ഉത്തരാഖണ്ഡിൽ വോട്ടർപട്ടിക പ്രത്യേക തീവ്രപരിശോധന (Special Intensive Revision - SIR) നടപടികൾ പുരോഗമിക്കുകയാണ്. വോട്ടർപട്ടിക കുറ്റമറ്റതാക്കുകയെന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന ഈ നടപടികൾക്കെതിരെ ഇതിനകം വ്യാപക വിമർശനമാണ് ഉയരുന്നത്. എസ്ഐആറിന്റെ പേരിൽ കമ്മിഷൻ ധൃതിപിടിച്ചാണ് നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്നാണ് പ്രധാന ആരോപണം.
വിവാദങ്ങൾക്കിടെ സംസ്ഥാനത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ബി.വി.ആർ.സി. പുരുഷോത്തമിനുതന്നെ എസ്ഐആർ നോട്ടീസ് ലഭിച്ചതാണ് പുതിയ സംഭവം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കു പുറമെ ഒരു ബിജെപി എംഎൽഎയ്ക്കും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും സമാന നോട്ടീസുകൾ ലഭിച്ചിട്ടുണ്ട്.
അക്ഷരത്തെറ്റുകൾ, അപൂർണമായ പേര്, വിലാസത്തിലെ പൊരുത്തക്കേടുകൾ തുടങ്ങിയ സാങ്കേതിക പിശകുകളാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നോട്ടീസ് ലഭിക്കാൻ കാരണമായതെന്നാണ് വിശദീകരണം. എന്നാൽ ആളുമാറി നോട്ടീസ് നൽകുന്നതും രേഖകളിലെ ചെറിയ പിശകുകളുടെ പേരിൽ നടപടികൾ സ്വീകരിക്കുന്നതും എസ്ഐആർ നടപടികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുവെന്ന വിമർശനം ശക്തമാണ്.
നൈനിറ്റാളിലെ ബിജെപി എംഎൽഎ സരിത ആര്യയുടെ വീട്ടിലേക്കും നോട്ടീസ് എത്തിയിരുന്നു. വ്യക്തിഗത രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയ്ക്കും മകനുമാണ് നോട്ടീസ് നൽകിയത്. കുമാവോൺ മേഖലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ദീപക് റാവുവിനും സമാന നോട്ടീസ് ലഭിച്ചു.
പേരിലെ പിശകാണ് തനിക്ക് നോട്ടീസ് ലഭിക്കാൻ കാരണമായതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ബി.വി.ആർ.സി. പുരുഷോത്തം അറിയിച്ചു. നോട്ടീസ് ലഭിച്ച ഉടൻ ആവശ്യമായ രേഖകൾ സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇത്തരം നോട്ടീസ് ലഭിച്ചതിന്റെ പേരിൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ രേഖകൾ ഹാജരാക്കി വിവരങ്ങൾ തിരുത്തിയാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.