പിണറായി വിജയനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന കോടതി ഉത്തരവ് സർക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കോടതി വിധി മാനിക്കുന്നുവെന്നും അതിൽ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇ.ഡി കത്തിനെ നിയമപരമായി തന്നെയാണ് സർക്കാർ സമീപിച്ചതെന്നും, വിഷയത്തിൽ ആരോടും വ്യക്തിവിരോധം കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിലെ 568 പദ്ധതികളും വിജയകരമായി പൂർത്തീകരിച്ചതായി മുഖ്യമന്ത്രി. 96.5 ശതമാനം നേട്ടത്തോടെയാണ് നൂറുദിന പദ്ധതി ലക്ഷ്യത്തിലേക്ക് എത്തിയത്. സർക്കാർ സംവിധാനങ്ങളുടെ ചരിത്രത്തിലാദ്യമായി പൊതുജനങ്ങൾക്ക് പദ്ധതികളുടെ പുരോഗതി തൽസമയം നിരീക്ഷിക്കുന്നതിനായി കളർ കോഡിംഗ് സംവിധാനമുള്ള പബ്ലിക് പോർട്ടലും സജ്ജമാക്കിയിരുന്നു. ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ സാങ്കേതിക സഹകരണത്തോടെ 'ഡാറ്റ ഡ്രിവൻ ഗവേണൻസ്' എന്ന ആശയത്തിലൂന്നിയാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്നത്.
വിവിധ വകുപ്പുകളുടെ പുരോഗതിയിൻമേൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ഓരോ 25 ദിവസം കൂടുമ്പോഴും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാലുതവണയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രണ്ടുതവണയും കൃത്യമായ അവലോകനം നടത്തിയാണ് ഈ വിജയം കൈവരിച്ചത്. ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പ് 99% പുരോഗതിയോടെ മുന്നിലെത്തി (42-ൽ 39 പദ്ധതികൾ പൂർത്തിയായി).
പൊതുമരാമത്ത് വകുപ്പ് 30-ൽ 29 പദ്ധതികളും, തദ്ദേശ സ്വയംഭരണ വകുപ്പ് 20-ൽ 19 പദ്ധതികളും, ആയുഷ് 11-ൽ 10-ഉം, ജലവിഭവം 23-ൽ 21-ഉം, ആഭ്യന്തരം 34-ൽ 29-ഉം പദ്ധതികൾ വീതം പൂർത്തിയാക്കി. ഫിൻലൻഡിൽ നിന്നുള്ള ചില ഉപകണങ്ങൾ എത്തിച്ചേരാനുള്ള വൈകൽ മാത്രമാണ് ഫയർഫോഴ്സ് പദ്ധതികൾ വൈകാൻ കാരണമായത്.
പിന്നോക്ക വിഭാഗ വികസന വകുപ്പ് വഴി 1,70,457 ഒ.ബി.സി/ഒ.ഇ.സി വിദ്യാർത്ഥികളുടെ കുടിശ്ശികയായിരുന്ന പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി 180 കോടി രൂപ വിതരണം ചെയ്തു. കൂടാതെ വിഴിഞ്ഞത്ത് മണ്ണെണ്ണ നഷ്ടപരിഹാരമായി 2000 മത്സ്യത്തൊഴിലാളികൾക്ക് 35 കോടി രൂപയും, 510 കോടിയുടെ മറ്റ് വികസന പദ്ധതികളും യാഥാർത്ഥ്യമാക്കി.
അടുത്ത പ്രധാന ദൗത്യമായി ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെ സർക്കാർ ഓഫീസുകളിൽ 'ജനസ്പർശം' എന്ന പേരിൽ സമഗ്ര ഫയൽ അദാലത്ത് സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നിലവിൽ കെട്ടിക്കിടക്കുന്ന രണ്ട് ലക്ഷത്തി എഴുപത്താറായിരത്തിലധികം ഇ-ഫയലുകളും (E-files) ഭൗതിക ഫയലുകളും അടിയന്തരമായി തീർപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഫയലുകൾ കേവലം വഴിപാടായി തീർപ്പാക്കാതെ, കെട്ടിക്കിടക്കാനുണ്ടായ തടസ്സങ്ങളും കാരണങ്ങളും പഠിച്ച് ഭാവിയിൽ കാലതാമസം ഒഴിവാക്കാനുള്ള പുതിയ ഫയൽ നീക്ക സംവിധാനം നടപ്പിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.