ഡൽഹിയും രാജസ്ഥാനും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പ്രമുഖ അന്തർസംസ്ഥാന ലഹരിക്കടത്ത് ശൃംഖലയെ തകർത്ത് ഡൽഹി പൊലീസ്. സംഘത്തിലെ പ്രധാന കണ്ണിയായ പാർവതി (42), ഇവരുടെ സഹായിയായ ബുരാരി സ്വദേശി വികാസ് കുമാർ എന്ന ഷാനു (30), രാജസ്ഥാനിലെ പ്രതാപ്ഗഢിൽ നിന്നുള്ള പ്രധാന വിതരണക്കാരൻ സാഹബ് ഖാൻ (27) എന്നിവരെയാണ് ഡൽഹി പൊലീസിലെ ഔട്ടർ നോർത്ത് ജില്ലാ ആന്റി നാർക്കോട്ടിക്സ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വടക്കൻ ഡൽഹിയിലെ ബവാനയിലുള്ള ന്യൂ സനോഥ് കോളനിയിലെ വാടകവീട്ടിലും മറ്റ് കേന്ദ്രങ്ങളിലുമായി നടത്തിയ റെയ്ഡിലാണ് പ്രതികൾ വലയിലായത്. വൻതോതിൽ ലഹരിമരുന്നും അനധികൃതമായി സമ്പാദിച്ച പണവും സ്വത്തുക്കളും പൊലീസ് കസ്റ്റഡിയിലെടുത്തു.

നരേല വ്യവസായിക മേഖലയിലെ പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധ കുറ്റവാളികളുടെ പട്ടികയിലുള്ള പാർവതി, എൻ.ഡി.പി.എസ്, എക്സൈസ് നിയമങ്ങൾ പ്രകാരം മുൻപും 12 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. റെയ്ഡിൽ 1.5 കോടിയിലധികം രൂപ വിലമതിക്കുന്ന 1.204 കിലോഗ്രാം ഹെറോയിൻ, 600 ഗ്രാം മായം ചേർക്കൽ പൊടി എന്നിവ പിടിച്ചെടുത്തു. കൂടാതെ ലഹരി വിൽപ്പനയിലൂടെ സമാഹരിച്ച 57 ലക്ഷത്തോളം രൂപ, 355 ഗ്രാം സ്വർണം, 161 ഗ്രാം വെള്ളി, കോടികൾ വിലമതിക്കുന്ന നാല് വസ്തുവകകളുടെ രജിസ്ട്രേഷൻ രേഖകൾ, ഒരു എസ്‌യുവി, കാർ എന്നിവയും പൊലീസ് കണ്ടുകെട്ടി. പൊലീസിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകുന്നതിനും ലഹരി ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനുമാണ് വികാസിനെ പാർവതി ഒപ്പം നിർത്തിയിരുന്നത്.

രാജസ്ഥാൻ പൊലീസിന്റെ സഹകരണത്തോടെ നടത്തിയ നീക്കത്തിലാണ് പ്രധാന വിതരണക്കാരനായ സാഹബ് ഖാനെ പിടികൂടിയതെന്നും, നഗരത്തിലെ അനധികൃത ലഹരിമാഫിയയ്‌ക്കെതിരായ ഏറ്റവും പ്രധാനപ്പെട്ട ഓപ്പറേഷനാണ് പൂർത്തിയാക്കിയതെന്നും ഔട്ടർ നോർത്ത് ഡിസിപി ഷോഭിത് ഡി. സക്സേന അറിയിച്ചു. പാർവതിയെയും വികാസിനെയും വിശദമായി ചോദ്യം ചെയ്തതിലൂടെ, ലഹരിമരുന്ന് ശൃംഖലയിലെ പ്രധാന വിതരണക്കാരനെക്കുറിച്ചുള്ള വിവരവും പൊലീസിന് ലഭിച്ചു.  തുടർന്ന്, ഡൽഹി പൊലീസിന്റെ ഒരു പ്രത്യേക സംഘം രാജസ്ഥാനിലെ പ്രതാപ്ഗഢ് ജില്ലയിലേക്ക് തിരിച്ചു. രാജസ്ഥാൻ പൊലീസുമായി സഹകരിച്ച് നടത്തിയ റെയ്ഡിൽ, പാർവതിയുടെ പ്രധാന വിതരണക്കാരനായ സാഹബ് ഖാനെ (27) സംഘം പിടികൂടുകയും ഇയാളുടെ പക്കൽ നിന്ന് 265 ഗ്രാം 'സ്മാക്ക്'  കൂടി കണ്ടെടുക്കുകയും ചെയ്തു, കൂടാതെ സമാന്തരമായി നരേലയിലെ മറ്റ് രണ്ടിടങ്ങളിൽ നടത്തിയ പരിശോധനയിൽ 25 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് കടത്തിൽ പങ്കാളികളാകുന്ന വ്യക്തികൾക്കെതിരെ മാത്രമല്ല, അവരുടെ മുഴുവൻ ശൃംഖലയും ബിസിനസ് പ്രവർത്തനങ്ങളും തകർത്തുകൊണ്ട് കടുത്ത നിയമനടപടികൾ തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

Delhi Police has successfully smashed a major interstate drug smuggling syndicate operating across Delhi and Rajasthan with the arrest of three key operatives, including a notorious woman named Parvathy. During coordinated raids, authorities seized 1.204 kg of heroin worth over 1.5 crore rupees, along with 57 lakh rupees in cash, gold, silver, and multiple property documents.