aswanth-kok-image

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെത്തുടർന്ന് പ്രമുഖ സിനിമാ വ്ലോഗർ അശ്വന്ത് കോക്കിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിന് പിന്നാലെ, അശ്വന്ത് കോക്കിനെ ട്രോളി കേരള പൊലീസ്. ബോധവൽക്കരണവുമായി ബന്ധപ്പെട്ട് വേറിട്ടൊരു പോസ്റ്റാണ് കേരള പൊലീസ് പങ്കുവച്ചത്. കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിൽ വെച്ച് അശ്വന്ത് ഓടിച്ചിരുന്ന വാഹനം മറ്റ് വാഹനങ്ങളിൽ ഇടിച്ചതിനെത്തുടർന്ന് നാട്ടുകാർ ഇടപെട്ടാണ് ഇയാളെ പൊലീസിന് കൈമാറിയത്. ഇതിന് തൊട്ടുപിന്നാലെയാണ് ഒരു സിനിമയുടെ റിവ്യൂവിന് സമാനമായിട്ടുള്ള പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.  'ഡ്രിങ്ക് ആൻഡ് ഡ്രൈവ്: ഒരു അനാവശ്യ ത്രില്ലർ' എന്ന തലക്കെട്ടിൽ കേരള പൊലീസ് ഫെയ്‌സ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് പങ്കുവെച്ചു.

സിനിമകളെ വിമർശിക്കുന്ന വ്ലോഗറുടെ രീതിയെ മുൻനിർത്തി തയാറാക്കിയ പോസ്റ്ററിൽ ചിത്രത്തിന് അര റേറ്റിംഗാണ് പൊലീസ് നൽകിയിരിക്കുന്നത്. അര സ്റ്റാര്‍ മാത്രം നല്‍കിയിരിക്കുന്നതിലൂടെ മദ്യപിച്ച് വാഹനമോടിക്കുന്നത് വളരെ മോശമാണെന്ന് പൊലീസ് പറയാതെ പറയുന്നു. ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡ്, സെക്കൻഡ് ഹാഫിൽ ഫൈനും കേസും എന്നാണ് റിവ്യൂവിൽ കുറിച്ചിരിക്കുന്നത്. ഒട്ടും വ്യക്തതയില്ലാത്ത തിരക്കഥയും സ്ഥിരം അബദ്ധങ്ങളുമാണ് കഥയെന്നും ക്ലൈമാക്സ് ഒന്നെങ്കിൽ ലോക്കപ്പിൽ അല്ലെങ്കിൽ ആശുപത്രിയിലാകുമെന്നും പോസ്റ്റിൽ പരിഹസിക്കുന്നു. പിഴയും ആശുപത്രി ഫീസുമാണ് നിർമ്മാണച്ചെലവെന്നും വീട്ടുകാരുടെ കണ്ണീരും നാട്ടുകാരുടെ ശാപവുമാണ് കാണികളുടെ പ്രതികരണമെന്നും റിവ്യൂ രൂപത്തിൽ വിവരിച്ചിട്ടുണ്ട്. 

മദ്യപിച്ച് വാഹനമോടിക്കുന്നത് സാഹസമോ തമാശയോ അല്ലെന്നും സ്വന്തം ജീവനും മറ്റ് യാത്രക്കാരുടെ സുരക്ഷയും അപകടത്തിലാക്കുന്ന പ്രവൃത്തിയാണെന്നും പൊലീസ് പോസ്റ്റിലൂടെ ഓർമ്മിപ്പിച്ചു. ഒരു തെറ്റായ തീരുമാനം പലരുടെയും ജീവിതത്തെ ബാധിക്കുമെന്നും അതിനാൽ മദ്യപിച്ചാൽ വാഹനം ഓടിക്കാതെ സുരക്ഷിതമായി വീട്ടിലെത്താനുള്ള മറ്റു മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കണമെന്നും പോസ്റ്റിലൂടെ പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സംഭവം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വൈറലായിരിക്കുകയാണ്.

ENGLISH SUMMARY:

Following the custody detention of prominent movie reviewer and vlogger Ashwant Kok by Nadakkavu Police for drunk driving and causing an accident in Kozhikode, Kerala Police released a creative social media awareness post trolling him in his own review style. Titled "Drink and Drive: An Unnecessary Thriller", the viral graphic review awarded the act a 0.5-star rating, summarizing the plot as having a "full-speed first half" and a "second half with fines and court cases," leading to a climax either in jail or a hospital