AI Generated Image

AI Generated Image

  • ‘ഈ നശിച്ച പണി മടുത്തു തുടങ്ങി’, ചര്‍ച്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ഡോക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

രോഗികളുടേയും കുടുംബങ്ങളുടേയും നന്ദികേടാണ് ഡോക്ടര്‍മാരെ മറ്റെന്തിനേക്കാള്‍ കൂടുതല്‍ തളര്‍ത്തുന്നതെന്ന കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ആൻജിയോഗ്രാമിനിടെ സംഭവിച്ച സങ്കീർണതയെ തുടർന്ന് രോഗിയുടെ ബന്ധുക്കള്‍ സൂപ്രണ്ടിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടറുടെ വൈകാരിക ഫെയ്സ്ബുക്ക് പോസ്റ്റ്. കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ഗോപാലൻ നായരാണ് രോഗികളുടെയും ബന്ധുക്കളുടെയും നന്ദികേടിനെക്കുറിച്ചും ഡോക്ടര്‍മാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ചും സോഷ്യല്‍മീഡിയയില്‍ എഴുതിയത്.

Also Read: നാപ്കിനിൽ സ്വര്‍ണവുമായി ഭാര്യ; കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് ഭര്‍ത്താവ്; കുടുക്കിയത് ഭാര്യ


കഴിഞ്ഞ ദിവസം ആൻജിയോഗ്രാമിനു ശേഷം നാല് ബ്ലോക്കുകളുള്ള രോഗിയുടെ  കത്തീറ്റർ വലതു കൈയിലെ റേഡിയൽ ധമനിയിൽ നിന്ന് തിരികെ എടുക്കാൻ പറ്റാതായി. കാർഡിയോ സർജറി  അസിസ്റ്റൻറ് പ്രൊഫസർ രക്തധമനി തുറന്നു  കത്തീറ്റർ പുറത്തെടുത്തു. എന്നാൽ ആൻജിയോഗ്രാമിന് ശേഷം വന്ന സങ്കീർണത ഡോക്ടർമാരുടെ അനാസ്ഥയാണെന്ന് കാണിച്ച് രോഗിയുടെ ഭാര്യ സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. 900 രോഗികൾ ശസ്‌ത്രക്രിയയ്ക്കായി കാത്തു നിൽക്കുമ്പോൾ രോഗിയുടെ അടിയന്തരസാഹചര്യം കണക്കിലെടുത്ത് സർജറി വിഭാഗം മേധാവിയോട് താൻ അപേക്ഷിച്ചിട്ടാണ് ശസ്ത്രക്രിയ തിയതി നേരത്തെയാക്കി നൽകിയതെന്നും,  തനിക്കിപ്പോള്‍ സ്വയം പുച്ഛം തോന്നുന്നുവെന്നും ഡോക്ടർ പോസ്‌റ്റിൽ പറയുന്നു.

ആൻജിയോഗ്രാം ചെയ്യുമ്പോൾ മരണം വരെയുള്ള സങ്കീർണതകൾ സംഭവിക്കാം. സങ്കീർണതകൾ ആർക്ക് എപ്പോൾ വേണമെങ്കിലും വരാം. അത് ആരും അറിഞ്ഞുകൊണ്ട് വരുത്തിവെക്കുന്നത് അല്ല. സങ്കീർണതകൾ ഇല്ലാത്ത ശസ്ത്രക്രിയയും ചികിത്സയും മെഡിക്കൽ വിഭാഗത്തിൽ ഇല്ലെന്ന് എല്ലാവരും ഓർക്കണം. ഇന്ന് രണ്ടെണ്ണത്തിനെ തട്ടിയിട്ടേ വരൂവെന്ന്  പറഞ്ഞിട്ടല്ല ഡോക്ടർമാർ വീട്ടിൽ നിന്നും ഇറങ്ങുന്നത്. 

മടുത്തു തുടങ്ങി ഈ നശിച്ച തൊഴിലെന്നും ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ഡോ. രാജേഷ് പോസ്റ്റിൽ പറയുന്നു. പ്രൈവറ്റ് പ്രാക്ടീസ് ചെയ്യാതെ ആരുടെ കയ്യിൽ നിന്നും നയാ പൈസ വാങ്ങാതെ രാവിലെ എട്ടുമണിമുതൽ കഷ്ടപ്പെടുന്നതിന്റെ സംഭാവനയാണ് ഇത്തരം പരാതികളെന്നും ഡോ. രാജേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു. 

ഇതു നിർത്തിയിട്ട് വല്ല മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ എവിടെങ്കിലും പോയി കുറച്ച് കാശുണ്ടാക്കരുതോ എന്ന് മക്കള്‍ ചോദിക്കാറുണ്ടെന്നും അതാണ് നല്ലതെന്ന് തോന്നി തുടങ്ങിയിരിക്കുന്നുവെന്നും ഡോക്ടര്‍ പറയുന്നു. എന്റെ രണ്ട് പെൺമക്കളും ഈ തൊഴിൽ വേണ്ടെന്ന് വെച്ചു, ചെറിയ മകൾ MBBS കിട്ടിയിട്ട് വേണ്ടെന്ന് വെച്ചപ്പോൾ എനിക്ക് വിഷമം ആയിരുന്നു, ആ തീരുമാനം നന്നായെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നും ഡോക്ടര്‍ രാജേഷ് ഗോപാലന്‍ കുറിക്കുന്നു. 

ENGLISH SUMMARY:

Dr. Rajesh Gopalan Nair, Head of the Cardiology Department at Kozhikode Medical College, shared an emotional Facebook post addressing the severe mental stress and lack of gratitude faced by doctors. The post was prompted by a patient's family lodging a complaint with the hospital superintendent over a rare medical complication during an angiography procedure, despite the doctor personally intervening to expedite their surgery. He expressed deep frustration over the incident, noting that complications in medical procedures are unintended risks and not the result of negligence. Disheartened by the experience, Dr. Rajesh reflected on resigning from his position, contemplating working abroad, and expressing relief that his daughters chose not to pursue the medical profession.