ഇറാന്റെ ആണവപദ്ധതിയെക്കുറിച്ചുള്ള അമേരിക്കൻ വാദങ്ങളെ കടുത്ത ഭാഷയിൽ തള്ളി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐ.ആർ.ജി.സി.). യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'പെരുംനുണയനാണെ'ന്നും ഇറാൻ ആണവായുധം നിർമിക്കാൻ ശ്രമിക്കുന്നില്ലെന്ന് ശത്രുരാജ്യങ്ങൾക്കും വ്യക്തമായി അറിയാമെന്നും ഐ.ആർ.ജി.സി. വക്താവ് ഹുസൈൻ മൊഹിബ്ബി ആരോപിച്ചു. ഇറാന്റെ ആണവപദ്ധതിയല്ല യു.എസിന്റെ യഥാർഥ ആശങ്കയെന്നും, മറിച്ച് ഇറാന്റെ ശക്തിയും സ്വാധീനവും തകർക്കുകയാണ് അവരുടെ യഥാർഥ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം ആണവായുധം നിർമിക്കുന്നത് തടയാനാണ് സൈനിക നീക്കം നടത്തുന്നത് എന്ന് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ഐ.ആർ.ജി.സിയുടെ രൂക്ഷവിമർശനം.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ഔദ്യോഗിക പ്രതികരണത്തിനായി ഇറാൻ കാത്തിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രസ്താവനകൾ പുറത്തുവന്നിരിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ സ്വാധീനം നഷ്ടപ്പെട്ടെന്ന യു.എസ്. അവകാശവാദത്തെയും മൊഹിബ്ബി ചോദ്യം ചെയ്തു. വലിയ ചെലവും അപകടസാധ്യതയും സഹിച്ച് രാത്രിയുടെ മറവിൽ ഒരു ചെറിയ കപ്പലിലൂടെ നൂറോ ഇരുന്നൂറോ ബാരൽ എണ്ണ കടത്തിവിട്ടതുകൊണ്ടു മാത്രം ഹോർമുസ് കടലിടുക്ക് തുറന്നെന്ന് പറയാനാവില്ലെന്ന് അദ്ദേഹം പരിഹസിച്ചു. ആഗോള ഊർജ-കപ്പൽ ഗതാഗത ഡേറ്റ അനലിറ്റിക്സ് സ്ഥാപനമായ 'കെപ്ലർ' നൽകുന്ന കണക്കുകൾ പ്രകാരം, നിലവിൽ ഹോർമുസ് കടലിടുക്കിലൂടെ പ്രതിദിനം ഏകദേശം ഒരുകോടി ബാരൽ എണ്ണയാണ് കയറ്റി അയക്കുന്നത്. ഇത് സംഘർഷത്തിന് മുൻപുണ്ടായിരുന്നതിന്റെ പകുതി മാത്രമാണ്.

പശ്ചിമേഷ്യൻ മേഖലയിലെ യു.എസ്. സൈനിക താവളങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, അവ തന്നെയും കടുത്ത അരക്ഷിതാവസ്ഥയിലാണെന്ന് ഐ.ആർ.ജി.സി. വക്താവ് കൂട്ടിച്ചേർത്തു. ഈ താവളങ്ങൾക്ക് തങ്ങളെത്തന്നെ സംരക്ഷിക്കാൻ ശേഷിയില്ലെന്ന് മേഖലയിലെ മറ്റു സർക്കാരുകളും ജനങ്ങളും ഇതിനോടകം തിരിച്ചറിഞ്ഞുകഴിഞ്ഞെന്നും മൊഹിബ്ബി വ്യക്തമാക്കി. സംഘർഷത്തിൽ ഇതുവരെ യു.എസ്. ഭരണകൂടം ഔദ്യോഗികമായി കൂടുതൽ വിശദീകരണങ്ങൾ നൽകിയിട്ടില്ലെങ്കിലും, വാഷിങ്ടണുമായുള്ള ആശയവിനിമയങ്ങളും നയതന്ത്ര നീക്കങ്ങളും തുടരുമെന്നാണ് വിവരങ്ങൾ.

ENGLISH SUMMARY:

The Islamic Revolutionary Guard Corps (IRGC) has strongly rejected US claims regarding Iran's nuclear program, calling US President Donald Trump a "liar" whose real objective is to crush Iran's national strength