പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച കർഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമനൊപ്പമുള്ള ഓർമ്മകൾ പങ്കിട്ട് പ്രിയങ്ക ഗാന്ധി എംപി. അദ്ദേഹത്തിന്റെ വിയോഗവാർത്ത കേട്ടപ്പോൾ മനസ് വല്ലാതെ തകർന്നുപോയി. ഡൽഹിയിലുണ്ടായ ചില സാഹചര്യങ്ങൾ കാരണം വയനാട്ടിലേക്കുള്ള യാത്ര പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു. അതിനാൽ ഒരിക്കൽക്കൂടി അദ്ദേഹത്തെ കാണാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്നും പ്രിയങ്ക സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
'ചെറുവയൽ രാമനെ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം എന്നെ സ്വന്തം മകളായി വിശേഷിപ്പിച്ചു. അതെന്റെ ഹൃദയത്തെ സ്പർശിച്ചു. അന്നു മുതൽ ഞാൻ അദ്ദേഹത്തെ എന്റെ 'മലയാളി അച്ഛൻ' എന്ന് വിളിക്കുകയും തമാശകൾ പങ്കുവെക്കുകയും ചെയ്തിരുന്നു. ചിന്തയിലും പ്രവൃത്തിയിലും വിവേകവും ധീരതയും പുലർത്തിയിരുന്ന വ്യക്തിയായിരുന്നു എൻ്റെ മലയാളി അച്ഛൻ. തന്റെ ജനതയ്ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിൽ കുറഞ്ഞതൊന്നും അംഗീകരിക്കാൻ അദ്ദേഹം തയാറായിരുന്നില്ലെന്നും' പ്രിയങ്ക പറയുന്നു.
വിവേചനവും അനീതിയും അദ്ദേഹത്തിന്റെ മനസിന് ഒട്ടും സഹിക്കാവുന്നതായിരുന്നില്ല. തനിക്ക് ലഭിച്ച പുരസ്കാരങ്ങളും ആദരവുകളും കാണിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ ദുഃഖമായിരുന്നു. തന്റെ ജനതയ്ക്ക് മെച്ചപ്പെട്ട ജീവിതം സാധ്യമാകുന്നതുവരെ അവയ്ക്കൊന്നും തന്റെ ജീവിതത്തിൽ വലിയ അർത്ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. നെൽക്കൃഷിയെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം, സ്വന്തം സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും മഹത്തായ മൂല്യം തിരിച്ചറിഞ്ഞിരുന്നു. തൻ്റെ പാരമ്പര്യത്തിൽ അഭിമാനം കൊണ്ടിരുന്ന അദ്ദേഹം, ഓരോ ശ്വാസത്തിലും അത് മുറുകെപ്പിടിച്ചാണ് ജീവിച്ചത്- പ്രിയങ്ക കുറിച്ചു.
ഒരു മാസം മുൻപ് ഞങ്ങൾ അവസാനമായി സംസാരിച്ചപ്പോൾ, നേരിൽ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. താൻ അതിന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ഡൽഹിയിലുണ്ടായ ചില സാഹചര്യങ്ങൾ കാരണം വയനാട്ടിലേക്കുള്ള യാത്ര പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു. ഉടൻ തിരിച്ചെത്താമെന്ന പ്രതീക്ഷയിൽ അദ്ദേഹത്തെ കാണാനുള്ള അവസരം താൻ നഷ്ടപ്പെടുത്തിയെന്നും പറഞ്ഞ പ്രിയങ്ക, വിവേകിയായ തന്റെ സുഹൃത്തിനെ എന്നും ഓർക്കുമെന്നും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ തന്റെ ഹൃദയത്തിൽ എക്കാലവും സൂക്ഷിക്കുമെന്നും കുറിച്ചു. ഇന്ത്യയ്ക്ക് ഒരു ഉത്തമ പുത്രനെയാണ് നഷ്ടമായിരിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.