സോഷ്യൽ മീഡിയയിൽ 'ആറാട്ടണ്ണൻ' എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിയെ കുറിച്ച് സോഷ്യല്‍മീഡിയ പോസ്റ്റുമായി അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. 'അറാട്ടണ്ണന്' ആവശ്യമായ മാനസികാരോഗ്യ സഹായവും ചികിത്സയും ലഭ്യമാക്കാൻ ഇടപെടൽ ആവശ്യപ്പെട്ടാണ് ശ്രീജിത്തിന്‍റെ കുറിപ്പ്. സന്തോഷ് വര്‍ക്കിയുടെ പോസ്റ്റ് കണ്ട് എല്ലാവരും ട്രോളുകളും ചിരിക്കുകയും ആണ് ചെയ്യാറുള്ളതെന്നും എന്നാല്‍ സന്തോഷ് വർക്കിക്ക് ഡിപ്രഷൻ ഉൾപ്പെടെയുള്ള കടുത്ത മാനസിക ബുദ്ധിമുട്ടുകളുണ്ടെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ അടിയന്തര ചികിത്സയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി (KSMHA) എന്നിവർ വിഷയം പരിഗണിച്ച് ആവശ്യമായ കൈത്താങ്ങ് നൽകണമെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അഭ്യർഥിച്ചു.

സോഷ്യൽ മീഡിയയിലൂടെ നിരന്തരം നടത്തുന്ന വിവാദ പരാമർശങ്ങളുടെയും വ്യാജ പ്രചാരണങ്ങളുടെയും പേരിൽ നിരന്തരം അധിക്ഷേപങ്ങൾക്കും ട്രോളുകൾക്കും ഇരയാകുന്ന വ്യക്തിയാണ് സന്തോഷ് വർക്കി. എന്നാൽ, ഇയാൾ ഒരു കുറ്റവാളിയോ ക്രിമിനലോ അല്ലെന്നും, മറിച്ച് ഇന്നത്തെ സാമൂഹിക അപചയത്തിന്റെ ഇരയാണെന്നും ശ്രീജിത്ത് പെരുമന വ്യക്തമാക്കുന്നു. താനൊരു വലിയ സെലിബ്രറ്റിയാണെന്ന ഭ്രമത്തിലും, പിന്നീട് റീച്ച് കുറഞ്ഞപ്പോഴുള്ള മനോവിഷമത്തിലും തനിക്ക് ക്യാൻസർ ആണെന്നും രണ്ടുമാസം മാത്രമേ ആയുസുള്ളൂവെന്നും സന്തോഷ് വർക്കി പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തിൽ പിഎച്ച്ഡി, രോഗാവസ്ഥ എന്നിവയെക്കുറിച്ച് അയാൾ നടത്തുന്ന അവകാശവാദങ്ങൾ സൈക്കോസിസ് എന്ന അപൂർവ്വ മാനസികാവസ്ഥയുടെ ഭാഗമാണെന്ന് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

സന്തോഷ് വർക്കിയെ ഒരു തമാശപ്പാത്രമായോ സൈക്കോപാത്തായോ കണ്ട് വീണ്ടും പ്രകോപിപ്പിക്കുകയും, തെറിവിളിക്കുകയും, അയാളുടെ തകർച്ചയെ പോലും പുതിയ 'കണ്ടന്റ്' ആക്കി മാറ്റുകയും ചെയ്യുന്ന സോഷ്യൽ മീഡിയ സംസ്കാരം അവസാനിപ്പിക്കണമെന്ന് ശ്രീജിത്ത് പെരുമന ആവശ്യപ്പെട്ടു. മനുഷ്യൻ എന്ന നിലയിൽ അയാൾ സഹായം അർഹിക്കുന്നുണ്ടെന്നും, സൈബർ ആക്രമണങ്ങൾക്ക് പകരം ശരിയായ ചികിത്സയും കൗൺസിലിങും നൽകി അയാളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സമൂഹം മുന്നോട്ടുവരണമെന്നും പറഞ്ഞാണ് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

അഡ്വ.ശ്രീജിത്ത് പെരുമനയുടെ പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ആറാട്ടണ്ണനോടും, അണ്ണൻ വെട്ടുക്കിളികളോടും ഒരു കാര്യം തുറന്ന് പറയട്ടെ? 

