jail-food

TOPICS COVERED

  • തടവുകാര്‍ക്ക് മട്ടണ്‍ വേണോ ചിക്കന്‍ വേണോയെന്ന് കണ്‍ഫ്യൂഷന്‍
  • ജയില്‍ ഭക്ഷണത്തിലെ ആദ്യ നോണ്‍വെജ് ഏതാണെന്ന് അറിയാമോ?
  • ജയില്‍ ഭക്ഷണത്തിലെ ആദ്യ നോണ്‍വെജ് ഏതാണെന്ന് അറിയാമോ?
  • ഗോതമ്പുണ്ട ഉണ്ടായ കഥ അറിയാമോ?

ജയിലില്‍ മട്ടന്‍ വേണ്ട, പകരം ചിക്കനോ മുട്ടയോ കൊടുക്കാമെന്നതാണല്ലോ പുതിയ ശുപാര്‍ശ. അതായത് നോണ്‍ വെജ് ആയിട്ട് എന്ത് വേണമെന്നതാണ് കണ്‍ഫ്യൂഷന്‍. എന്നാല്‍ ജയിലിലെത്തിയ ആദ്യത്തെ നോണ്‍ വെജ് ഭക്ഷണം എന്താണെന്ന് അറിയാമോ? ഉണക്കമീനാണ്. കേരളം ഉണ്ടാകുന്നതിന് മുന്‍പ്, ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ ജയിലില്‍ ഉണക്കമീനുണ്ടായിരുന്നു. ആഴ്ചയില്‍ രണ്ട് തവണ തിങ്കളും ബുധനുമായിരുന്നു ഉച്ചയ്ക്ക് ഊണിനൊപ്പം ഉണക്കമീന്‍ കൊടുത്തിരുന്നത്. ഉണക്കമീന്‍ ഉണ്ടെന്ന് ഒഴിച്ചാല്‍ അക്കാലത്ത് ഭക്ഷണം വളരെ മോശമായിരുന്നു. ഊണിനൊപ്പം സാമ്പാറ് മാത്രമായിരുന്നു കറി. സാമ്പാര്‍ ഇല്ലാത്ത രണ്ട് ദിവസം ചെറുപയര്‍ കറിയും. ഇതിനിടയില്‍ രണ്ട് ദിവസം കിട്ടുന്ന ഉണക്കമീനായിരുന്നു ഏക ആശ്വാസം. രണ്ടോ മൂന്നോ മീന്‍ വറുത്ത് കൊടുക്കും. അന്നേരം പലരും അതില്‍ ഒരു കഷണം മീന്‍ അന്ന് കഴിക്കാതെ നാളത്തേക്കായി സൂക്ഷിച്ച് വെക്കും. സാമ്പാര്‍ മാത്രം കൂട്ടി ചോറ് കഴിക്കുന്നത് ഒഴിവാക്കാനായിരുന്നു ഉണക്കമീന്‍ സൂക്ഷിച്ച് വെച്ചിരുന്നത്. അങ്ങിനെ കഴിച്ച് പലര്‍ക്കും അസുഖം ബാധിക്കുന്നതും പതിവായി. 

ഇതിനൊക്കെ ഒടുവില്‍ .1950 കാലഘട്ടത്തില്‍ തിരുകൊച്ചിയുടെ ജയില്‍ പരിഷ്കരണത്തിനായി ആര്‍.ശങ്കരനാരായണ അയ്യറുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു. ആ കമ്മിറ്റിയുടെ ശുപാര്‍ശയായിരുന്നു ഉണക്കമീനൊപ്പം മട്ടണ്‍ കൂടി കൊടുക്കാമെന്നത്. അങ്ങിനെ 1956ല്‍ കേരളം ഉണ്ടാകുന്നതിന് മുന്‍പ് തന്നെ നമ്മുടെ ജയിലുകളില്‍ മട്ടണ്‍ കറിയെത്തി. അന്ന് മുതല്‍ ഇപ്പോളും എല്ലാ ശനിയാഴ്ചയും ഊണിനൊപ്പം മട്ടണ്‍ കറി കിട്ടും. അങ്ങിനെ നോക്കുമ്പോള്‍ ഉണക്കമീന് ശേഷം ജയില്‍ ഭക്ഷണത്തില്‍ ഇടംപിടിച്ച പ്രമുഖനാണ് മട്ടണ്‍ കറി.

ജയിലില്‍ കൊണ്ടുപോയി ഗോതമ്പുണ്ട തീറ്റിക്കുമെന്നൊക്കെ ഭീഷണിയായിട്ട് പറഞ്ഞ് കേട്ടിട്ടില്ലേ. അത് ഒരു അതിശയോക്തിയായിരുന്നില്ല. 1950 കള്‍ മുതല്‍ 2014 വരെ ജയിലിലെ ബ്രേക്ക് ഫാസ്റ്റായിരുന്നു ഗോതമ്പുണ്ട്. തിരുകൊച്ചിയുടെ ജയില്‍ പരിഷ്കരണ കമ്മിറ്റി നിര്‍ദേശിച്ചത് ഗോതമ്പുണ്ട കൊടുക്കാനായിരുന്നില്ല. തടവുകാര്‍ക്ക് രാവിലെ 200 ഗ്രാം ഗോതമ്പ്–ഏതെങ്കിലും രൂപത്തില്‍ എന്നതായിരുന്നു തീരുമാനം. ഗോതമ്പുകൊണ്ട് ചപ്പാത്തിയുണ്ടാക്കാം ദോശയുണ്ടാക്കാം പൊറോട്ടയുമുണ്ടാക്കാം. പക്ഷെ ഇതിനുള്ള സൗകര്യമൊന്നും അക്കാലത്ത് ഇല്ലാതിരുന്നതിനാല്‍ ഗോതമ്പ് കുഴച്ച് ഉണ്ടയാക്കി കൊടുത്തു. ഈ ഉണ്ട വേവിച്ചെടുക്കുന്ന വെള്ളം കുടിക്കാനും കൊടുക്കും. അതായിരുന്നു രാവിലത്തെ ഭക്ഷണം. ഉപ്പുമാത്രം ചേര്‍ത്ത്, പ്രത്യേക രുചിയൊന്നുമില്ല ഗോതമ്പുണ്ട, നാലോ അഞ്ചോ എണ്ണം കഴിക്കുക സത്യം പറഞ്ഞാല്‍ ഒരു ശിക്ഷ തന്നെയായിരുന്നു.

