അച്ചാംതുരുത്തിക്കാരുടെ പ്രഭാതങ്ങൾക്ക് ഏറെ പരിചിതമാണ് പുഴയോരത്ത് നിന്ന് ഉയരുന്ന ഒരു ചൂളംവിളി. മീനുമായി തൈക്കടപ്പുറം സ്വദേശി സുഗുണൻ എത്തിയെന്നതിന്റെ അടയാളമാണത്. കഴിഞ്ഞ 35 വർഷമായി അച്ചാംതുരുത്തിയുടെ കായലോരങ്ങളിൽ മുടങ്ങാതെ തുടരുന്ന ഈ സ്നേഹക്കച്ചവടത്തിന് പിന്നിൽ കഠിനാധ്വാനത്തിന്റെ വലിയൊരു കഥയുണ്ട്.
35 വർഷം മുൻപ് മരത്തോണിയിലാണ് സുഗുണൻ മീൻ വിൽപ്പന തുടങ്ങിയത്. ഐസ് പോലും ഇല്ലാത്ത ആ കാലത്ത് കടപ്പുറത്ത് നിന്ന് മീനുമായി തോണി തുഴഞ്ഞും ചല്ലം കുത്തിയും കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് അച്ചാംതുരുത്തി മുതൽ പെരുമ്പട്ട വരെയുള്ള വീടുകളിൽ മീനെത്തിച്ചിരുന്നത്. അക്കാലത്ത് പണത്തിന് പകരമായി തേങ്ങയും ചക്കയും അടക്കയും വാങ്ങി കച്ചവടം നടത്തിയിരുന്ന ഓർമ്മകളും സുഗുണന് പങ്കുവെക്കാനുണ്ട്.
കാലം മാറിയപ്പോൾ തോണിയിൽ യന്ത്രമെത്തിയെങ്കിലും സുഗുണൻ ചേട്ടന്റെ കച്ചവടത്തിലെ ലാളിത്യം ഇന്നും മാറിയിട്ടില്ല. 20 രൂപയോ 30 രൂപയോ കൈയിലുണ്ടെങ്കിൽ അതിനനുസരിച്ച് മീൻ നൽകാൻ അദ്ദേഹം തയ്യാറാണ്. പണമില്ലാത്ത ദിവസങ്ങളിൽ പോലും ആരെയും അദ്ദേഹം നിരാശരായി മടക്കാറില്ല. ഈ ആത്മാർത്ഥവും ലളിതവുമായ ഇടപെടലുകളാണ് സുഗുണനെ അച്ചാംതുരുത്തുകാരുടെ പ്രിയങ്കരനാക്കി മാറ്റുന്നത്. അദ്ദേഹത്തിന്റെ വരവിനായി പുഴയോരത്തെ പൂച്ചകൾ പോലും കാത്തുനിൽക്കാറുണ്ട്.