സന്തോഷ് വർക്കി എന്ന “ആറാട്ടണ്ണനെ” അധികമാർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല എന്നു തോന്നുന്നു 

സിനിമയെക്കുറിച്ചുള്ള നിരന്തരമായ പോസ്റ്റുകൾ…

പലപ്പോഴും ആളുകൾക്ക് അസഹനീയമായും, അശ്ലീലമായും തോന്നുന്ന അഭിപ്രായപ്രകടനങ്ങൾ…

പ്രശസ്തരായ പലരെയും കുറിച്ചുള്ള വിവാദ പരാമർശങ്ങൾ…

പ്രണയം മുതൽ സിനിമ വരെ, സിനിമ മുതൽ രാഷ്ട്രീയം വരെ—എല്ലാ വിഷയത്തിലും സ്വന്തം “വെർഷൻ” മാറ്റിവെച്ച് നെഗറ്റീവ് ആൻഡ് അസഹനീയമായ മാലിന്യം പുറംതള്ളുന്ന സോഷ്യൽ മീഡിയയിലെ ഒരു സ്ഥിരം കഥാപാത്രം. സത്യത്തിൽ, അദ്ദേഹത്തിന്റെ ചില പോസ്റ്റുകൾ കണ്ടിട്ട് പലരും ചിരിക്കുന്നുണ്ട്. ചിലർ ട്രോൾ ചെയ്യുന്നു. ചിലർ അസഹിഷ്ണുതയോടെ പ്രതികരിക്കുന്നു. ഭൂരിപക്ഷവും രക്ഷിതാക്കളെ സ്മരിച്ച് കേൾക്കാനറയ്ക്കും തരത്തിൽ തെറിവിളിക്കുന്നു.., വേറെ ചിലർ “ഇതാ ആറാട്ടണ്ണന്റെ അടുത്ത എപ്പിസോഡ്!” എന്ന കൗതുകത്തിലാണ് പോസ്റ്റ് തുറക്കുന്നത്.

അതായത്, പതുക്കെ പതുക്കെ സന്തോഷ് വർക്കി എന്ന മനുഷ്യനെക്കാൾ “ആറാട്ടണ്ണൻ” എന്ന കഥാപാത്രമായാണ് ഒരു വിഭാഗം ആളുകൾ അദ്ദേഹത്തെ കാണാൻ തുടങ്ങിയത് അതോടെ അയാൾ ആറാട്ടണ്ണൻ എന്ന സൈക്കോപാത്തിൽ കുടുങ്ങി കിടക്കുകയാണ്.

ഇതാണ് അപകടകരമായ സാഹചര്യം,

കാരണം നമ്മൾ ഒരാളെ ഒരു കഥാപാത്രമായി കാണാൻ തുടങ്ങുമ്പോൾ, ആ കഥാപാത്രത്തിന് പിന്നിലെ മനുഷ്യനെ മറന്നുപോകുന്നത് സ്വാഭാവികം എന്നാൽ അയാൾ തന്നെ അയാളെ മറന്നുപോകുന്നത് അങ്ങേയറ്റം അപകടകരമായ അവസ്ഥയും സൈക്കോസിസിന്റെ അപൂർവ്വമായ അവസ്ഥാന്തരമാണ് ആ അവസ്ഥയാണ് അദ്ദേഹത്തെ സെൻട്രൽ ജയിലിൽ എത്തിച്ചതും എന്നത് മറക്കരുത്.

യഥാർത്ഥത്തിൽ അയാൾ കുറ്റവാളിയോ ക്രിമിനലോ അല്ല മറിച്ച് ഇന്നത്തെ സാമൂഹിക അപചയത്തിന്റെ ഇരയാണ്; ചികിത്സക്കായുള്ള സമൂഹത്തിന്റെ പിന്തുണയാണ് ആവശ്യം,  താനൊരു വലിയ സെലിബ്രറ്റി ആണെന്നും, തന്നെ എല്ലാവർക്കും അറിയാമെന്നും, അതിലൂടെ പണം സമ്പാദിക്കാൻ സാധിക്കുന്നുണ്ടെന്നും മനസ്സിലാക്കിയ അണ്ണൻ പിന്നീട് പറഞ്ഞതൊക്കെ "നട്ടാൽ കുരുക്കാത്ത നുണകളാണ് " എന്നതാണ് സത്യം. അത് പിഎച്ച്ഡി യുടെ കാര്യത്തിൽ ആയാലും, ക്യാൻസറിന്റെ കാര്യത്തിൽ ആയാലും മറ്റേത് കാര്യത്തിലായാലും.

പേരും പ്രശസ്തിയും, വരുമാനവും ആസ്വദിച്ചു വന്നപ്പോഴാണ് റീച്ച് കുറഞ്ഞതെന്നും അതിന്റെ മനോ വിഷമത്തിലാണ് താൻ തനിക്ക് ക്യാൻസർ ആണെന്നും രണ്ട് മാസം കൂടി മാത്രമേ ജീവിച്ചിരിക്കുകയുള്ളൂ എന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്നും അതിനാൽ മാപ്പാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അയാൾ പറയുന്ന ഓരോ വാക്കും തമാശയായി കാണും അതേ സമയം തന്തക്ക് വിളിയും തെറിവിളിയും തുടങ്ങും 

അയാളുടെ ഓരോ പോസ്റ്റും ട്രോളാക്കും.

