കൽപ്പറ്റ ഡിപ്പോയിലെ ഒരു ആനവണ്ടിയിൽ ഇത്തവണ ടിക്കറ്റ് നൽകാൻ അച്ഛനും സ്റ്റിയറിങ് പിടിക്കാൻ മകനുമെത്തി. ഇരുപത്തിയേഴ് വർഷമായി കെ.എസ്.ആർ.ടി.സിയിൽ സേവനമനുഷ്ഠിക്കുന്ന കണ്ടക്ടർ കെ. ഗിരീശനാണ് സ്വന്തം മകൻ ആദർശിനൊപ്പം ചരിത്രയാത്ര നടത്തിയത്. കുടുംബസ്നേഹവും കർമവഴിയും ഒന്നിച്ച ആ അപൂർവ ആനവണ്ടി യാത്രയിലേക്ക്..
വൈകുന്നേരം ആറുമണി. താമരശ്ശേരി ചുരത്തിലേക്ക് കോടയിറങ്ങിത്തുടങ്ങിയിരുന്നു. വളവുകൾ തിരിഞ്ഞ് മലനിരകൾ കീറിമുറിച്ച് കുതിച്ചെത്തുന്ന ഒരു സൂപ്പർഫാസ്റ്റ് കെ.എസ്.ആർ.ടി.സി . അകത്ത് പതിവുപോലെ യാത്രക്കാരുടെ തിരക്ക്. തിരക്കുള്ള ആ ബസിൽ ഒരു പോരാളിയെപ്പോലെ 27 വർഷമായി കണ്ടക്ടർ കെ. ഗിരീശനുണ്ട്. ആ . കണ്ണുകളിൽ ഇത്തവണ പതിവില്ലാത്തൊരു തിളക്കം. കാരണം, ചുരത്തിന്റെ നെഞ്ചിലൂടെ വണ്ടിയെ സുരക്ഷിതമായി നയിക്കുന്ന തേരാളിയായത് സ്വന്തം മകൻ ആദർശ്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താൽക്കാലിക ഡ്രൈവറായി എത്തിയ ആദർശിന് അച്ഛനൊപ്പം ലഭിച്ച രണ്ടാമത്തെ ഡ്യൂട്ടിയായിരുന്നു ഇത്. അച്ഛന്റെ വിരൽതുമ്പിലെ ഇരട്ട ബെല്ലിന്റെ താളത്തിൽ മകന്റെ കാൽച്ചുവടുകൾ ആക്സിലറേറ്ററിൽ കൃത്യമായി പതിഞ്ഞു. കണ്ടക്ടർ കെ. ഗിരീശനെ സംബന്ധിച്ച് ഇത് സന്തോഷത്തിന്റെ യാത്രയാണ്.