കനത്തു പെയ്ത മഴയിലും തങ്ങളെക്കാൾ മുൻഗണന കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കാണെന്ന് തെളിയിച്ച് ഒരു അധ്യാപകന്റെ കരുതൽ. സ്കൂളിലേക്ക് പോകുന്ന വഴിയിൽ പെട്ടെന്നുണ്ടായ ശക്തമായ മഴയിൽ നിന്ന് കുരുന്നുകളെ രക്ഷിക്കാൻ കൈയിൽ കിട്ടിയ ഒരു ഫ്ലെക്സ് ബോർഡ് തണലാക്കി ഒപ്പം നടന്ന അബ്ദുൽ നാസർ എന്ന കുഞ്ഞിപ്പ മാഷിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മലപ്പുറം ജില്ലയിലെ MAMUPS വെള്ളിലയില്‍ നിന്നുള്ളതാണ് ഹൃദയംഗമായ ഈ കാഴ്ച
മഴ കനത്തതോടെ കുഞ്ഞുങ്ങൾ നനഞ്ഞു വിറയ്ക്കാതിരിക്കാൻ വഴിയരികിൽ കണ്ട ഫ്ലെക്സ് ബോർഡ് തലയ്ക്കു മുകളിൽ ചേർത്തുപിടിച്ച്, കുട്ടികളെ ചേർത്തുനിർത്തി മുന്നോട്ട് നടക്കുന്ന അധ്യാപകന്റെ ദൃശ്യങ്ങൾ അതേ സ്കൂളിലെ മറ്റൊരു അധ്യാപികയാണ് ക്യാമറയിൽ പകർത്തിയത്. കേവലം ഒരു ഫ്ലെക്സ് ബോർഡിന്റെ തണലിനേക്കാൾ അതിന് പിന്നിലുണ്ടായിരുന്ന അധ്യാപകന്റെ സ്നേഹവും ഉത്തരവാദിത്തവുമാണ് നാടിന്റെയാകെ കൈയടി നേടുന്നത്.
ഒരു നല്ല അധ്യാപകൻ പാഠപുസ്തകങ്ങൾക്കപ്പുറം വിദ്യാർത്ഥികളുടെ ജീവിതത്തിൽ എങ്ങനെയൊരു തണലാകണം എന്നതിന്റെ ജീവിക്കുന്ന മാതൃകയാണ് കുഞ്ഞിപ്പ മാഷെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. വീഡിയോകണ്ട ആയിരക്കണക്കിന് ആളുകളാണ് മാഷിന്റെ ഈ വലിയ മനസിന് പ്രശംസകളുമായി രംഗത്തെത്തുന്നത്.