തിരഞ്ഞെടുപ്പ് തോല്വിക്ക് പിന്നാലെ വിശാല ഐക്യ നീക്കവുമായി ഐഎന്എല്. പല കാരണങ്ങള് കൊണ്ട് പിണങ്ങിപ്പോയ നാഷണല് ലീഗ് അടക്കമുള്ളവരെ തിരികെയെത്തിക്കാനായി ചര്ച്ചകള് തുടങ്ങി. തിരികെ വരുന്നവര്ക്ക് മാന്യമായ പരിഗണന നല്കുമെന്നാണ് സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര് കോവില് നല്കുന്ന ഉറപ്പ്.
നിയമസഭാ തിരഞ്ഞെടുപ്പില് രണ്ട് സീറ്റിലാണ് ഐഎല്എല് മല്സരിച്ചത്. സിറ്റിങ് സീറ്റായ കോഴിക്കോട് സൗത്തും ലീഗിന്റെ കുത്തകയായ കാസര്കോടും. രണ്ടിടത്തും ദയനീയ തോല്വി ഏറ്റുവാങ്ങേണ്ടി വന്നു. ഇടതുപക്ഷത്തിനാകെ തിരഞ്ഞെടുപ്പില് ക്ഷീണമുണ്ടായതിനാല് പാര്ട്ടിക്കേറ്റ തിരിച്ചടിയായി കാണുന്നതിനേക്കാള് മുന്നണിക്കേറ്റ തിരിച്ചടിയായാണ് ഐഎന്എല് കാണുന്നത്.
എങ്കിലും തിരഞ്ഞെടുപ്പ് തോല്വിക്ക് പിന്നാലെ പാര്ട്ടിയെ ശക്തിപ്പെടുത്താനാണ് തീരുമാനം. ഭിന്നിച്ചു മുന്നോട്ട് പോകുന്നത് ശരിയല്ലെന്ന സിപിഎം നിര്ദേശവും ഈ നീക്കത്തിന് പിന്നിലുണ്ട്. ഐഎന്എല് വിട്ടവരില് പ്രമുഖരായ എപി അബ്ദുല് വഹാബിന്റെ നേതൃത്വത്തിലുള്ള നാഷണല് ലീഗ് അടക്കമുള്ളവര് തിരികെ എത്തുമെന്നാണ് കണക്കുകൂട്ടല്. അതിനായി വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകും. പാര്ട്ടി പദവി നല്കുന്നതടക്കമുള്ള കാര്യങ്ങള് ഉഭകക്ഷി ചര്ച്ചയിലൂടെ തീരുമാനിക്കും. എന്നാല് ഐക്യ ചര്ച്ചകളോട് നാഷണല് ലീഗ് അടക്കമുള്ളവര് നിലപാട് വ്യക്തമാക്കിയിട്ടില്ല.