bala-baskar

സംഗീതഞ്ജന്‍ ബാലഭാസ്കറിന്‍റെ മരണത്തില്‍ തുടരന്വേഷണത്തിന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടു. വാഹനാപകടമാണെന്നും ആസൂത്രിത അപകടമെന്ന സംശയത്തിന് അടിസ്ഥാനമില്ലെന്നുമുള്ള സി.ബി.ഐയുടെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് വീണ്ടും അന്വേഷിക്കാനുള്ള ഉത്തരവ്. ഇതുവരെയുള്ള അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ബാലഭാസ്കറിന്‍റെ അച്ഛനും അമ്മയും നല്‍കിയ ഹര്‍ജിയില്‍ ഇരുപത് സംശയങ്ങളാണ് ഉന്നയിച്ചിരുന്നത്. ആ സംശയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്, ഈ ദുരൂഹതകള്‍ക്ക് ഉത്തരം കാണണമെന്ന് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ആദ്യ തവണ സി.ബി.ഐക്ക് അന്വേഷണം കൈമാറിയപ്പോഴും ഇതേ ദുരൂഹതകള്‍ കോടതി ഉന്നയിച്ചിരുന്നു. കോടതി ഉയര്‍ത്തുന്ന പ്രധാന ദുരൂഹതകളും അതിന് സി.ബി.ഐ കണ്ടെത്തിയ മറുപടികളും നോക്കാം.

 

  1.  രാത്രിയാത്രയുടെ കാരണം ദുരൂഹത: തൃശൂരില്‍ നിന്ന് രാത്രി തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചത് എന്തിന്? തൃശൂരില്‍ താമസിക്കാനുള്ള മുറി ബുക്ക് ചെയ്തിരുന്നു. അത് റദ്ദാക്കിക്കൊണ്ടാണ് രാത്രി വൈകിയുള്ള യാത്ര. അക്ഷയ് വര്‍മ എന്ന മ്യൂസിക് ഡയറക്ടറെ കാണാനായാണ് ബാലഭാസ്കര്‍ രാത്രി തന്നെ തിരുവനന്തപുരത്തേക്ക് തിരിക്കാന്‍ തീരുമാനിച്ചതെന്നാണ് പറയുന്നത്. എന്നാല്‍ അത്തരം ഒരു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നില്ലെന്ന് അക്ഷയ് വര്‍മ പറയുന്നു. പിന്നെന്തിനാണ് രാത്രിയാത്ര?

സിബിഐയുടെ കണ്ടെത്തല്‍: യാത്ര തീരുമാനിച്ചത് ബാലഭാസ്കര്‍ തന്നെ. ബി.എം.ഡബ്ളിയൂ കാര്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നു. അതിന് വേണ്ടിയാണ് രാവിലെ തിരുവനന്തപുരത്ത് എത്താന്‍ തീരുമാനിച്ചു. അക്ഷയ് വര്‍മ മ്യൂസിക് ഡയറക്ടറല്ല. സംവിധായകനാണ്. അദേഹം ചെയ്യുന്ന സിനിമക്കായി സംഗീതം ചെയ്യാനായി അക്ഷയയും ബാലുവും തീരുമാനിച്ചിരുന്നു. ഈ മ്യൂസിക് വേഗം പൂര്‍ത്തിയാക്കാന്‍ ആലോചിച്ചതും രാത്രിയാത്രക്ക് കാരണമായി. അതില്‍ ദുരൂഹതയില്ല.

2) ബാലുവിന്‍റെ മൊബൈല്‍ പ്രകാശന്‍ തമ്പി കൈവശപ്പെടുത്തിയത് എന്തിന്? ദുരൂഹത: അപകടത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി പ്രകാശന്‍ തമ്പി (ബാലുവിന്‍റെ സുഹൃത്തും പിന്നീട് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയും) ബാലുവിന്‍റെ മൊബൈല്‍ ഫോണും പഴ്സും വാങ്ങി. ബാലുവിന്‍റെ ഭാര്യ ചോദിച്ചിട്ടും ഇത് തിരികെ കൊടുത്തില്ല. അതില്‍ ദുരൂഹതയുണ്ട്.

