Credit : Arun Krishna
മണ്ഡലകാലമാണ്, ഏറ്റവും ട്രെന്‍ഡിങ് അയ്യപ്പഭക്തിഗാനങ്ങളാണ്. പള്ളിപ്പെരുന്നാളുകളിലടക്കം സ്റ്റേജ് പരിപാടികളില്‍ അയപ്പഭക്തിഗാനങ്ങള്‍ക്ക് വന്‍ സ്വീകാര്യതയുണ്ട്. എന്നാല്‍ പാട്ടിനെ പാട്ടായി കാണാതെ വര്‍ഗീയത കുത്തിത്തിരുകാന്‍ ശ്രമിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടിയാണ് കോട്ടയം കീഴപറയാര്‍ പള്ളിയിലെ കഴിഞ്ഞ ദിവസം നടന്ന സംഭവം. അരുണ്‍ കൃഷ്ണ എന്ന എഫ്ബി പ്രൊഫൈലിലാണ് സംഭവത്തിന്‍റെ വിഡിയോ പങ്കുവച്ചത്.
പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന അയപ്പഭക്തിഗാനം പാടുകയാണ് ഗായകന്‍. ഇതിനിടെ വേദിയില്‍ വെള്ളഷര്‍ട്ടും മുണ്ടും ധരിച്ച ആള്‍ കയറുന്നു. തുടര്‍ന്ന് ഗായകനെ തടഞ്ഞ ഇയാള്‍ ക്രിസ്തീയ ഗാനങ്ങള്‍ പാടിയാല്‍ മതിയെന്നും പള്ളിക്കെട്ട് പാടേണ്ടെന്നും ഗായകനോട് പറയുന്നു. ഇയാള്‍ നാട്ടുകാരനല്ലെന്നാണ് വിഡിയോയില്‍ പറയുന്നത്. ഇതോടെ വേദിക്ക് പരിസരമുണ്ടായിരുന്നവര്‍ കൂക്കിവിളിക്കുന്നതും പള്ളിക്കെട്ട് പാടണമെന്ന് ഉറക്കെ പറയുന്നതും കേള്‍ക്കാം.
പിന്നാലെ വേദിയില്‍ കയറിയവര്‍ ഇയാളെ പിടിച്ച് വേദിയില്‍ നിന്ന് ഇറക്കിവിടുന്നതും കാണാം. ഇതിനിടെ ‘ഈ നാട്ടുകാരനല്ല ഇതെന്നും ഈ നാട്ടുകാരനാണെങ്കില്‍ പോലും കൊടുക്കെന്നും’ ആളുകള്‍ പറയുന്നത് കേള്‍ക്കാം. പിന്നാലെ ഇയാളെ ആളുകള്‍ പ്രദേശത്ത് നിന്ന് മാറ്റുന്നതും കാണാം.
ശേഷം പള്ളിയിലെ അച്ചന്‍റെ ആവശ്യപ്രകാരം വീണ്ടും പള്ളിക്കെട്ട് ഗായകന്‍ പാടി. രണ്ട് പാട്ട് എന്നതിന് പകരം അഞ്ച് പാട്ട് പാടാനും അച്ചന്‍ നിര്‍ദേശിച്ചു. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.