ജയില്‍ തടവുകാര്‍ക്ക് ഇനി ആട്ടിറച്ചി കിട്ടിയേക്കില്ല. പകരം ചിക്കനോ മുട്ടയോ കഴിച്ച് സംതൃപ്തരാകേണ്ടിവരും. അതിനുള്ള ശുപാര്‍ശയാണ് ജയില്‍ മേധാവി എസ്. ശ്രീജിത്ത് ആഭ്യന്തരവകുപ്പിന് നല്‍കിയിരിക്കുന്നത്. ആട്ടിറച്ചി ഒഴിവാക്കാന്‍ രണ്ട് കാരണങ്ങളാണ് ശുപാര്‍ശയില്‍ സൂചിപ്പിക്കുന്നത്. മട്ടന്‍ കഴിക്കുന്നത് ജയില്‍ തടവുകാരില്‍ ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കാനുള്ള കാരണങ്ങളിലൊന്നാണ്. അത് സൂചിപ്പിക്കുന്ന പഠനങ്ങള്‍ ജയില്‍ തടവുകാര്‍ക്കിടയില്‍ നടത്തിയിട്ടുണ്ട്. അതുകൂടാതെ മട്ടന്‍ വാങ്ങാനായി വര്‍ഷം തോറും അഞ്ച് കോടി എഴുപത്തിരണ്ട് ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. മട്ടന്‍ ഒഴിവാക്കുന്നതോടെ ഇത് രണ്ടും കുറയ്ക്കാന്‍ കഴിയുമെന്നാണ് ശുപാര്‍ശ.
ആഴ്ചയില്‍ ഒരിക്കലാണ് മട്ടന്‍ ജയിലില്‍ നല്‍കുന്നത്. മിക്ക ജയിലുകളിലും ശനിയാഴ്ചയാണ് 100 ഗ്രാം മട്ടന്‍ കറി നല്‍കുന്നത്. ഇത് കൂടാതെ വിശേഷ അവസരങ്ങളിലെ ഭക്ഷണത്തിലും മട്ടന്‍ കറി ഉള്‍പ്പെടുത്താറുണ്ട്. ഈ പതിവിന് മാറ്റം എന്നതാണ് ശുപാര്‍ശ.
ബ്രിട്ടീഷ് കാലത്ത് തന്നെ തുടങ്ങിയതാണ് ജയില്‍ ഭക്ഷണമെനുവില്‍ മട്ടന്റെ സ്ഥാനം. പിന്നീട് പലതവണ ഭക്ഷണ മെനു പരിഷ്കരിച്ചപ്പോളും മട്ടന്റെ സ്ഥാനത്തിന് ഇളക്കം തട്ടിയിരുന്നില്ല. അത് ഒഴിവാക്കാനുള്ള ശുപാര്‍ശയാണ് ഇപ്പോളെത്തിയിരിക്കുന്നത്. മൂന്നാഴ്ച മുന്‍പ് നല്കിയ ശുപാര്ശയാണങ്കിലും ഇതുവരെ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.