സിബിഐയുടെ കണ്ടെത്തല്‍: ബാലുവിന്‍റെ സുഹൃത്ത് എന്ന നിലയിലാണ് മൊബൈലും പഴ്സും വാങ്ങിയത്. നിയമപരമായ നടപടി പൂര്‍ത്തിയാക്കിയാണ് പൊലീസ് അവ നല്‍കിയത്. ബാലുവിന്‍റെ ഭാര്യയ്ക്ക് മനപ്പൂര്‍വം മൊബൈല്‍ ഫോണ്‍ നല്‍കാതിരുന്നില്ല. മൊബൈലില്‍ ബാലുവും കുഞ്ഞുമൊക്കെയുള്ള സന്തോഷ നിമിഷങ്ങളുടെ ധാരാളം ഫോട്ടോകളുണ്ടായിരുന്നു. ചികിത്സയിലിരിക്കെ ലക്ഷ്മി അത് കാണുമ്പോഴുള്ള മാനസിക ബുദ്ധിമുട്ട് ഒഴിവാക്കാനാണ് മൊബൈല്‍ നല്‍കാതിരുന്നത്. മൊബൈല്‍ ഫോണ്‍ പ്രകാശന്‍ തമ്പി ദുരുപയോഗം ചെയ്തിട്ടില്ലെന്ന് ലക്ഷ്മിയും മൊഴി നല്‍കി.

3) അപകട സ്ഥലത്തിന് തൊട്ടടുത്ത് നിന്ന് പ്രകാശന്‍ തമ്പി പിന്‍വലിച്ച 25000 രൂപ– ദുരൂഹത: അപകടത്തിന്‍റെ തലേദിവസം, അതായത് 24ന് രാത്രി 11 മണിക്ക് അപകടം നടന്ന സ്ഥലത്തിന് സമീപത്തുള്ള എടിഎമ്മില്‍ നിന്ന് 25000 രൂപ പിന്‍വലിച്ചു. ഇതെന്തിന്?

സി.ബി.ഐയുടെ കണ്ടെത്തല്‍– പണം പിന്‍വലിച്ചത് പോത്തന്‍കോട്ടെ എ.ടി.എമ്മില്‍ നിന്നാണ്. ഇവിടവും അപകടസ്ഥലവും തമ്മില്‍ 7.5 കിലോമീറ്റര്‍ ദൂരമുണ്ട്.  പോത്തന്‍കോട്ടെ ആയൂര്‍വേദ ആശുപത്രിയില്‍ ഭാര്യയുടെ ചികിത്സക്കാണ് പ്രകാശന്‍ തമ്പിയും ഭാര്യയും പോയത്. അതിനാണ് പണം പിന്‍വലിച്ചത്. ദുരൂഹതയില്ല.

4) സീറ്റ് ബെല്‍റ്റിടാതെ ഡ്രൈവര്‍, പരുക്കും കുറവ്–ദുരൂഹത: അമിത വേഗത്തില്‍ കാര്‍ പാഞ്ഞിട്ടും ഡ്രൈവറായിരുന്ന അര്‍ജുന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. എന്നാല്‍ മുന്‍സീറ്റിലിരുന്ന ലക്ഷ്മി സീറ്റ് ബെല്‍റ്റിട്ടിരുന്നു. പക്ഷെ അപകടത്തില്‍ ലക്ഷ്മിക്ക് ഗുരുതര പരുക്കേറ്റു. താരതമ്യം ചെയ്യുമ്പോള്‍ അര്‍ജുനായിരുന്നു പരുക്ക് കുറവ്. ഇതില്‍ ആസൂത്രിത അപകടത്തിന്‍റെ ദുരൂഹതയില്ലേ?

സി.ബി.ഐയുടെ കണ്ടെത്തല്‍: അര്‍ജുന്‍ സീറ്റ് ബെല്‍റ്റിട്ടിരുന്നില്ലായെന്നത് ശരിയാണ്. പക്ഷെ അത് ആസൂത്രിത അപകടത്തിന്‍റെ സൂചനയല്ല. മുന്‍സീറ്റിലിരുന്ന അര്‍ജുന്‍റെയും ലക്ഷ്മിയുടെയും പരുക്കുകളുടെ ആഘാതത്തിലെ വ്യത്യാസം ശരീരഘടനയാണ് കാരണം. ഫൊറന്‍സിക് സര്‍ജന്‍ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

സി.ബി.ഐയുടെ ഈ വിശദീകരണങ്ങളൊന്നും തൃപ്തികരമല്ലെന്നും വിശദമായി ഒരിക്കല്‍ കൂടി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതി തുടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. 

ENGLISH SUMMARY:

Balabhaskar death case investigation has been ordered to reopen by the Kerala High Court, dismissing the CBI report that labeled the fatal crash a simple road accident. The court highlighted twenty lingering doubts raised by the musician's parents regarding the suspicious circumstances surrounding the midnight journey and key figures involved.