അയാൾ പ്രകോപിതനായാലും വീണ്ടും അതിന്റെ വീഡിയോ എടുക്കും.

അയാൾ തകർന്നാലും അതും മറ്റൊരു “കണ്ടന്റ്” ആക്കും.

പക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ സന്തോഷ് വർക്കി തന്നെ തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ തനിക്ക് depression ഉൾപ്പെടെയുള്ള മാനസിക ബുദ്ധിമുട്ടുകളുണ്ടെന്നും സഹായം ലഭിക്കുന്നില്ലെന്നും പറയുന്നുണ്ട്.

അപ്പോൾ ഒരു നിമിഷം നമുക്ക് “ആറാട്ടണ്ണനെ” മാറ്റിവെച്ച് “സന്തോഷ് വർക്കിയെ” നോക്കിക്കൂടേ?

അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് യോജിക്കേണ്ട കാര്യമില്ല.

അദ്ദേഹം നടത്തിയിട്ടുള്ള വിവാദ പരാമർശങ്ങളെ ന്യായീകരിക്കേണ്ടതുമില്ല.

നിയമലംഘനമുണ്ടെങ്കിൽ നിയമം അതിന്റെ വഴിക്ക് പോകട്ടെ.

പക്ഷേ ഒരു മനുഷ്യൻ സഹായം ആവശ്യപ്പെടുന്നുണ്ടെങ്കിൽ, അതിന് മറുപടി വീണ്ടും ഒരു കൂട്ടം തെറികളാകരുത്.

അതുകൊണ്ടാണ് അദ്ദേഹത്തിന് ആവശ്യമായ മാനസികാരോഗ്യ സഹായവും ചികിത്സയും ലഭ്യമാക്കുന്നതിനും, സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി (KSMHA) എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സന്തോഷ് വർക്കിയോട് വ്യക്തിപരമായി പറയാനുള്ളത് ഇതാണ്,

“ആറാട്ടണ്ണാ… നിങ്ങൾക്ക് ചുറ്റുമുള്ളവർ ചിരിക്കുന്നുണ്ടാകാം.

നിങ്ങളുടെ പോസ്റ്റുകൾ കണ്ട് ആളുകൾ ട്രോൾ ചെയ്യുന്നുണ്ടാകാം.

ചിലപ്പോൾ നിങ്ങൾ തന്നെ ആളുകൾക്ക് ഒരു കോമഡി കഥാപാത്രമായി തോന്നുന്നുണ്ടാകാം. പക്ഷേ നിങ്ങൾ ഒരു കഥാപാത്രമല്ല. നിങ്ങൾ ഒരു മനുഷ്യനാണ് എന്ന് തിരിച്ചറിയാൻ അടിയന്തര ചികിത്സ ആവശ്യമാണ്.

ഇനി സോഷ്യൽ മീഡിയ സുഹൃത്തുക്കളോടും ഒരു അപേക്ഷയുണ്ട്,

ആറാട്ടണ്ണന്റെ അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നതിനു പകരം, സന്തോഷ് വർക്കിയുടെ അടുത്ത ജീവിതത്തിനായി നമുക്ക് കാത്തിരിക്കാം. ട്രോൾ ചെയ്യാൻ മലയാളികൾക്ക് ക്ഷാമമില്ല. പക്ഷേ ഒരാളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കൈ നീട്ടുന്നവരാകാൻ നമുക്ക് കുറച്ചുപേരെങ്കിലും ശ്രമിക്കാം.

അദ്ദേഹത്തെ തെറി വിളിക്കുന്നതുകൊണ്ട് ആറാട്ടണ്ണൻ മാറില്ല.

പക്ഷേ ഒരുപക്ഷേ, ശരിയായ സമയത്ത് കിട്ടുന്ന ഒരു ചികിത്സ അല്ലെങ്കിൽ കൗൺസിലിംഗ്, കൈത്താങ്ങ് സന്തോഷ് വർക്കിയെ മാറ്റിയേക്കാം.

കഥാപാത്രത്തെ പരിഹസിക്കാം…

പക്ഷേ മനുഷ്യനെ കൈവിടരുത്.

അഡ്വ ശ്രീജിത്ത്‌ പെരുമന

ENGLISH SUMMARY:

Advocate Sreejith Perumana has shared a social media post urging immediate psychiatric intervention and medical treatment for Santhosh Varkey, popularly known on social media as 'Arattannan'. Sreejith highlighted that Varkey suffers from severe psychological distress and psychosis, rather than being a criminal or a mere joke.