് പലതവണ തടസം നേരിട്ടു. ഒടുവില് പത്തു വര്ഷമെടുത്തു പാലം യാഥാര്ഥ്യമാകാന്. 98 കോടി രൂപ ചെലവഴിച്ച് 800 മീറ്റര് നീളത്തിലും 11 മീറ്റര് വീതിയിലുമാണ് പാലം നിര്മിച്ചിരിക്കുന്നത്. നാളിതുവരെ തണ്ണീര്മുക്കം ബണ്ട് വഴിയായിരുന്നു നാട്ടുകാരുടെ വാഹന യാത്ര.
പാലം യാഥാര്ത്ഥ്യമായെങ്കിലും വൈക്കം ഭാഗത്തേക്ക് പോകാന് ഇനിയും നല്ലൊരു റോഡ് വേണമെന്ന് നാട്ടുകാര് പറയുന്നു. നേരേകടവ് പാലം മുതല് ഉദയനാപുരം വരെയുളള രണ്ടര കിലോമീറ്റര് റോഡ് വീതി കുറഞ്ഞതും ടാറിങ് പൊളിഞ്ഞതുമാണ്. റോഡ് നവീകരിച്ചാല് വാഹന യാത്രക്കാര്ക്ക് സൗകര്യപ്രദമാകുമെന്ന് നാട്ടുകാര് പറയുന്നു.