തിരുവനന്തപുരം മൃഗശാല മാറ്റുന്നതിനായി സജീവപരിഗണനയിലുള്ള സ്ഥലമാണ് നെയ്യാർ. വനത്തോട് ചേർന്നുള്ള പ്രദേശമായതിനാൽ മൃഗശാലയുടെ ആവാസവ്യവസ്ഥയ്ക്ക് നെയ്യാർ ഉചിതമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. മൃഗശാലയ്ക്ക് വേണ്ട എന്തെല്ലാം സൗകര്യങ്ങൾ നെയ്യാറിൽ ഉണ്ട് എന്നറിയാമോ.
നഗരത്തിരക്കുകളിൽ നിന്ന് മാറി കാടിനോട് ചേർന്ന പ്രകൃതിദത്തമായ അന്തരീക്ഷം. മികച്ച ജലസ്രോതസ്സുകളുടെ ലഭ്യത. മൃഗശാലയ്ക്ക് വേണ്ട എല്ലാഘടകങ്ങളും നെയ്യാറിൽ ഒത്തിണങ്ങിയിട്ടുണ്ട്. 128 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നെയ്യാർ വന്യജീവി സങ്കേതം ഇവിടത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്കുള്ള ഈ സംരക്ഷിത പ്രദേശത്ത് കേന്ദ്രാനുമതി വാങ്ങിയാൽ മൃഗശാല ഒരുക്കാം.
മാനുകളും ചീങ്കണ്ണികളും ബോട്ടിങ്ങും ട്രക്കിങ്ങുമൊക്കെ ചേർന്ന് നെയ്യാർ പ്രകൃതി തേടിയെത്തുന്നവർക്ക് പ്രിയ ഇടമാണ്. കാടും മലനിരകളും ചിത്രങ്ങൾക്ക് മികച്ച ഫ്രെയിം ഒരുക്കുന്നു. അഗസ്ത്യാർകൂടത്തിലേക്കും അമ്പൂരിയിലേക്കും കാഴ്ചകൾ കാണാൻ വരുന്നവർക്കും നെയ്യാറിലെത്താൻ എളുപ്പം. മൃഗശാല കൂടി വന്നാൽ നെയ്യാർ പൂർണമാകുമെന്ന് യാത്രക്കാർ. അവസാന സിംഹവും ചത്തതോടെ 2021ൽ നെയ്യാറിലെ ലയൺ സഫാരി പാർക്ക് അടച്ചുപൂട്ടിയിരുന്നു. ഇതോടെ സന്ദർശകരുടെ വരവ് കുറഞ്ഞു. കച്ചവടവും ഇല്ലാതായി. മൃഗശാല വരുന്നതോടെ പ്രതിസന്ധി മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
തുറസ്സായ സ്ഥലങ്ങളും തണൽ മരങ്ങളുമാണ് നെയ്യാറിൽ മൃഗശാലയ്ക്കുതകുന്ന പ്രധാന ഘടകം. നെയ്യാർ ഡാം മികച്ച ജലസ്രോതസ്സ് ആണ്. വലിയ ശബ്ദങ്ങളോ പുകപടലമോ ഇല്ലാത്ത ആവാസ വ്യവസ്ഥയാണ് മറ്റൊന്ന്. കാടിനോട് ചേർന്നുള്ള പ്രദേശത്ത് മൃഗശാല സ്ഥാപിക്കുമ്പോൾ പരിസ്ഥിതി സംരക്ഷണത്തിനും വലിയ പ്രാധാന്യമുണ്ട്. വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ബാധിക്കാത്ത തരത്തിലാകണം നിർമാണവും അനുബന്ധ പ്രവർത്തനങ്ങളും.