യൂട്യൂബര്‍ അശ്വന്ത് കോക്കിന് നിയമവ്യവസ്ഥയോടും പൊതുസമൂഹത്തോടും പരിഹാസമോ? പുതിയ പോസ്റ്റ് കണ്ട് സോഷ്യല്‍ മീഡിയ ചോദിക്കുന്ന ചോദ്യമാണിത്. മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ അശ്വന്ത് അറസ്റ്റിലായത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. മദ്യലഹരിയില്‍ ഇയാള്‍ ഓടിച്ച വാഹനം എരഞ്ഞിപ്പാലത്ത് വച്ച് നാലുപേരെ ഇടിച്ചതിനെ തുടര്‍ന്നാണ് നടപടി. അശ്വന്ത് ഓടിച്ച വാഹനം കാറിലും ബൈക്കിലും ഇടിച്ചതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. പൊലീസെത്തി വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ ലക്കുകെട്ട നിലയിലായിരുന്നു അശ്വന്ത്.
അറസ്റ്റിലായ അശ്വന്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതുവരെ സോഷ്യല്‍ മീഡിയയില്‍ അവസാനിച്ചിട്ടില്ല. ഈ ചൂടാറും മുന്‍പാണ് അശ്വന്ത് പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ചുണ്ടില്‍ എരിയുന്ന സിഗരറ്റും കയ്യില്‍ ഒരു റേഡിയോയും പിടിച്ചാണ് അശ്വന്തിന്‍റെ പോസ്റ്റ്. 'F World' എന്നാണ് പോസ്റ്റിനൊപ്പം അശ്വന്ത് കുറിച്ചിരിക്കുന്നത്.
പോസ്റ്റിലൂടെ അശ്വന്ത് എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് കമന്‍റുകള്‍ ചോദിക്കുന്നത്. ഇത് നിയമവ്യവസ്ഥയോടുള്ള അവജ്ഞയാണോ എന്നും നിയമം എല്ലാവര്‍ക്കും ബാധകമല്ലേ എന്നും കമന്‍റുകള്‍. ഇതിനിടയ്ക്ക് റാപ്പര്‍ ഡാബ്സി ലവ് ഇമോജി കമന്‍റിട്ടതും ചര്‍ച്ചയായി.
അശ്വന്തിന്‍റെ അറസ്റ്റിന് പിന്നാലെ പഴയ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. 'എനിക്ക് പുറത്തേക്ക് ഇറങ്ങാൻ, ഈ പബ്ലിക് റിലേഷൻ ഭയങ്കര ബുദ്ധിമുട്ട് ആണ്. ആളുകൾക്ക് മര്യാദ ഇല്ല. ആളുകൾക്ക് സിവിക് സെൻസ് ഇല്ല. മന്നേഴ്സ് ഇല്ല. ഭയങ്കര പ്രശ്നമാണ് അത്. മെന്റലി അത് എനിക്ക് പ്രശ്നമാണ്. 90% ആളുകൾക്കും ഡ്രൈവിംഗ് അറിയില്ല. ലൈസൻസ് ഒക്കെ വെറുതെ കൊടുക്കുന്നതാ,' എന്നായിരുന്നു അഭിമുഖത്തില്‍ അശ്വന്തിന്‍റെ വാക്കുകള്‍.