കാസര്‍കോട് ഒരു ഗോശാലയുണ്ട്... ഇവിടെ പശുക്കൾ കേൾക്കുന്നത് കർണാടക സംഗീതമാണ്. പശുസംരക്ഷണത്തിനൊപ്പം സംഗീതവും ചേർന്ന കാസർകോട്ടെ ബേക്കൽ ഗോകുലം ഗോശാല ഇന്ന് ഒരു പ്രാദേശിക സാംസ്കാരിക കേന്ദ്രം കൂടിയാണ്. ഗോശാലയുടെ മതിൽ കടന്നെത്തിയാല്‍ എങ്ങുനിന്നോ കർണാടക സംഗീതം ഒഴുകിയെത്തുന്നത് കേള്‍ക്കാം. ആ സംഗീതം ആസ്വദിച്ച് ആറ് ഷെഡുകളിലായി 270 പശുക്കൾ നില്‍ക്കുന്നു... പശുസംരക്ഷണത്തിനൊപ്പം സംഗീതവും ആത്മീയതയും ഇഴചേർന്ന ഇടമായി മാറുകയാണ് കാസർകോട്ടെ ബേക്കൽ ഗോകുലം ഗോശാല.
ഡോ. നാഗരത്‌ന, വിഷ്ണുപ്രസാദ് ഹെബ്ബാര്‍ ദമ്പതിമാരുടെ സ്വപ്‌നസാക്ഷാത്കാരമാണ് ഗോകുലം ഗോശാല. 2010ൽ തുടങ്ങിയ ഗോശാലയിൽ ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഒൻപത് ഇനം നാടൻ പശുക്കളുണ്ട്. ഓരോ ഇനം പശുവിനെ എത്തിക്കുമ്പോഴും അതിന്‍റെ കാളയെയും ഒപ്പം കൊണ്ടുവരാൻ ശ്രദ്ധിച്ചു. ഗോവർധനം, നന്ദിനി, കാമധേനു, നന്ദിമണ്ഡപം തുടങ്ങിയ വിവിധ തൊഴുത്തുകളിലായി പശുക്കളെ പരിപാലിക്കുന്നു. ഓരോ പശുവിനും സ്വന്തമായി പേരുമുണ്ട്.
2021ലാണ് ഗോശാലയിൽ തത്സമയ സംഗീതക്കച്ചേരികൾക്ക് തുടക്കമായത്. തുടക്കത്തിൽ സ്പീക്കറുകളിലൂടെ സംഗീതം കേൾപ്പിച്ചിരുന്നെങ്കിലും പിന്നീട് വിഷ്ണു ഹെബ്ബാറിന്‍റെ ഭാര്യ ഡോ. നാഗരത്നയുടെ ആശയത്തിൽ നേരിട്ടുള്ള കച്ചേരികൾ ആരംഭിച്ചു. ഓരോ മാസവും നന്ദിമണ്ഡപത്തിൽ പ്രമുഖ സംഗീതജ്ഞരെത്തി പശുക്കൾക്ക് മുന്നിൽ കച്ചേരി നടത്തും.
ഇരുനൂറിലേറെ പശുക്കളുണ്ടെങ്കിലും ഇവിടെനിന്ന് നേരിട്ട് പാൽ വിൽക്കുന്നില്ല. പകരം പാലുത്പന്നങ്ങൾക്കും ചാണകം, ഗോമൂത്രം എന്നിവ ഉപയോഗിച്ചുള്ള വിവിധ ഉത്പന്നങ്ങൾക്കുമാണ് പ്രാധാന്യം.