മാരകരോഗം പിടിപെട്ട വയനാട് പറളിക്കുന്ന് സ്വദേശി അനീഷിന് നൽകിയ വാക്ക് രണ്ടുമാസമായിട്ടും പാലിക്കാതെ സർക്കാർ. വീട്ടിലെത്തി അനീഷിനെ നേരിട്ടുകണ്ട മന്ത്രി ടി സിദ്ധിക്കും , ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരനും ചികിത്സാച്ചെലവ് ഉൾപ്പെടെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
വിധിയുടെ പരീക്ഷണത്തിൽ...
ഇരുകൈകളും തളർന്നുപോയ അനീഷ്, കാൻസർ ചികിത്സയിലുള്ള അച്ഛൻ, വീഴ്ചയിൽ എല്ലുപൊട്ടി കിടപ്പിലായ ഭാര്യ... ഇതാണ് അനീഷിന്റെ കുടുംബത്തിന്റെ അവസ്ഥ. മാതാപിതാക്കളുടെ നിസ്സഹായാവസ്ഥയിൽ എട്ടാം ക്ലാസുകാരനായ മകൻ യദുകൃഷ്ണൻ ജീവിതത്തോട് ഒറ്റയ്ക്ക് പോരാടുകയാണ്.
ജൂലൈയിൽ കൽപ്പറ്റയിലെത്തിയ മന്ത്രിമാരായ കെ. മുരളീധരനും ടി. സിദ്ദിഖും അനീഷിന്റെ കുടുംബത്തെ ചേർത്തുപിടിച്ചിരുന്നു. അച്ഛന്റെ വിദഗ്ധ ചികിത്സ പൂർണ്ണമായും ഏറ്റെടുക്കുമെന്നും യദുവിന്റെ പഠനച്ചെലവുകൾ മുടങ്ങില്ലെന്നും അവരുടെ അന്നം മുട്ടാതിരിക്കാൻ ഓട്ടോറിക്ഷയുടെ കടം വീട്ടുമെന്നും വാഗ്ദാനം നൽകി. എന്നാൽ മൂന്നുമാസം കഴിയുമ്പോഴും ആ പ്രഖ്യാപനങ്ങൾ അതുപോലെ നിൽക്കുകയാണ്. മാസങ്ങൾ കൊഴിഞ്ഞുപോയിട്ടും പ്രഖ്യാപിച്ച ഒരു സഹായവും ആ വീട്ടിലെത്തിയിട്ടില്ല.
മരുന്നിനും ഒരുനേരത്തെ ആഹാരത്തിനും ഓട്ടോയുടെ വായ്പ തിരിച്ചടയ്ക്കാനും നെട്ടോട്ടമോടുന്ന അനീഷിന്റെയും കുടുംബത്തിന്റെയും മുന്നിൽ ഇന്ന് ചോദ്യചിഹ്നങ്ങൾ മാത്രമാണ് ബാക്കി. നാട്ടുകാരുടെ സഹായംകൊണ്ടു മാത്രമാണ് ഇവർ ഇന്ന് ജീവിതം തള്ളിനീക്കുന്നത്.
മന്ത്രിമാരുടെ വാക്കുകൾ വലിയ പ്രതീക്ഷയോടെയായിരിക്കും നിസ്സഹായരായ കുടുംബങ്ങൾ കാണുന്നത്. അതുകൊണ്ടുതന്നെ നൽകിയ വാക്ക് പാലിക്കപ്പെടുന്നുണ്ടെന്ന് അവർ ഉറപ്പുവരുത്തുകകൂടി വേണം.