ഭക്ഷണം എത്ര കൊടുക്കണം എന്നതിന് കണക്കുള്ളത് പോലെ ഭക്ഷണം പാചകം ചെയ്യാനുപയോഗിക്കുന്ന വെറകിനും എണ്ണയ്ക്കുമൊക്കെ കണക്കുണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് വലിയ ചെലവും ബുദ്ധിമുട്ടുമില്ലാതെ ഉണ്ടാക്കാവുന്ന ഗോതമ്പ് ഭക്ഷണമെന്ന നിലയില്‍ ഗോതമ്പുണ്ടയുണ്ടാക്കിയത്. എന്നാല്‍ അക്കാലത്തും ചില സെന്‍ട്രല്‍ ജയിലുകളില്‍ തടവുകാരുടെയെണ്ണം കൂടുന്നത് അനുസരിച്ച് ഭക്ഷണം ഉണ്ടാക്കാന്‍ അനുവദിക്കുന്ന സാധനങ്ങളുടെ അളവും കൂട്ടിയിരുന്നു. അങ്ങിനെയുള്ള ചില സെന്‍ട്രല്‍ ജയിലുകളില്‍ അക്കാലത്തും ഗോതമ്പുണ്ടയ്ക്ക് പകരം ചപ്പാത്തിയുണ്ടാക്കിയിരുന്നു.

അങ്ങിനെ ഗോതമ്പുണ്ടയും ഉണക്കമീനും ചോറും സാമ്പാറും ഒരു ദിവസം മട്ടണുമൊക്കെയായി ജയില്‍ ഭക്ഷണത്തില്‍ വലിയ ശോകമായിരുന്നു. 2014ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ജീവനക്കാര്‍ തന്നെ ശുപാര്‍ശ ചെയ്തു..സാധാരണ മനുഷ്യര്‍ക്ക് കൊടുക്കുന്ന തരത്തില്‍ അല്‍പം മെച്ചപ്പെട്ട ഭക്ഷണം കൊടുക്കണമെന്ന്. സര്‍ക്കാര്‍ ജയില്‍ ചട്ടം ഭേദഗതി ചെയ്തു. അങ്ങിനെയാണ് ഇപ്പോളുള്ള മെനു ഉണ്ടായത്. അതോടെ ഉണക്കമീന്‍ പുറത്തായി. പകരം പച്ചമീന്‍ കറി വന്നു. തിങ്കളും ബുധനും. ശനിയാഴ്ച മട്ടണ്‍ തുടര്‍ന്നു. സാമ്പാര്‍ മാത്രമെന്നത് മാറ്റി. നോണ്‍വെജ് ഇല്ലാത്ത നാല് ദിവസം അവിയല്‍ ഉറപ്പാക്കി. കൂടാതെ തീയലോ പുളിശേരിയോ തൈരോ എന്തെങ്കിലുമൊക്കെ കറികള്‍ കൂടി നല്‍കി. രാവിലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ചപ്പാത്തിയും കറിയും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഉപ്പുമാവും കറിയും ഞായറാഴ്ച ഇഡലിയോ ദോശയോ സാമ്പാറിനൊപ്പം എന്നാക്കി. വൈകിട്ട് എല്ലാ ദിവസവും ചോറാണ്. ഒന്ന് രണ്ട് കറികളുമുണ്ടാവും.

ഇത്രയൊക്കെ പരിഷ്കരിച്ചിട്ടും ചിക്കനും മുട്ടയ്ക്കും മാത്രം ജയിലില്‍ പ്രവേശനമില്ല. മട്ടണ്‍ പോയാല്‍ പകരം അവരാരിക്കും വരുക. തടവുകാര്‍ക്ക് ആഡംബര ഭക്ഷണം, കുറ്റം ചെയ്തെത്തുന്നവരെ തിന്നുകൊഴുക്കാന്‍ വിടുന്നൂവെന്നൊക്കെ ആക്ഷേപമുണ്ട്.  പക്ഷെ ജയിലെന്നാല്‍ ശിക്ഷാകേന്ദ്രം മാത്രമല്ല. തെറ്റ് ചെയ്ത മനുഷ്യനെ തിരുത്താനുള്ള ഇടമാണ്. അവരെ സാധാരണ സമൂഹത്തിന്‍റെ ഭാഗമാക്കാന്‍ ശ്രമിക്കുമ്പോള്‍ സാധാരണ മനുഷ്യര്‍ കഴിക്കുന്ന ഭക്ഷണം നല്‍കുന്നതില്‍ കുറ്റംപറയാനൊന്നുമില്ല. .

ENGLISH SUMMARY:

Kerala jail food history is a fascinating journey from dried fish and wheat balls to mutton and improved daily meals. The evolution of prison cuisine reflects societal changes and reform efforts aimed at providing a more humane experience for inmates.