എത്ര അപകടകാരികളായ നായകളെയും നിമിഷങ്ങൾക്കകം ശാന്തസ്വരൂപികളാക്കുന്ന, സ്നേഹത്തുടലിൽ മെരുക്കിയെടുക്കുന്ന ഒരു വയനാട്ടുകാരൻ. മുന്നൂറിലധികം ഡോഗ് ചലഞ്ചുകളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ രഞ്ജു.
ഉടമയെപ്പോലും കടിക്കാൻ വെമ്പിനിൽക്കുന്ന അപകടകാരികളായ വളർത്തുനായ്ക്കളെ വെറും പത്തു മിനിറ്റിനുള്ളിൽ കൂടുതുറന്ന് കൂടെ നടത്തും ഈ വയനാട്ടുകാരൻ. ഉഗ്രകോപത്തോടെ ചീറിയടുക്കുന്ന നായ്ക്കൾക്കു മുന്നിൽ ഭയമല്ല, ആത്മവിശ്വാസമാണ് രഞ്ജുവിന്റെ ആയുധം.
പെറ്റ് ഷോപ്പ് ബിസിനസുമായി ബന്ധപ്പെട്ടാണ് യൂട്യൂബിലേക്ക് എത്തിയതെങ്കിലും, നായ്ക്കളുടെ സ്വഭാവരൂപീകരണവും അവയുമായുള്ള ആത്മബന്ധവും രഞ്ജുവിനെ എത്തിച്ചത് തികച്ചും വ്യത്യസ്തമായൊരു വഴിയിലാണ്. ഉടമസ്ഥർ നൽകുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് പല ജില്ലകളിലായി ഇതിനോടകം പൂർത്തിയാക്കിയത് മുന്നൂറിലധികം ഡോഗ് ചലഞ്ചുകൾ!
ക്രൗര്യത്തിനു പിന്നിലെ ഭയത്തെ തിരിച്ചറിഞ്ഞ്, മിനിറ്റുകൾകൊണ്ട് സ്നേഹത്തിന്റെ ലീഷ് അണിയിക്കുന്ന രഞ്ജുവിന്റെ ഈ വിസ്മയയാത്ര മൃഗസ്നേഹികൾക്ക് പകർന്നുനൽകുന്നത് വലിയൊരു പാഠമാണ്.