വിവാഹത്തിന് എട്ടുമാസത്തിന് ശേഷം ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണമുള്ള വിഡിയോ പങ്കുവച്ച് യുവ അധ്യാപിക ജീവനൊടുക്കി. ഡെറാഡൂണിലാണ് സംഭവം. സൃഷ്ടി കാന്ധാരി എന്ന യുവതിയാണ് ജീവനൊടുക്കിയത്. 2025 നവംബറിലാണ് സൃഷ്ടിയുടെ വിവാഹം കഴിഞ്ഞത്. മരണത്തിന് മുന്‍പ് സൃഷ്ടി തന്‍റെ അമ്മയ്ക്ക് അയച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
തന്‍റെ ഭര്‍ത്താവ് സൗരഭ് രതൂരിക്കെതിരെയും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും ഗുരുതര ആരോപണം പുറത്തുവിട്ടാണ് യുവതി ജീവനൊടുക്കിയത്. ‘അമ്മേ പൊറുക്കണം, ഞാന്‍ പോകുകയാണ്. എല്ലാം അപരിചിതമായിക്കഴിഞ്ഞു. കഴിഞ്ഞ ആറ് മാസമായി ഞാന്‍ കുറേ അനുഭവിച്ചു. ഇനി എന്നെക്കൊണ്ട് പറ്റില്ല’ എന്ന് യുവതി അമ്മയ്ക്കയച്ച വിഡിയോയില്‍ കരഞ്ഞുകൊണ്ട് പറയുന്നു. ‘ഇവര്‍ (ഭര്‍തൃവീട്ടുകാര്‍) ഒരിക്കലും അവരുടെ ചിന്താഗതി മാറ്റില്ല, വിവാഹശേഷം ഇങ്ങനെത്തന്നെയാണ് ഇവര്‍ പെരുമാറുന്നത്’ എന്നും യുവതി പറയുന്നുണ്ട്.
'ബിര്‍ണാണി' മുതല്‍ കഞ്ചാവ് കുരു ചമ്മന്തി വരെ; ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്കൂള്‍ ഉച്ചഭക്ഷണങ്ങള്‍...
പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി ഭര്‍തൃവീട്ടില്‍ നിന്ന് നിരന്തരം മാനസിക പീഡനം നേരിട്ടിരുന്നെന്നും ‘ദുഃശ്ശകുനം’ എന്ന് വിളിച്ചിരുന്നെന്നും വീട്ടിലുണ്ടാകുന്ന എന്ത് പ്രശ്നത്തിനും മൂലകാരണമാണ് യുവതിയെന്ന് ആരോപിച്ചിരുന്നെന്നും അമ്മ സീമ കാന്ധാരി പറയുന്നു.
വിവാഹത്തിന് മാസങ്ങള്‍ക്ക് ശേഷം യുവാവിന്‍റെ പിതാവിന് ഹൃദയാഘാതമുണ്ടായി. ഇതിന് പിന്നാലെ കാരണമന്വേഷിച്ച് കുടുംബം പൂജാരിയെ സമീപിച്ചു. പുതുതായി വന്ന മരുമകളുടെ ശകുനം ശരിയല്ലെന്നായിരുന്നു പൂജാരി കണ്ടെത്തിയ പ്രശ്നം. ഇതിന് പിന്നാലെ യുവതിക്കെതിരെ കുടുംബം തിരിഞ്ഞു. യുവതി ജീവനൊടുക്കിയതിന് മൂന്ന് ദിവസം മുന്‍പ് ഹൃദയാഘാതം വന്ന് കിടപ്പിലായിരുന്ന ഭര്‍തൃപിതാവ് മരണമടഞ്ഞു. പിന്നാലെ യുവതിക്ക് നേരെ കടുത്ത മാനസിക പീഡനമാണ് ഭര്‍തൃവീട്ടുകാര്‍ അഴിച്ചുവിട്ടതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.
യുവതിയുടെ വിഡിയോ കണ്ടതോടെ വീട്ടുകാര്‍ ഭര്‍തൃഗൃഹത്തിലേക്ക് എത്തി. എന്നാല്‍ അസുഖമായതിനാല്‍ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണെന്നാണ് അവിടെ നിന്ന് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ആശുപത്രിയിലെത്തിയ കുടുംബം യുവതിയുടെ മരണവാര്‍ത്തയാണ് അറിയുന്നത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെയും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും ഗാര്‍ഹികപീഡനത്തിനും സ്ത്രീധന പീഡനത്തിനും വകുപ്പുകള്‍ ചാര്‍ത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. യുവതിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം അന്വേഷണം തുടരും.